വണ്ടർല കൊച്ചിയ്ക്ക് 25ന്റെ ചെറുപ്പം! ആറു വർഷത്തിനുള്ളിൽ 10 പാർക്കുകള്, വരുന്നത് വെർച്വൽ റിയാലിറ്റി റൈഡുകൾ
Mail This Article
മലയാളിയെ ത്രില്ലടിപ്പിച്ച് വണ്ടർല കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയിട്ട് 25 വർഷം ആകുന്നു. തുടക്കത്തിൽ ഇത്തരമൊരു അമ്യൂസ്മെന്റ് പാർക്ക് ഇവിടെ വിജയിക്കുമോ എന്ന ആശങ്ക ആയിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ആളുകൾ വണ്ടർലയെ (അന്ന് വീഗാലാൻഡ്) രണ്ട് കൈയും നീട്ടി സ്വീകരിച്ചു. 2000 മുതൽ 4 കോടിയിലേറെപ്പേർ ഇവിടെ ആഹ്ളാദിക്കാനെത്തിയിട്ടുണ്ട്. ഇപ്പോൾ കൊച്ചിക്ക് പുറമേ ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിൽ വണ്ടർല പാർക്കുകളുണ്ട്. ആറു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 6 പാർക്കുകൾ കൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. അതായത് 2030 ആകുമ്പോഴേയ്ക്ക് 10 പാർക്ക് എന്നതാണ് ലക്ഷ്യം. കാൽ നൂറ്റാണ്ടിന്റെ ചെറുപ്പം നിലനിർത്തുന്ന വണ്ടർല കൊച്ചിയിലെ പുതുമകൾ, ഇന്ത്യയൊട്ടാകെയുള്ള വിപുലീകരണ പ്രവർത്തനങ്ങൾ, വിനോദരംഗത്തെ മാറ്റങ്ങൾ, കേരളം ബിസിനസ് സൗഹൃദമാകുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി 'മനോരമ ഓൺലൈനോ'ട് സംസാരിച്ചു. പ്രസക്തഭാഗങ്ങൾ:
∙സന്ദർശകരെ മുഷിപ്പിക്കാതെ വണ്ടർല എപ്പോഴും പുതുമ നിലനിർത്തുന്നതെങ്ങനെ?
വണ്ടർല ഒരു മാളിലോ സിനിമയ്ക്കോ പോകുന്നപോലെ എല്ലാ മാസവും ആളുകൾ പോകുന്ന ഒരു സ്ഥലമല്ല. ഇവിടെ ഫാമിലിയോ ഫ്രണ്ട്സോ വരുന്നത് അവരുടെ ആഘോഷങ്ങൾക്ക് വേണ്ടിയാണ്. കൊച്ചി വണ്ടർല 25 വയസായെങ്കിലും ഇവിടെ പുതുമകൊണ്ടുവരാനാണ് എപ്പോഴും ശ്രമിക്കുന്നത്. ത്രിൽ റൈഡുകളും കുറെ വാട്ടർ റൈഡുകളും തുടങ്ങി. ഇതൊരു തുടർച്ചയായ പരിപാടിയാണ്. തുടക്കം മുതലേ ഓരോ വർഷവും എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. അതുകൊണ്ട് കുറെനാൾ മുൻപ് വന്നയാൾക്ക് വണ്ടർലയിൽ വീണ്ടും വരുമ്പോൾ ഒത്തിരി മാറ്റമുള്ളതായി തോന്നും. ഇപ്പോൾ 50% റൈഡുകളും പുതിയതായിക്കഴിഞ്ഞു. ഇപ്പോൾ കൂടുതലായി ഫോക്കസ് ചെയ്യുന്നത് ഫുഡ് ആൻഡ് ബെവ്റെജിലും റീടെയ്ലിലും ആണ്. പണ്ടത്തേ അപേക്ഷിച്ച് റസ്റ്ററന്റുകൾ വൈവിധ്യമാർന്ന വിഭവങ്ങളൊരുക്കുന്നു. കൂടുതൽ പ്രീമിയം റസ്റ്ററൻറുകളും വരും. കഴിഞ്ഞ മാസം വിന്റേജ് എന്ന എസി റസ്റ്ററന്റ് ആരംഭിച്ചു. താമസിയാതെ ഒരു റിസോർട്ടുകൂടി ഇവിടെ പണിയാൻ പ്ലാനുണ്ട്. 12–13 ലക്ഷം സന്ദർശകർ വരുന്ന സ്ഥലമാണ് കൊച്ചി പാർക്ക്. അപ്പോൾ അവിടെ ഒരു താമസസൗകര്യം കൂടി ആവശ്യമാണ്, രണ്ടു വർഷത്തിനുള്ളിൽ അതാരംഭിക്കും.
