റിലയൻസ് ആഡംബര ആഭരണ വിപണിയിലേക്കും; ഡിസ്നിയുടെ ലയനം 'പുതുയുഗ പിറവി'
Mail This Article
എണ്ണ മുതൽ ടെലികോം വരെ കൈവച്ച മുഴുവൻ മേഖലകളിലും എതിരാളികളെ കടത്തിവെട്ടിയ പ്രകടനം കാഴ്ചവച്ച റിലയൻസ് ഇൻഡസ്ട്രീസ് ആഡംബര ആഭരണ വിപണിയിലേക്കും ചുവടുവയ്ക്കുന്നു. റിലയൻസിന്റെ ഇന്ന് നടന്ന 47-ാം വാർഷിക പൊതുയോഗത്തിൽ ഡയറക്ടർ ഇഷ അംബാനി ഇത് സംബന്ധിച്ച പദ്ധതികൾ അവതരിപ്പിച്ചു. സർഗാത്മകവും മികച്ച രൂപകൽപനയുള്ളതുമായ ഫാഷൻ ജ്വല്ലറികളാണ് അവതരിപ്പിക്കുകയെന്ന് ഇഷ പറഞ്ഞു. വിശേഷ അവസരങ്ങൾ, പ്രദേശിക അഭിരുചികൾ എന്നിവയും കോർത്തിണക്കിയ പ്രാദേശിക, ദേശീയ കളക്ഷനുകളാണുണ്ടാവുക.
റിലയൻസിന്റെ സ്വന്തം ഫാഷൻ ബ്രാൻഡുകളായ നെറ്റ്പ്ലേ, അവാസ, ഡിഎൻഎംഎസ് എന്നിവ 2,000 കോടി രൂപയുടെ വാർഷിക വിറ്റുവരവ് കഴിഞ്ഞവർഷം നേടി. ജോൺ പ്ലെയേഴ്സ്, ടീം സ്പിരിറ്റ് എന്നിവ 1,000 കോടി രൂപയും മറികടന്നു. ഓൺലൈൻ ഫാഷൻ ഉൽപന്ന വിപണനരംഗത്ത് അജിയോ മികച്ച വളർച്ചയാണ് നേടുന്നത്. ഉപയോക്താക്കളിൽ 85 ശതമാനവും നിലവിലുള്ളവർ. അടുത്ത 3-4 വർഷംകൊണ്ട് റിലയൻസ് റീറ്റെയ്‍ലിന്റെ വരുമാനം ഇരട്ടിയാക്കുമെന്നും ഇഷ അംബാനി പറഞ്ഞു.
17.8% വർധിച്ച് 3.06 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനം. 1,840 പുതിയ സ്റ്റോറുകളും കഴിഞ്ഞവർഷം തുറന്നു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 28.4% മെച്ചപ്പെട്ട് 23,082 കോടി രൂപയിലുമെത്തി. റിലയൻസ് റീറ്റെയ്ൽ സ്റ്റോറുകളിൽ 100 കോടിയിലധികം ഉപയോക്താക്കളാണ് കഴിഞ്ഞവർഷമെത്തിയത്. 125 കോടിയോളം പണമിടമാടുകളും നടന്നു. മൊത്തം രജിസ്റ്റേഡ് ഉപയോക്താക്കൾ 30 കോടിയാണെന്നും ഇത് യുഎസിലെ ജനസംഖ്യക്ക് തുല്യമാണെന്നും ഇഷ പറഞ്ഞു.
ഡിസ്നിക്ക് സ്വാഗതം, ഇത് പുതിയ യുഗം
റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ വിഭാഗവും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമ വിഭാഗവും തമ്മിലെ ലയനത്തിന് ഇന്നലെ കോംപറ്റീഷൻ കമ്മിഷൻ അനുമതി നൽകിയിരുന്നു. ഡിസ്നിയെ റിലയൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇത് പുതുയുഗ പിറവിയാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. റിലയൻസും ഡിസ്നിയും ലയിച്ചുണ്ടാകുന്ന സംയുക്ത സംരംഭത്തിന് ഏകദേശം 70,350 കോടി രൂപയാണ് മൂല്യം വിലയിരുത്തുന്നത്. റിലയൻസിന്റെ കീഴിലെ വയാകോം18, ഡിജിറ്റൽ 18 മീഡിയ എന്നിവയും ഡിസ്നിയുടെ സ്റ്റാർ ഇന്ത്യ, സ്റ്റാർ ടെലിവിഷൻ എന്നിവയുമാണ് ലയിക്കുന്നത്. ഇതോടെ, ഇന്ത്യയിലെ വമ്പൻ മാധ്യമസ്ഥാപനമായി അത് മാറും. റിലയൻസിന്റെ ജിയോ സിനിമ, ഹോട്ട് സ്റ്റാർ എന്നിവ തമ്മിലും ലയിക്കും.
ജിയോ സിനിമയും ഹോട്ട്സ്റ്റാറും ലയിക്കുന്നത്, ഈ രംഗത്തെ കുത്തകയായി മാറിയേക്കാമെന്ന ആശങ്ക കോംപറ്റീഷൻ കമ്മിഷനുണ്ടായിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം നേടുന്നതിലും പരസ്യങ്ങളുടെ നിരക്ക് നിർണയിലും സംയുക്ത സംരംഭം വലിയ സ്വാധീനശക്തിയാകുമെന്ന ആശങ്കയും ഉന്നയിച്ചിരുന്നു. ഇത് മറികടക്കാനുള്ള ഭേദഗതികളോടെയാണ് ലയനത്തിന് അംഗീകാരം നൽകിയത്.