ADVERTISEMENT

ലോകത്തെ നാലാമത്തെ വലിയ റീട്ടെയ്ൽ വിപണിയാണ് ഇന്ത്യയുടേത്. 2023ലെ കണക്കനുസരിച്ച് മൂല്യം ഏതാണ്ട് 820–840 ബില്യൻ ഡോളർ. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൂലക്കല്ലുമാത്രമല്ല, ദശലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗം കൂടിയാണ്. ഗ്രാമീണ, നഗരപ്രദേശങ്ങളിലെ ഏതാണ്ട് 10 കോടി വരുന്ന ചെറുകിട കച്ചവടക്കാരാണ് മേഖലയുടെ അടിസ്ഥാനം. ഇവ രാജ്യത്തിന്റെ നിർണായക തൊഴിൽദാതാക്കൾകൂടിയാണ്. ചെറുകിട റീട്ടെയ്ൽ ഷോപ്പുകൾ 4 കോടി ആളുകൾക്കു തൊഴിൽ നൽകുന്നുവെന്നാണു കണക്ക്. വലിയ തൊഴിൽദാതാക്കളായ ഈ വിഭാഗത്തെ വൻകിട ഇ–കൊമേഴ്സ് കമ്പനികളിൽ നിന്നു സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്.

അതിവേഗം വളരുന്ന ഇ–കൊമേഴ്സ് വമ്പൻമാരിൽ‌ നിന്നു രാജ്യത്തിന്റെ ചെറുകിട വ്യാപാരമേഖലയെ സംരക്ഷിച്ചു നിർത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടുതൽ സൗകര്യവും കുറഞ്ഞ വിലയുമാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കൾക്കു നൽകുന്നത്. ഇതു പരമ്പരാഗത കച്ചവടക്കാർക്കുണ്ടാക്കുന്ന ഭീഷണി ചെറുതല്ല. വികസിത രാജ്യങ്ങളിൽ ഇ–കൊമേഴ്സ് വമ്പന്മാരുടെ വരവോടെ ചെറുകിട റീട്ടെയ്ൽ മേഖല തകർന്നതുപോലെ, കൃത്യമായ നിയന്ത്രണമുണ്ടായില്ലെങ്കിൽ നമ്മുടെ രാജ്യത്തും  സംഭവിക്കാം. രാജ്യത്തെ ചെറുകിട വ്യാപാരികളുടെ നിലനിൽപും മേഖലയുടെ വളർച്ചയും സംരക്ഷിക്കാൻ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണയും സർക്കാരിന്റെ കൃത്യമായ ഇടപെടലും ഉൾപ്പെടെ കാര്യക്ഷമമായ നടപടികൾ കൂടിയേ തീരൂ.

സമ്പദ്‌ഘടനയുടെ നിർണായക ഘടകമായിട്ടും ഭൂരിപക്ഷം ചെറുകിടക്കാർക്കും രാജ്യത്തെ മുഖ്യധാരാ സാമ്പത്തിക സ്ഥാപനങ്ങളുടെ സേവനം ലഭിക്കുന്നില്ലെന്നതാണു യാഥാർഥ്യം. ബാങ്കുകൾ, രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടു (എൻബിഎഫ്സി) ചേർന്ന് ഈ മേഖലയ്ക്ക് സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. പ്രവർത്തന മൂലധനം ഉറപ്പാക്കാൻ വായ്പകൾ നൽകണം. മേഖലയുടെ ആധുനികവൽക്കരണത്തിനു സാമ്പത്തിക പിന്തുണ നൽകണം. സർക്കാരിന്റെ ക്രെഡിറ്റ്– ഗാരന്റി പദ്ധതികൾ മേഖലയിൽ കൂടുതൽ വായ്പകൾ നൽകാൻ പ്രോത്സാഹനം നൽകുന്നവയാണ്. 

