ബോണസ് ഓഹരി നൽകാൻ റിലയൻസ്; റീറ്റെയ്ൽ ബിസിനസ് ഇരട്ടിയാക്കും, ടോപ് 30 കമ്പനിയാകുക ലക്ഷ്യം
Mail This Article
ഓഹരി ഉടമകൾക്ക് സൗജന്യമായി ഓഹരി നൽകുന്ന ബോണസ് ഓഹരി പ്രഖ്യാപനത്തിന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ഒരുങ്ങുന്നു. ഒരു ഓഹരിക്ക് ഒന്നുവീതം (1:1 അനുപാതം) ബോണസ് ഓഹരിയാകും നൽകുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സെപ്റ്റംബർ 5ന് ചേരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡ് കൈക്കൊള്ളുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ കമ്പനി വ്യക്തമാക്കി.
റിലയൻസിന്റെ ശക്തമായ പ്രവർത്തനഫലവും ഊർജിതമായ വിപുലീകരണ നടപടികളും പുരോഗമിക്കേവേയാണ് ഓഹരി ഉടമകൾക്ക് ഈ 'സമ്മാനം' നൽകാൻ റിലയൻസ് ഒരുങ്ങുന്നത്. 20.58 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.
ഇതിനുമുമ്പ് 1983ൽ ബോണസ് ഓഹരി പ്രഖ്യാപിച്ചപ്പോൾ അനുപാതം 3:5 ആയിരുന്നു. അതായത്, ഓരോ മൂന്ന് ഓഹരിക്കും 5 വീതം ഓഹരി സൗജന്യം. 1997, 2009, 2017 വർഷങ്ങളിലും കമ്പനി ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. അപ്പോഴെല്ലാം 1:1 അനുപാതമായിരുന്നു. വാർഷിക പൊതുയോഗത്തിന്റെ പശ്ചാത്തലത്തിൽ 1.55% ഉയർന്ന് 3,042.90 രൂപയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള വില 3,074 രൂപവരെ ഉയർന്നിരുന്നു.
റീറ്റെയ്ൽ ബിസിനസ് ഇരട്ടിയാക്കും
അടുത്ത 3-4 വർഷത്തിനുള്ളിൽ റിലയൻസിന്റെ റീറ്റെയ്ൽ വിഭാഗത്തിന്റെ ബിസിനസ് ഇരട്ടിയാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും മുകേഷ് അംബാനിയുടെ മകളുമായ ഇഷ അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. പലചരക്ക് ഉൽപന്ന വിതരണരംഗത്തെ ഏറ്റവും വലുതും അതിേഗം വളരുന്നതുമായ സ്ഥാപനമാണ് റിലയൻസ് റീറ്റെയ്ൽ. 40 ലക്ഷത്തിലധികം കിരാന സ്റ്റോറുകൾ കമ്പനിയുടെ പങ്കാളികളാണ്.
കൺസ്യൂമർ ബ്രാൻഡ്സ്, ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ, കൺസ്യൂമർ ഇലക്ട്രോണിക്സ്, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയുടെ വിഭാഗങ്ങളിലും ശക്തമായ സാന്നിധ്യമാണ് റിലയൻസ്. സൗന്ദര്യവർധന രംഗത്ത് ടിറ, സെഫോറ തുടങ്ങിയ ബ്രാൻഡുകൾ റിലയൻസിനുണ്ട്.
ലക്ഷ്യം ടോപ് 30 ക്ലബ്
ടെക്നോളജിയുടെയും മാനുഫാക്ചറിങ്ങിന്റെയും കരുത്തിൽ ലോകത്തെ ഏറ്റവും മൂല്യമേറിയ 30 കമ്പനികളിലൊന്നാകുകയാണ് റിലയൻസിന്റെ ലക്ഷ്യമെന്ന് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. രണ്ട് ദശാബ്ദത്തിലധികമെടുത്താണ് കമ്പനി ആദ്യ 500 കമ്പനികളിൽ ഇടംപിടിച്ചത്. എന്നാൽ, തുടർന്നുള്ള രണ്ട് ദശാബ്ദംകൊണ്ട് കമ്പനി ആദ്യ 50ൽ എത്തി. വൈകാതെ കമ്പനി ടോപ് 30ൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.