∙ഡിജിറ്റൽ ആഘോഷങ്ങളുടെ ഈ കാലത്ത് എങ്ങനെ സന്ദർശകരെ ആകർഷിക്കും?
എന്റർടൈയ്‌ൻമെന്റിന്റെ രൂപം തന്നെ മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്. പ്രത്യേകിച്ച് ചെറുപ്പക്കാർ സോഷ്യൽ മീഡിയയിലാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. അതുകൊണ്ട് വണ്ടർലയും സോഷ്യൽ മീഡിയയിൽ കുറെക്കൂടി ആക്ടീവായിട്ടുണ്ട്. ഇപ്പോൾത്തന്നെ ബെംഗളൂരും ഹൈദരാബാദും ഒക്കെയങ്ങനെ ആയി. ഇവിടെയും വി ആർ അഡ്‌വഞ്ചേഴ്സ്, ചിക്കു റൈഡുകൾ എന്നിവ ലോഞ്ചു ചെയ്യാൻ പോകുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഡിജിറ്റൽ, ആനിമേഷൻ തുടങ്ങിയവ താൽപര്യമുള്ള കാര്യമാണ്. ഒരു 3ഡി ആനിമേഷൻ ഫിലിമൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്. അടുത്തിടെ ഇവിടെ തുടങ്ങിയ എയർ റേസ് വിമാനയാത്രയ്ക്ക് സമാനമായ അനുഭവം നൽകുന്നു.
∙വണ്ടർലയുടെ റൈഡുകൾ സ്വന്തമായി തയാറാക്കുന്നതാണല്ലോ?
അന്നു വീഗാലാൻഡ് തുടങ്ങിയത് വളരെ കുറച്ച് ബജറ്റിലാണ്. മൊത്തം ചെലവ് 25 കോടിയായിരുന്നു. ഇതേപോലെ ഒരു പാർക്ക് ഇപ്പോൾ പണിയണമെങ്കിൽ 500 കോടി വേണം. അന്ന് പുറത്തുനിന്ന് റൈഡ്സ് ഒന്നും വയ്ക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് കുറച്ച് റൈഡ്സ് ഇവിടെ തയാറാക്കി തുടങ്ങിയതാണ്. ഇപ്പോൾ ഏകദേശം 60 റൈഡ്സ് ഇവിടെ ഉണ്ടാക്കി. ഇന്ത്യയിലുള്ള ഒരുമാതിരി മാനുഫാക്ചറിങ് കമ്പനിയെക്കാളും കൂടുതൽ റൈഡ്സ് നമ്മൾ ഉണ്ടാക്കിക്കഴിഞ്ഞു. 25 കൊല്ലമായി ഉപയോഗിക്കുന്നുമുണ്ട്. അതൊരു വലിയ നേട്ടമാണ്.
അതിന്റെ മെയിന്റനൻസും സർട്ടിഫിക്കേഷനുമൊക്കെ കൃത്യമായി പാലിക്കുന്നു. കൊച്ചിയിലും ബെംഗളൂരുവിലും വലിയൊരു എൻജിനീയറിങ് ടീം ഉണ്ട്. അവര്‍ക്കാണ് ചുമതല. പുറത്തുനിന്നുള്ള ആൾക്കാരെ വിളിച്ചാൽ ഇതിന് താമസം വരും റൈഡ്സ് ഡൗണായാൽ ആൾക്കാർക്ക് എൻജോയ് ചെയ്യാൻ പറ്റില്ല. ഇത്തരം ഘട്ടത്തിൽ സ്വന്തം മെയ്ന്റനൻസ് ടീം ബലമാണ്.എൻജിനീയറിങ് ബാക്ഗ്രൗണ്ട് ഉള്ള കമ്പനിയാണെന്നതും കരുത്തായി. ഇന്ത്യയിൽ നമ്മൾ മാത്രമേ ഇങ്ങനെ ചെയ്യുന്നുള്ളൂ.