കാര്യമായ സാമ്പത്തിക സ്രോതസ്സില്ലാതെ പ്രവർത്തിക്കുന്ന ഒട്ടേറെ റീട്ടെയ്ൽ സംരംഭങ്ങളുണ്ട്. എൻബിഎഫ്സികൾ, പ്രാദേശിക വിപണിയിലുള്ള അവരുടെ ആഴത്തിലുള്ള അറിവ് ഉപയോഗിച്ചും ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയും സാമ്പത്തിക സേവനങ്ങൾ ആവശ്യമുള്ളവരെ തിരിച്ചറിയുകയും അവ അവരിലേക്ക് എത്തിക്കുകയും ചെയ്യണം. ഒരു റീട്ടെയ്ൽ വ്യാപാരിയുടെ ക്രെഡിറ്റ് ശേഷി മനസ്സിലാക്കാൻ ‘ക്യുആർ കോഡ് അധിഷ്ഠിത വായ്പകൾ’ ഒരു ആധുനിക രീതിയാണ്. പേയ്മെന്റ് അഗ്രഗേറ്ററുമായി സഹകരിച്ച് വിവരങ്ങൾ ലഭ്യമാക്കാനാകും. പരമ്പരാഗത ക്രെഡിറ്റ് സ്കോറിനു പകരമായി ഡിജിറ്റൽ ഇടപാടുകൾ കൃത്യമായി പരിശോധിച്ച് വായ്പകൾ നൽകാനാകും. ഇത്തരം പുതിയ ആശയങ്ങളിലൂടെ ചെറുകിട മേഖലയിലെ ‘സാമ്പത്തിക ഉൾപ്പെടുത്തൽ’ പ്രോത്സാഹിപ്പിക്കണം. ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ബജറ്റിൽ ഇതു സംബന്ധിച്ച പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

ആധുനിക വിപണിയിൽ നിലനിൽപിനാവശ്യമായ ഡിജിറ്റൽ നൈപുണ്യം ചെറുകിടക്കാർക്കും ലഭ്യമാക്കണം. ഒഎൻഡിസി ( ഓപ്പൺ നെറ്റ്‌വർക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) പോലുള്ള സർക്കാർ സംരംഭങ്ങൾ ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ പേയ്മെന്റ്, ഓൺലൈൻ മാർക്കറ്റിങ് ടൂൾസ് തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങളും നൽകാൻ സഹായിക്കുന്നവയാണ്. ഇതു ചെറു കച്ചവടക്കാർക്ക് ഓൺലൈൻ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ഇവരുടെ മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താനും സാങ്കേതിക സഹായമൊരുക്കാനുമെല്ലാം ടെക് സ്റ്റാർട്ടപ്പുകൾക്കു കഴിയും.

e-commerce

വൻകിട ഇ–കൊമേഴ്സ് ഭീമൻമാരിൽ നിന്നു ചെറുകച്ചവടക്കാരെ സംരക്ഷിക്കാൻ വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്ന നയങ്ങൾ കൊണ്ടുവരികയും നടപ്പാക്കുകയും വേണം. വൻകിടക്കാർക്ക് കഴിയുന്നതുപോലുള്ള വിലക്കുറവുകൾ നൽകാൻ ചെറുകിടക്കാർക്ക് കഴിയില്ല, ഇത്തരം ‘വില നിർണയ’ രീതികൾ നിയന്ത്രിച്ചാലേ ചെറുകിടക്കാർ ഓൺലൈൻ മേഖലയിൽ മത്സരക്ഷമമാകൂ.

 പ്രാദേശിക ഉൽപന്നങ്ങളെയും ബ്രാൻഡുകളെയും പ്രോത്സാഹിപ്പിക്കുന്ന ക്യാംപെയ്നുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. ചെറുകിടക്കാരെ ഇല്ലായ്മ ചെയ്യുന്ന വൻ കോർപറേറ്റുകളുടെ വിപണന രീതികളെ നിയന്ത്രിക്കാനുള്ള നിയമ നിർമാണം വേണം. 

വൻകിടക്കാരുടെ കച്ചവടരീതികൾക്ക് സുതാര്യത ഉറപ്പാക്കണം.

രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ വളർച്ച മനസ്സിലാക്കുമ്പോൾ വരാൻപോകുന്ന അപകടം പീയൂഷ് ഗോയലിന്റെ വാക്കുകളിലുണ്ട്. 

വൻകിട ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ നൽകുന്ന സൗകര്യങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ഇത് ഭാവിയിൽ ഇന്ത്യയുടെ ചെറുകിട റീട്ടെയ്ൽ മേഖലയിലും സമ്പദ്‌വ്യവസ്ഥയിലുമുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ അതീവ ഗൗരവത്തോടെ പരിഗണിക്കണം. വരാൻ പോകുന്ന ദേശീയ ഇ–കൊമേഴ്സ് നയം ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളണം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര ഭാവിക്കായി ചെറുകിട വ്യാപാരമേഖലയുടെ സംരക്ഷണം മാത്രം ഉറപ്പാക്കിയാൽ പോരാ, മേഖലയെ  ശാക്തീകരിക്കുകയും വേണം.

English Summary:

Small business sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com