റഷ്യൻ എണ്ണയോട് മുഖംതിരിച്ച് ഇന്ത്യ; ഓഗസ്റ്റിൽ വൻ ഇടിവ്, വാങ്ങിക്കൂട്ടി ചൈന, മലേഷ്യയോടും ഇഷ്ടം
Mail This Article
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങലിൽ വൻ കുറവുവരുത്തി ഇന്ത്യ. ജൂലൈയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 44% റഷ്യയിൽ നിന്നായിരുന്നെങ്കിൽ ഓഗസ്റ്റിൽ അത് 36 ശതമാനത്തിലേക്ക് ഇടിഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ഇറാഖിൽ നിന്നുള്ള ഇറക്കുമതി വർധിക്കുകയും ചെയ്തു.
18.3% കുറവോടെ പ്രതിദിനം 17 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് കഴിഞ്ഞമാസം ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്. ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്രോതസ്സാണ് ഇപ്പോഴും റഷ്യ. എന്നാൽ, തുടർച്ചയായി 5 മാസക്കാലം റഷ്യയിൽ നിന്നുള്ള ഇറക്കുമതി വിഹിതം കൂടിയെങ്കിലും കഴിഞ്ഞമാസം മലക്കംമറിഞ്ഞു. ഇറാഖ്, സൗദി അറേബ്യ എന്നിവയാണ് ഇന്ത്യക്ക് എണ്ണ നൽകുന്നതിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
പ്രതിദിനം 47 ലക്ഷം ബാരൽ
ഓഗസ്റ്റിൽ പ്രതിദിനം 47 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂലൈയെ അപേക്ഷിച്ച് 1% കുറവ്. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. യുഎസ്, ചൈന എന്നിവയാണ് മുന്നിൽ.
സൗദി അറേബ്യയിൽ നിന്ന് കഴിഞ്ഞമാസം പ്രതിദിനം 4.98 ലക്ഷം ബാരൽ ഇറക്കുമതി നടന്നു; പക്ഷേ ഇത് 2023 ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണ്. പ്രതിദിനം 1.38 ലക്ഷം ബാരൽ കനേഡിയൻ എണ്ണയും 2.54 ലക്ഷം ബാരൽ യുഎസ് എണ്ണയും ഓഗസ്റ്റിൽ ഇന്ത്യ വാങ്ങി. റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ ഒപെക് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇറക്കുമതി 4 മാസത്തെ ഉയരത്തിലെത്തി. ഇറാക്കി എണ്ണയാണ് കൂടുതലായി എത്തിയത്.
എന്നാൽ, നടപ്പുവർഷം ഏപ്രിൽ-ഓഗസ്റ്റിൽ ഓപെക്കിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിഹിതം എക്കാലത്തെയും താഴ്ചയിലാണ്. ഒരുവർഷം മുമ്പത്തെ 46 ശതമാനത്തിൽ നിന്ന് 44 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം, ജൂലൈയിലെ 40.3 ശതമാനത്തിൽ നിന്ന് 44.6 ശതമാനമായി ഓഗസ്റ്റിൽ കൂടിയിട്ടുമുണ്ട്. ചെന്നൈ പെട്രോളിയം കോർപ്പറേഷൻ പ്രതിദിനം 2.10 ലക്ഷം ബാരൽ സംസ്കരിക്കുന്ന റിഫൈനറി അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചതും മധ്യപ്രദേശിലെ ബിന പ്ലാന്റിലേക്കുള്ള ഇറക്കുമതി ബിപിസിഎൽ കുറച്ചതും കഴിഞ്ഞമാസത്തെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയെ ബാധിച്ചു.
റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ചൈന
ചൈന കഴിഞ്ഞമാസം 25.6% വർധനയോടെ പ്രതിദിനം 22.1 ലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങി. 2024ലെ ചൈനയുടെ ഏറ്റവും ഉയർന്ന റഷ്യൻ എണ്ണ ഇറക്കുമതിയാണിത്. ചൈനയുടെ രണ്ടാമത്തെ വലിയ എണ്ണ സ്രോതസ്സ് മലേഷ്യയാണ്. ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള വില കുറഞ്ഞ എണ്ണയാണ് മലേഷ്യ ചൈനയ്ക്ക് ലഭ്യമാക്കുന്നത്.
ഇറാഖിൽ നിന്നുള്ള ഇറക്കുമതി ഓഗസ്റ്റിൽ 43.1% കൂടിയപ്പോൾ സൗദിയിൽ നിന്നുള്ളത് 17.4% കുറഞ്ഞു. കഴിഞ്ഞമാസം പ്രതിദിനം 1.15 കോടി ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് ചൈന നടത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയരമാണിത്. ജൂലൈയിൽ പ്രതിദിനം 99.7 ലക്ഷം ബാരൽ വീതമായിരുന്നു ഇറക്കുമതി. കുറഞ്ഞവിലയുള്ള ക്രൂഡ് ഓയിൽ വൻതോതിൽ വാങ്ങുന്നതിന്റെ ഭാഗമായാണ് റഷ്യ, വെനസ്വേല എന്നിവയെ ചൈന വൻതോതിൽ ആശ്രയിക്കുന്നത്. സാമ്പത്തികഞെരുക്കം മൂലം ജൂലൈയിൽ ചൈനയുടെ ഇറക്കുമതി രണ്ടുവർഷത്തെ താഴ്ചയിലായിരുന്നു.