ഐടിയുടെ കരുത്തിൽ നേട്ടത്തിലേറി സെൻസെക്സ്; ഇനി നിർണായകം യുഎസ് പണപ്പെരുപ്പക്കണക്ക്
Mail This Article
ഹിൻഡൻബർഗ് ആരോപണത്തിന്റെ പശ്ചാത്തലത്തിലും തിങ്കളാഴ്ച ഉലയാതെ നിൽക്കുകയും ഇന്നലെ ലാഭമെടുപ്പിൽ വീഴുകയും ചെയ്ത ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ നേട്ടത്തോടെ. സെൻസെക്സ് 149 പോയിന്റ് നേട്ടവുമായി 79,105ലും നിഫ്റ്റി 4 പോയിന്റ് മാത്രം ഉയർന്ന് 24,143ലുമാണുള്ളത്.
നിഫ്റ്റി ഐടി ഇന്ന് 1.6% കയറി. ഇന്ന് പുറത്തുവരുന്ന യുഎസ് റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കാകും വരും ദിവസങ്ങളിൽ ഓഹരി വിപണിയുടെ ദിശ നിശ്ചയിക്കുക. ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിങ്ങനെ വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയിൽ നിന്ന് നേടുന്ന ഐടി കമ്പനികളുടെ ഓഹരികളാണ് ഇന്ന് നേട്ടത്തിന് ചുക്കാൻ പിടിച്ചത്. അദാനി പോർട്സ്, പവർഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമന്റ് എന്നിവ നഷ്ടത്തിലേക്കു വീണു.
നാസ്ഡാക്കിന്റെ അതിമുന്നേറ്റം ഇന്ന് ഇന്ത്യൻ ഐടി സെക്ടറിന് നൽകിയ പിന്തുണയും ഓഹരി വിപണിയുടെ പോസിറ്റീവ് ക്ളോസിങ്ങിന് സഹായിച്ചു. മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇൻഡക്സിൽ വെയിറ്റേജ് വർധനയുണ്ടാകുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച മുന്നേറ്റം നേടിയ എച്ച്ഡിഎഫ്സി ബാങ്കിൽ രണ്ട് തവണയായിട്ടാകും വെയിറ്റേജ് വർധനയെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ ഓഹരികൾ സമ്മർദ്ദത്തിലായിരുന്നു. ഇന്ന് മറ്റ് പ്രധാന ബാങ്കുകളുടെ ഓഹരികളിലും ഇത് വിൽപന സമ്മർദം കൊണ്ട് വന്നതാണ് ഈയാഴ്ചയിൽ ഇന്ത്യൻ വിപണിയുടെ ഇറക്കത്തിന് നിർണായകമായത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് നാളെ ഓഹരി വിപണിക്ക് അവധിയാണ്.
ഭക്ഷ്യവിലക്കയറ്റവും വ്യാപാരക്കമ്മിയും
ഇന്ന് വന്ന ഇന്ത്യയുടെ ഹോൾസെയിൽ പ്രൈസ് ഇൻഡക്സ് (മൊത്തവില സൂചിക) പ്രകാരം ഇന്ത്യയുടെ മൊത്തവിലക്കയറ്റം ജൂലൈയിൽ 2.04% മാത്രമാണ് വാർഷികവളർച്ച കുറിച്ചത്. ജൂണിൽ 3.36% ആയിരുന്നു. ജൂണിൽ 10.87% ആയിരുന്ന ഇന്ത്യയുടെ ഭക്ഷ്യവിലക്കയറ്റം ജൂലൈയിൽ 3.45%ലേക്ക് കുറഞ്ഞതും നേട്ടമാണ്. ജൂലൈയിൽ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു, ഇറക്കുമതി കൂടി. ഇതോടെ വ്യാപാരക്കമ്മി 23.50 ബില്യണിലേക്കും ഉയർന്നു. ജൂണിൽ വ്യാപാരക്കമ്മി 20.98 ബില്യൺ ഡോളറായിരുന്നു.
ജാക്സൺ ഹോൾ സിമ്പോസിയം
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ജാക്സൺ ഹോൾ സിമ്പോസിയത്തിൽ വെച്ച് യുഎസ് ഫെഡ് ചെയർമാൻ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കൽ സംബന്ധിച്ച് സൂചന നൽകിയേക്കാമെന്നത് ലോകവിപണിക്ക് തന്നെ നിർണായകമാണ്. കഴിഞ്ഞ ഒരു വർഷമായി 5.25-5.50% എന്ന റെക്കോർഡ് നിരക്കിൽ നിൽക്കുന്ന പലിശനിരക്ക് സെപ്റ്റംബറിൽ തന്നെ കുറച്ചു തുടങ്ങുമെന്ന വിപണി അനുമാനം വീണ്ടും ശക്തമാണെന്നതും വരും ദിനങ്ങളിൽ ഓഹരി വിപണികൾക്ക് മുന്നേറ്റം നൽകിയേക്കാം.