ഭക്ഷണത്തിന് ചെലവേറുന്നു! മൊത്തവില പണപ്പെരുപ്പം മേലോട്ട്, പലിശഭാരത്തിനുമേൽ ആശങ്കയുടെ കാർമേഘം
Mail This Article
രാജ്യത്ത് പണപ്പെരുപ്പം വീണ്ടും കുതിച്ചുയരുന്നുവെന്ന ശക്തമായ സൂചനയുമായി കഴിഞ്ഞമാസം മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (wholesale inflation) 1.84 ശതമാനമായി വർധിച്ചു. ഓഗസ്റ്റിലെ 4-മാസത്തെ താഴ്ചയായ 1.31 ശതമാനത്തിൽ നിന്നാണ് കുതിപ്പ്. 2023 സെപ്റ്റംബറിൽ മൊത്തവില പണപ്പെരുപ്പം നെഗറ്റീവ് 0.1 ശതമാനമായിരുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ മൊത്ത വിലനിലവാരം (wholesale food inflation) ഓഗസ്റ്റിലെ 3.26 ശതമാനത്തിൽ നിന്ന് 9.47 ശതമാനത്തിലേക്ക് കഴിഞ്ഞമാസം കുതിച്ചുകയറി.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്കരിക്കാൻ പ്രധാനമായും വിലയിരുത്തുന്നത് ഉപഭോക്തൃവില (റീറ്റെയ്ൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പമാണ് (retail inflation). എങ്കിലും, മൊത്തവില പണപ്പെരുപ്പം കൂടുന്നത് റീറ്റെയ്ൽ പണപ്പെരുപ്പവും കൂടിയേക്കാമെന്ന സൂചന നൽകുന്നുണ്ട്. കഴിഞ്ഞമാസത്തെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്ന് വൈകിട്ട് പുറത്തുവരും. ജൂലൈയിലും ഓഗസ്റ്റിലും ഇത് റിസർവ് ബാങ്കിന്റെ സഹനപരിധിയായ 4 ശതമാനത്തിന് താഴെയായിരുന്നു. സെപ്റ്റംബറിൽ ഈ പരിധി ലംഘിച്ചിട്ടുണ്ടാകുമെന്ന ആശങ്ക ശക്തമാണ്. പണപ്പെരുപ്പം പരിധിവിട്ടുയർന്നാൽ, റിസർവ് ബാങ്ക് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറായേക്കില്ല. ഇത് ബാങ്ക് വായ്പകളുടെ പലിശഭാരം കുറയാനും തടസ്സമാകും. അതായത് ഭവന, വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെ എല്ലാം പലിശനിരക്കും ഇഎംഐ ഭാരവും കുറയാൻ വൈകും.
മൊത്തവിലയും ഭക്ഷ്യ വിലപ്പെരുപ്പവും
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) ശരാശരി മൊത്തവില പണപ്പെരുപ്പം നെഗറ്റീവ് 0.1 ശതമാനമായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ ഇത് പോസിറ്റീവ് ഒരു ശതമാനത്തിന് മുകളിലാണുള്ളത്. കഴിഞ്ഞവർഷത്തെ താഴ്ന്ന നിരക്കുമായി കണക്കുകൂട്ടുമ്പോഴാണ് ഈ വർഷം പണപ്പെരുപ്പം കൂടി നിൽക്കുന്നതെന്ന വസ്തുതയുണ്ട്. എന്നാൽ തക്കാളി, ഉരുളക്കിഴങ്ങ്, സവാള എന്നിവയുടെ വില വൻതോതിൽ വർധിക്കുന്നത് വെല്ലുവിളിയാണ്. സെപ്റ്റംബറിൽ വെജിറ്റബിൾ താലി മീല്‍സിന്റെ വില 11% കൂടിയെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിൽ മൊത്തവില പണപ്പെരുപ്പത്തിൽ മൂന്ന് ശ്രേണികളാണുള്ളത്. ഒന്ന് പ്രൈമറി ആർട്ടിക്കിൾസ് അഥവാ പ്രാഥമികോൽപന്നങ്ങൾ. മൊത്തവില പണപ്പെരുപ്പ സൂചികയിൽ ഇവയുടെ വിഹിതം (വെയ്റ്റ്) 22.6 ശതമാനമാണ്. രണ്ടാമത്തേത്, ഇന്ധനവും ഊർജവുമാണ് (വെയ്റ്റ് 13.2%). നിർമിത ഉൽപന്നങ്ങളാണ് മൂന്നാമത്തേത്. 64.2% വെയ്റ്റും ഇവയ്ക്കാണ്.