ADVERTISEMENT

ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ഒളിച്ചോടിയതല്ലെന്നും നല്ലകാലത്ത് ഒപ്പം നിന്ന നിക്ഷേപകർ പ്രതിസന്ധിഘട്ടത്തിൽ കൈവിട്ടതാണ് കമ്പനിക്ക് തിരിച്ചടിയായെന്നും എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ. വായ്പകൾ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പാപ്പരത്ത നടപടി നേരിടുകയാണ് ഇപ്പോൾ ബൈജൂസ്. 2023ൽ ദുബായിലേക്ക് പറന്ന ബൈജു രവീന്ദ്രൻ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടില്ല.

അച്ഛന്റെ ചികിത്സാർഥമാണ് ദുബായിൽ തുടരുന്നതെന്നും വൈകാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും മാധ്യമ പ്രവർത്തകരുമായി നടത്തിയ വിർച്വൽ സംവാദത്തിൽ ബൈജു പറഞ്ഞു. നിക്ഷേപകരായിരുന്ന പ്രോസസ്, പീക്ക് എക്സ്.വി പാർട്ണേഴ്സ്, ചാൻ സക്കർബർഗ് ഇനീഷ്യേറ്റീവ് എന്നിവർ ബിസിനസ് വിപുലീകരണത്തിന്റെയും മറ്റ് കമ്പനികളെ ഏറ്റെടുക്കുന്ന വേളകളിലും വലിയ പ്രോത്സാഹനവുമായി ഒപ്പം നിന്നിരുന്നു. 40 രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരുന്നത്. ഡയറക്ടർ ബോർഡിൽ 6-0 എന്ന തരത്തിലായിരുന്നു ഓരോ ഏറ്റെടുക്കലിനും വോട്ട്.

എന്നാൽ, പ്രതിസന്ധിയുടെ ആദ്യ സൂചന കണ്ടപ്പോഴേ അവർ സ്ഥലംവിട്ടു. നല്ലകാലത്ത് വൻതോതിൽ നിക്ഷേപം ചൊരിഞ്ഞ അവർ കഴിഞ്ഞ 4-5 വർഷമായി ചില്ലക്കാശ് കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ല. വായ്പാത്തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുഎസിലെ വായ്പാദാതാക്കൾ കോടതിയെ സമീപിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ നിന്ന് മൂന്നുപേർ രാജിവച്ചുപോയി. മൂലധന സമാഹരണം നടത്തുന്നതിന് ഇത് തടസ്സമായി. പ്രതാപകാലത്ത് ഒപ്പം നിന്നവർ പിന്നീട് കൈവിട്ടു. അവരാണ് ഇപ്പോൾ ബൈജൂസിന്റെ ഏറ്റവും വലിയ വിമർശകരുമെന്ന് ബൈജു പറഞ്ഞു.

2022ൽ 2,200 കോടി ഡോളർ (ഏകദേശം 1.78 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന സ്ഥാപനമാണ് ബൈജൂസ്. സാമ്പത്തിക പ്രതിസന്ധി മുറുകിയതോടെ നിക്ഷേപകർ മൂല്യം വെട്ടിത്താഴ്ത്തി. നിലവിൽ മൂല്യം പൂജ്യമാണെന്ന് ബൈജൂ രവീന്ദ്രൻ തന്നെ സമ്മതിക്കുന്നു. ഇന്ന് ബൈജൂസിന്റെ മൂല്യം വെറും പൂജ്യമാണ്. നിക്ഷേപരുടെ വിശ്വാസവും നഷ്ടമായി. പക്ഷേ, കമ്പനിയെ പുനഃക്രമീകരിച്ച് തിരിച്ചുകൊണ്ടുവരണമെന്ന് ഏവരും ആഗ്രഹിക്കുന്നുണ്ട്. അതിനാണ് ശ്രമമെന്ന് ബൈജു പറഞ്ഞു.

'മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല'
 

അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബൈജു പറഞ്ഞു. ''ഒരു ഫ്രോഡ് പ്രവർത്തനവും ഞങ്ങൾ നടത്തിയിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ എന്റെ കുടുംബത്തിന്റെ സർവ സ്വത്തും ഈ കമ്പനിയിൽ നിക്ഷേപിക്കുമായിരുന്നോ? പ്രതിസന്ധിയുണ്ടെങ്കിലും ബൈജൂസ് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഈ രംഗത്തെ മറ്റ് കമ്പനികളേക്കാൾ കൂടുതൽ ഉപഭോക്താക്കളും ഇപ്പോഴും ബൈജൂസിനാണ്. കമ്പനിയെ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിപ്പിക്കാനാണ് ശ്രമം'' - ബൈജു പറഞ്ഞു. ഇപ്പോഴും മാതൃകമ്പനിയായ തിങ് ആൻഡ് ലേണിന് 5,500 കോടി രൂപ സംയോജിത വരുമാനമുണ്ട്. 25,000 ജീവനക്കാരുമുണ്ട്. ബൈജൂസ് ലേണിങ് ആപ്പിൽ മാത്രം 3,000 ജീവനക്കാരുണ്ടെന്നും ബൈജു പറഞ്ഞു.

പാപ്പരത്തത്തിൽ ബൈജൂസ്
 

യുഎസ് വായ്പാദാതാക്കൾക്ക് ഏകദേശം 1.2 ബില്യൺ ഡോളർ (ഏകദേശം 10,000 കോടി രൂപ) ബൈജൂസ് തിരിച്ചടയ്ക്കാനുണ്ട്. ഇതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് യുഎസിലെ കോടതിയെ അവർ സമീപിച്ചത്. ഇതിനിടെ സ്പോൺസർഷിപ്പ് തുകയായ 158.9 കോടി രൂപ നൽകിയില്ലെന്ന് കാട്ടി ബൈജൂസിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെയും (എൻസിഎൽടി) സമീപിച്ചിരുന്നു. 

Byju Raveendran. Photo Credit : Manjunath Kiran / AFP
Byju Raveendran. Photo Credit : Manjunath Kiran / AFP

ബൈജൂസിനെതിരെ പാപ്പരത്ത നടപടി വേണമെന്ന ബിസിസിഐയുടെ ആവശ്യം എൻസിഎൽടി അംഗീകരിച്ചു. ഇതിനെതിരെ ബൈജൂസ് നാഷണൽ കമ്പനി ലോ അപ്‍ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു. ഒപ്പം, ബിസിസിഐയുമായി ഒത്തുതീർപ്പ് ചർച്ച നടത്തുകയും സ്പോൺസർഷിപ്പ് തുക വീട്ടുകയും ചെയ്തു. ഇതോടെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന് എൻസിഎൽഎടി വിധിച്ചു.

എന്നാൽ, വായ്പാത്തുകയിൽ തിരിമറി നടത്തിയാണ് ബിസിസിഐയുമായുള്ള ഒത്തുതീർപ്പെന്നും പാപ്പരത്ത നടപടി തുടരണമെന്നും ആവശ്യപ്പെട്ട് യുഎസ് വായ്പാദാതാക്കൾ സുപ്രീം കോടതിയിലെത്തി. എൻസിഎൽഎടിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് ബൈജൂസ് വീണ്ടും പാപ്പരത്ത നടപടിയിലായത്. 

English Summary:

From $22 Billion to Zero: The Downfall of Edtech Giant Byju's: Byju's founder, Byju Raveendran, refutes claims of fleeing India and attributes the company's crisis to early investors withdrawing support. He highlights their role in Byju's aggressive expansion and subsequent lack of financial backing during challenging times. The article details Byju's ongoing insolvency proceedings, Raveendran's defense against fraud allegations, and the company's efforts towards revival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com