ഫാഷനും ഫാസ്റ്റ്ഫുഡും; കേരളത്തിൽ വൻകിട ബ്രാൻഡുകളുടെ നിക്ഷേപം 400 കോടി
Mail This Article
കൊച്ചി∙ ഫാഷൻ, ഭക്ഷണ, പാനീയ റീട്ടെയ്ൽ രംഗത്ത് കേരളമാകെ ദേശീയ, രാജ്യാന്തര ബ്രാൻഡുകളുടെ നിക്ഷേപം കുമിയുന്നു.
വലിയനഗരങ്ങളിൽ മാത്രമല്ല ചെറിയ പട്ടണങ്ങളിലും പ്രശസ്ത ബ്രാൻഡുകൾക്ക് കെട്ടിടം വാടകയ്ക്ക് വേണ്ടതിനാൽ റിയൽ എസ്റ്റേറ്റിനും ഉണർവ്. പ്രധാനമായും ഫുഡ് ആൻഡ് ബവ്റിജസ്, ഫാഷൻ വസ്ത്ര മേഖലകളിലാണ് വൻ ബ്രാൻഡുകളുടെ വരവ്. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം 400 കോടി രൂപയിലേറെ നിക്ഷേപമാണ് ഒഴുകിയെത്തിയത്.
ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വാടകയ്ക്ക് എടുക്കുന്നതിനാൽ കെട്ടിട ഉടമകൾക്കും നേട്ടമായി.
∙തീനും കുടിയും
മറ്റു സംസ്ഥാനങ്ങളിൽ വൻ നഗരങ്ങളിൽ മാത്രം രാജ്യാന്തര ബ്രാൻഡുകൾ കേന്ദ്രീകരിക്കുമ്പോൾ കേരളത്തിൽ ചെറുപട്ടണങ്ങളിലും വിദേശ ബ്രാൻഡുകളുണ്ട്. കെഎഫ്സി, സ്റ്റാർ ബക്സ്, കോസ്റ്റ കോഫി, പീത്‌സ ഹട്ട്, ഡോമിനോസ്, ബർഗർ കിങ് തുടങ്ങിയ രാജ്യാന്തര ക്യുഎസ്ആർ (ക്വിക് സർവീസ് റെസ്റ്ററന്റ്) ബ്രാൻഡുകൾക്കെല്ലാം മികച്ച വിൽപനയുമുണ്ട്.
ഫ്രൈഡ് ചിക്കനിൽ പ്രശസ്തമായ അമേരിക്കൻ ബ്രാൻഡിന് നാൽപതിലേറെ സ്റ്റോറുകളുണ്ട്. ഒരു സ്റ്റോറിൽ നിന്നു മാസം 45 ലക്ഷമാണ് ശരാശരി വരുമാനം. അമേരിക്കൻ കോഫിഷോപ് സ്ഥാപിക്കാൻ തന്നെ ചെലവ് 3 കോടി രൂപയോളം. ഓരോ നഗരത്തിന്റെയും പാരമ്പര്യം അനുസരിച്ച് ഡിസൈനിലും മാറ്റം വരുത്തുന്നു. ഒരു കാപ്പിക്ക് 250 രൂപ വരുമെങ്കിലും തിരക്കിനു കുറവില്ല. വർക്ക് ഫ്രം കോഫിഷോപ് രീതി അവർ പ്രോൽസാഹിപ്പിക്കുന്നതിനാൽ അവിടെ കാപ്പി കുടിച്ച് ജോലി ചെയ്യാം.
മാളുകൾ കൂടാതെ വൻ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിലും പിന്നെ പട്ടണങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെല്ലാം ഇവ വരുന്നു. വിവിധ ബ്രാൻഡുകളിലായി 100 കോടിയുടെ നിക്ഷേപം കഴിഞ്ഞ ഒരു വർഷത്തിനിടെ.
∙ഫാഷൻ വസ്ത്രങ്ങൾ
പാശ്ചാത്യ ഫാഷൻ വസ്ത്ര ബ്രാൻഡുകൾ കേരളമാകെ ഷോറൂമുകൾ തുറക്കുകയാണ്. ടാറ്റയും റിലയൻസുമാണ് മുന്നിൽ. സുഡിയോ, വെസ്റ്റ്സൈഡ് എന്നീ ടാറ്റാ ബ്രാൻഡുകൾ ഡസൻകണക്കിനായി. റിലയൻസ് ട്രെൻഡ്സിന് നൂറിലേറെ.
വൻകിട ഫാഷൻ ചെയിൻ സ്റ്റോറുകൾക്ക് 10,000 ചതുരശ്ര അടിയിലേറെ സ്ഥലം വേണം. അതിലെ ഫിറ്റ് ഔട്ട് ചെലവും സ്റ്റോക്കും ചേർത്താൽ 8–10 കോടിയാണ് ഓരോ സ്റ്റോറിനും മുതൽമുടക്ക്. ഇത്തരം 30 സ്റ്റോറുകളെങ്കിലും വിവിധ ബ്രാൻഡുകളിൽ എത്തിയപ്പോൾ 300 കോടി നിക്ഷേപം.
ഇവ സ്ഥാപിക്കാൻ സ്ഥലം കണ്ടുപിടിക്കാനും കരാറുണ്ടാക്കാനും മറ്റും കൺസൽറ്റന്റുമാരും ഒട്ടേറെ. കടയിലെ നിർമാണ പ്രവർത്തനങ്ങളുടെ കരാറുകാർക്കും മറ്റനേകം വിഭാഗങ്ങൾക്കും ഇവയുടെ വളർച്ച വരുമാനമാണ്.