ADVERTISEMENT

ആഭരണ പ്രിയർക്ക് നേരിയ ആശ്വാസം സമ്മാനിച്ച് തുടർച്ചയായ മൂന്നാംനാളിലും മാറ്റമില്ലാതെ സ്വർണ വില. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് ഇന്നും വ്യാപാരം. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 5,530 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, വെള്ളി വില ഗ്രാമിന് ഒരു രൂപ താഴ്ന്ന് 89 രൂപയിലെത്തി.

ഇന്ന് 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് 57,764 രൂപ കൊടുത്താൽ കേരളത്തിൽ ഒരു പവൻ ആഭരണം സ്വന്തമാക്കാം. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,220 രൂപ. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ‌ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.

എന്തുകൊണ്ട് വില മാറുന്നില്ല?
 

രാജ്യാന്തര വില 2,495-2,500 ഡോളർ നിലവാരത്തിൽ കുതിപ്പോ കിതപ്പോ ഇല്ലാതെ തുടരുന്നതാണ് കേരളത്തിലെ വിലയെയും മാറ്റമില്ലാതെ നിലനിർത്തുന്നത്. ഇന്നലെ ഒരുവേള ഔൺസിന് 2,487 ഡോളർ വരെ താഴ്ന്ന വില 2,496 ഡോളർ വരെ കയറിയെങ്കിലും നിവവിൽ വ്യാപാരം നടക്കുന്നത് 2,494 ഡോളറിൽ.

വെള്ളിയാഴ്ച പുറത്തുവരുന്ന അമേരിക്കയുടെ തൊഴി‍ൽക്കണക്കാക്കും ഇനി സ്വർണ വിലയുടെ സമീപകാല ട്രെൻഡ് നിശ്ചയിക്കുക. തൊഴിൽക്കണക്ക് ആശ്വാസതലത്തിലാണെങ്കിൽ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്കിൽ വൻ മാറ്റം വരുത്താൻ സാധ്യതയില്ല. അഥവാ, തൊഴിൽക്കണക്ക് നിരാശപ്പെടുത്തിയാൽ പലിശനിരക്കിൽ ഭേദപ്പെട്ട ഇളവിന് സാധ്യതയുയരും.

പലിശ കുറഞ്ഞാൽ ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ബോണ്ട് യീൽഡ്) താഴും. ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാൻ വഴിവയ്ക്കും. ഫലത്തിൽ വില ഉയരും. യുക്രെയ്നുമേൽ റഷ്യ പോരാട്ടം കടുപ്പിക്കുന്നതും മധ്യേഷ്യയിലെ സംഘർഷങ്ങളും സ്വർണ വില വർധനയ്ക്ക് ആക്കംകൂട്ടിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com