ചരിത്രം കുറിച്ച് സ്വർണം; പവൻ '58,000' കടന്നു; വാങ്ങൽ വില 63,000 രൂപയ്ക്ക് മുകളിൽ, 18 കാരറ്റിനും പൊള്ളുംവില
Mail This Article
പൊന്നേ... പൊള്ളുന്നു! കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻ വില 58,000 രൂപ കടന്നു. ഇന്ന് 320 രൂപ വർധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയർന്ന് 7,280 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്; ഗ്രാമിന് 255 രൂപയും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലും അധികം. ഈ വർഷം ജനുവരിയിലെ ഏറ്റവും കുറഞ്ഞവില 45,920 രൂപയായിരുന്നു പവന്; ഗ്രാമിന് 5,740 രൂപയും. അതുമായി താരതമ്യം ചെയ്യുമ്പോൾ പവന് ഈവർഷം ഇതുവരെ 12,320 രൂപയും ഗ്രാമിന് 1,540 രൂപയും ഉയർന്നു.
18 കാരറ്റും കുതിക്കുന്നു
22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ വില വൻതോതിൽ കുറവാണെന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വലിയ പ്രിയമുണ്ട്. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുമാണ് 18 കാരറ്റ് സ്വർണം ഉപയോഗിക്കുന്നത്.
എന്നാൽ, ഇതിനും വില കുത്തനെ കൂടുന്നത് ഇപ്പോൾ ആശങ്കയാവുകയാണ്. വില ചരിത്രത്തിലാദ്യമായി ഇന്ന് 6,000 രൂപയും കടന്നു. ഗ്രാമിന് 30 രൂപ ഉയർന്ന് 6,015 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളി വിലയാകട്ടെ സെഞ്ചറിയും കടന്ന് റെക്കോർഡിലേക്ക് മുന്നേറുന്നു. ഗ്രാമിന് ഇന്ന് രണ്ടുരൂപ വർധിച്ച് വില 102 രൂപയായി.
ഇന്നൊരു പവൻ ആഭരണത്തിന് വിലയെന്ത്?
മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 53.10 രൂപയാണ് ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി). പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്ന് 63,041 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,880 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.
വില കുതിക്കാൻ കാരണങ്ങളേറെ
സ്വർണവില ഓരോ ദിവസവും ഇങ്ങനെ റെക്കോർഡ് തകർക്കാൻ കാരണങ്ങൾ ഒട്ടേറെ. രാജ്യാന്തര വില ഔൺസിന് 2,722 ഡോളർ എന്ന പുതിയ ഉയരം കുറിച്ചു. നിലവിൽ വ്യാപാരം നടക്കുന്നത് 2,721 ഡോളറിൽ. ഇന്നലെയാണ് ആദ്യമായി 2,700 ഡോളർ ഭേദിച്ചത്. ലോക സമ്പദ്‍വ്യവസ്ഥ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയും സ്വർണത്തിന് 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ കിട്ടുകയും ചെയ്യുന്നതാണ് വില വർധന സൃഷ്ടിക്കുന്നത്. കാരണങ്ങൾ നോക്കാം:
1) അമേരിക്ക: ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് ഡിസംബറിൽ മിനിമം 0.25% എങ്കിലും കുറയുമെന്ന സൂചനകൾ ശക്തമായി. പലിശ കുറയുമ്പോൾ ഡോളർ ദുർബലമാകും. അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി യീൽഡ്) കുറയും. ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശനിരക്കും കുറയുമെന്നത് അവയെയും അനാകർഷകമാക്കും. ഓഹരി വിപണികളും നഷ്ടത്തിന്റെ ട്രാക്കിലാണ്. ഫലത്തിൽ, സുരക്ഷിത നിക്ഷേപമായ ഗോൾഡ് ഇടിഎഫ് പോലുള്ളവയിലേക്ക് മാറുകയാണ് നിക്ഷേപകർ.
2) ഇസ്രയേൽ-ഹമാസ് പോര്: ഇസ്രയേലിനെതിരെ ഹമാസ്, ഹിസ്ബുല്ല, ഇറാൻ എന്നിവ പോര് കടുപ്പിക്കുന്നതും ഇസ്രയേൽ തിരിച്ചടിക്കുന്നതും ആഗോള സാമ്പത്തിക മേഖലയെ തന്നെ ഉലയ്ക്കുകയാണ്. ഓഹരി വിപണികൾ തളരുന്നു. ഇതും നേട്ടമാകുന്നത് സ്വർണത്തിന്.
3) ചൈന: ചൈനയിൽ മറ്റ് നിക്ഷേപ പദ്ധതികളേക്കാൾ നിക്ഷേപകതാൽപര്യം സ്വർണത്തിന് ലഭിക്കുന്നു. സമ്പദ്‍വ്യവസ്ഥയുടെ ഉണർവിനായി ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പോരാ എന്ന വിലയിരുത്തലാണ് നിക്ഷേപകർക്കുള്ളത്.
4) രൂപയുടെ വീഴ്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം 84ലേക്ക് ഇടിഞ്ഞതോടെ സ്വർണം ഇറക്കുമതിക്ക് കൂടുതൽ പണം വേണമെന്നായി. ഇതോടെ, ആഭ്യന്തര വിലയും വർധിക്കുന്നു.