∙ഇന്ത്യയൊട്ടാകെ വണ്ടർല തുടങ്ങാനുള്ള തയാറെടുപ്പുകൾ
ഭുവനേശ്വരിൽ അടുത്തിടെ 180 കോടി മുതൽ മുടക്കി പാർക്ക് തുടങ്ങി. അടുത്ത പാർക്ക് വരാൻ പോകുന്നത് ചെന്നൈയിലാണ്. 515കോടി രൂപ ചെലവഴിക്കുന്ന വലിയ പ്രോജക്ടാണത്. ഡിസ്നിയിലൊക്കെ കാണുന്നപോലെയുള്ള വലിയ റൈഡുകളുമൊക്കെയായി പ്രത്യേക രീതിയിലാണത്. കാരണം തമിഴ്നാട്ടിൽ നിന്ന് വണ്ടർലയ്ക്ക് ഏറെ സന്ദർശകരുണ്ട്. ബാംഗ്ലൂരിലും കൊച്ചിയിലും വരുന്നവരിൽ വലിയൊരു പങ്ക് തമിഴ്നാട്ടിൽനിന്നാണ്. ചെന്നൈ കഴിഞ്ഞാൽ അടുത്തത് ദക്ഷിണേന്ത്യയിൽ നിന്നു മാറി ഇൻഡോറിലും ഡൽഹിയിലുമായിരിക്കും. അവിടെയൊന്നും നമ്മുടെ സാന്നിധ്യം ഒട്ടുമില്ല. ഡൽഹി എൻസിആർ വളരെ വലുതാണെങ്കിലും അവിടെ അമ്യൂസ്മെന്റ് പാർക്കുകളില്ല. പഞ്ചാബിലെ മൊഹാലിയാണ് അടുത്തത്. പിന്നെ, ഗുജറാത്തിലെ അഹമ്മദബാദ്, ഗോവ, പുണൈ, മുംബൈ അങ്ങനെയുള്ള വലിയ സിറ്റികളിലേക്ക് പതുക്കെ പോകാൻ പ്ലാനുണ്ട്. പ്രധാനമായിട്ടും നോക്കുന്നത് ഇൻഡോർ, മൊഹാലി, ഡൽഹിയാണ്. ബാക്കിയുള്ളതെല്ലാം പ്രാഥമിക സംസാരങ്ങൾ നടക്കുന്നതേയുള്ളു.
സ്ഥലത്തിന്റെ വില, ആൾക്കാർ ഇതൊക്കെ വളരെ ചെലവുള്ളതാണ്. പാർക്ക് പണിയാൻ കുറെ സ്ഥലം വേണം. അതുകൊണ്ട് ഗവൺമെന്റിന്റെ സഹായം കൂടിയാവശ്യമുണ്ട്. ഞങ്ങൾ ഭുവനേശ്വരിൽ തുടങ്ങിയത് സർക്കാര്‍ സഹായത്തോടു കൂടിയാണ്. അവരാണ് സ്ഥലമൊക്കെ തന്നത്. ചില സർക്കാരുകൾ അവിടെ പാർക്കുകൾ വരണം എന്ന് ചിന്തിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. കൊച്ചി വണ്ടർല തുടങ്ങിയ സമയത്ത് ഇൻസെറ്റീവ് പോയിട്ട് ടാക്സ് ഇളവ് പോലും കിട്ടില്ലായിരുന്നു. ഇപ്പോൾ മിക്ക സർക്കാരുകളും ജനങ്ങൾക്ക് തൊഴിൽ വേണമെന്ന് താൽപര്യമെടുക്കുന്നു. പിന്നെ ടൂറിസം മറ്റു തൊഴിലുകളെ അപേക്ഷിച്ച് പരിസ്ഥിതിയ്ക്ക് ഹാനികരമല്ലാത്ത ഇൻഡസ്ട്രിയാണ്. അമ്യൂസ്മെന്റ് പാർക്ക് ഈ ഗണത്തിലാണ്. ഈ ബിസിനസിന്റെ പ്രത്യേകത ആൾക്കാരുടെ സംതൃപ്തി അപ്പോൾ തന്നെ അറിയാൻ പറ്റുന്നു എന്നതാണ്. ഇതൊരു ട്രിക്കി ബിസിനസാണ്. പക്ഷേ ഈസി ബിസിനസല്ല. ആൾക്കാരുടെ സേഫ്റ്റി, ഹൈജീൻ എല്ലാം മാനേജ് ചെയ്യണം.
∙കേരളം ഇപ്പോൾ വ്യവസായ സൗഹൃദമായിട്ടുണ്ടോ?
നാട് പുരോഗമിക്കണമെങ്കിൽ ഇൻഡസ്ട്രി വളരണം. കേരള സർക്കാർ വ്യവസായ സൗഹൃദ വഴിയിൽ വളരെ മുന്നോട്ട് പോയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് ഐടി, ബിടി പോലുള്ള പല പദ്ധതികളുമുണ്ട് . പല കമ്പനികൾക്കും കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ താൽപര്യം ഉണ്ട്. ഇതൊരു നല്ല ചെയ്ഞ്ചാണ്. ഇനിയും മാറ്റം വരണം. ഇത്തരം ടെക്നോളജികൾ നമ്മൾ തന്നെ ക്രിയേറ്റ് ചെയ്യണം. ആപ്പിളും ഗുഗിളും പോലുള്ള കമ്പനികൾ ഇവിടെ വരണം . എന്നാലേ നമുക്കൊരു സൂപ്പർ പവറാകാൻ പറ്റുകയുള്ളൂ. ഇത്രയും വലിയ ജനസംഖ്യയുള്ള രാജ്യത്ത് തൊഴിൽ ഉണ്ടാക്കുക എന്നുള്ളതാണ് ഒന്നാമതായി ചെയ്യേണ്ടത്.
∙ബിസിനസിലേയ്ക്ക് വരുന്നവരോട് എന്താണ് പറയാനുള്ളത്?
പണ്ട് ബിസിനസിനുള്ള ഫണ്ട്, അവസരങ്ങൾ എന്നിവ ബുദ്ധിമുട്ടായിരുന്നു, സർക്കാർ പിന്തുണ കുറവായിരുന്നു, ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ എല്ലായിടത്തും ഇതിനൊന്നും ഒരു ബുദ്ധിമുട്ടുമില്ല. പൈസ കിട്ടും, പക്ഷേ മൽസരം കുടൂതലാണ്. അതുകൊണ്ട് ആരും ചെയ്യാത്ത പുതിയ ബിസിനസ് ഉണ്ടാക്കാൻ ബുദ്ധിമുട്ട് കൂടുതലാണ്. അതിന് ഏറ്റവും പുതിയ കാര്യങ്ങൾ അറിയണം. അതിനെപ്പറ്റി ആഴത്തിൽ പഠിക്കണം, എന്നിട്ടേ ബിസിനസ് തുടങ്ങാൻ പാടുള്ളൂ. നിങ്ങളുടെ ഉൽപ്പന്നത്തിന് മാറ്റാർക്കുമില്ലാത്ത പ്രത്യേകതകൾ ഉണ്ടാവണം. അത്തരമൊരു സവിശേഷതയില്ലാത്ത ഉൽപ്പന്നത്തിന് ദീർഘകാലം നിലനിൽക്കാനാകില്ല.
ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ ഇനിയും അവസരമുണ്ട്. ബാക്കിയുള്ള രാജ്യങ്ങളിൽ ബിസിനസ് മുന്നേറ്റമില്ലാത്ത അവസ്ഥയിലാണ്. ഇന്ത്യയിൽ ഇപ്പോഴും ഇക്കണോമി വളർന്നുകൊണ്ടിരിക്കുന്നു. ആളുകൾ ഉപഭോഗത്തിലേയ്ക്ക് വരുന്ന സമയമാണ്.