പൊന്നല്ല, ഫയർ! സ്വർണത്തിന് ഇന്ന് കത്തിക്കയറിയത് 640 രൂപ; പവൻ 58,000ലേക്ക്, വെള്ളിക്ക് വീണ്ടും സെഞ്ചറി
Mail This Article
പൊന്നല്ല, ഫയറാണ് ഫയർ! ആഭരണപ്രിയരുടെയും വ്യാപാരികളുടെയും നെഞ്ചിൽ തീയായി വില കത്തിക്കയറുന്നു. കേരളത്തിൽ ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 57,920 രൂപയിലെത്തി. 58,000 രൂപയെന്ന നാഴികക്കല്ല് മറികടക്കാൻ ഇനി വെറും 80 രൂപയുടെ അകലം. ഗ്രാമിന് വില 80 രൂപ ഉയർന്ന് റെക്കോർഡ് 7,240 രൂപയായി. ഗ്രാം വില 7,200 രൂപ ഭേദിച്ചതും ആദ്യം.
കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം പവന് 1,720 രൂപയുടെ വർധനയുണ്ടായി. ഗ്രാമിന് 215 രൂപയും ഉയർന്നു. ഈ വർഷം ജനുവരിയിൽ പവന് ഏറ്റവും താഴ്ന്ന വില 45,920 രൂപയായിരുന്നു; ഗ്രാമിന് 5,740 രൂപയും. അതായത്, ഈ വർഷം ഇതുവരെ മാത്രം പവന് കൂടിയത് 12,000 രൂപ. ഗ്രാമിന് 1,500 രൂപയും. നികുതിയും പണിക്കൂലിയും ഹോൾമാർക്കും കൂടിച്ചേരുമ്പോൾ ഉപഭോക്താവിന് മേലുള്ള ബാധ്യത ഇതിലുമധികമാണ്.
18 കാരറ്റും പുതിയ ഉയരത്തിൽ
കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 70 രൂപ വർധിച്ച് ഇന്ന് 5,985 രൂപയിലാണ് വ്യാപാരം. വെള്ളി വില വീണ്ടും സെഞ്ചറിയടിച്ചു. ഗ്രാമിന് രണ്ടുരൂപ വർധിച്ച് വില 100 രൂപയായി. വെള്ളികൊണ്ടുള്ള വള, പാദസരം, അരഞ്ഞാണം, പൂജാസാമഗ്രികൾ, പാത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും ഈ വിലക്കയറ്റം തിരിച്ചടിയാണ്.
തീപിടിച്ച് രാജ്യാന്തര വില
'പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം' എന്ന പെരുമയുടെ കരുത്തിലാണ് സ്വർണവില ഓരോ ദിവസവും റെക്കോർഡ് തൂത്തെറിഞ്ഞ് പുതിയ ഉയരത്തിലേക്ക് അടിച്ചുകയറുന്നത്. ഔൺസിന് കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2,685 ഡോളർ എന്ന റെക്കോർഡ് ഇന്നലെ രാത്രി മറികടന്ന് 2,695 ഡോളറിലെത്തിയ രാജ്യാന്തര വില, പിന്നീട് ചരിത്രത്തിലാദ്യമായി 2,700 ഡോളറും ഭേദിച്ചു. 2,711.66 ഡോളർ വരെ എത്തിയ വില ഇപ്പോഴുള്ളത് 2,709 ഡോളറിൽ.
ഇറാനും ഇസ്രയേലും തമ്മിലെ സംഘർഷം മുറുകുന്നത് രാജ്യാന്തര സാമ്പത്തിക മേഖലയ്ക്ക് തന്നെ തലവേദനയാവുകയാണ്. ആഗോള വ്യാപാരം, ഓഹരി-കടപ്പത്ര വിപണികൾ എന്നിവയെ ഉലയ്ക്കാൻ യുദ്ധത്തിന് കഴിയുമെന്നത് സ്വർണത്തിനാണ് നേട്ടമാകുന്നത്. അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യതയും ചൈനയിൽ സ്വർണ നിക്ഷേപത്തിന് കൂടുതൽ പ്രിയം കിട്ടുന്നതും വില വർധനയുടെ ആക്കംകൂട്ടുന്നു. ഹമാസ് മേധാവി യഹ്യ സിൻവാറിനെ വധിച്ചതിന് ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന ഹിസ്ബുല്ലയുടെ പ്രഖ്യാപനം മേഖലയെ കൂടുതൽ യുദ്ധവറുതിയിലാക്കുമെന്ന ഭീതിയും അതിശക്തമാണ്.
ഇനി വില എങ്ങോട്ട്?
ഔൺസിന് 2,700 ഡോളർ എന്ന 'സൈക്കളോജിക്കൽ' പരിധി ഭേദിച്ച രാജ്യാന്തര വിലയുടെ അടുത്തലക്ഷ്യം 2,750 ഡോളർ ആയിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസിൽ പലിശ കുറയാനുള്ള സാധ്യതകൾ, സ്വർണ നിക്ഷേപ പദ്ധതികൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത എന്നിവ ഇതിന് അനുകൂലവുമാണ്. മറിച്ച്, വിലക്കുതിപ്പ് മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പിലേക്ക് കടന്നാൽ മാത്രമേ വിലയിൽ കനത്ത വിലവർധനയ്ക്ക് ശമനമുണ്ടാകൂ. രാജ്യാന്തര വിലയുടെ മുന്നേറ്റം കണക്കിലെടുത്താൽ കേരളത്തിലും വരുംദിനങ്ങളിൽ വില വർധിക്കാനാണ് സാധ്യതയെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതിനാൽ, സ്വർണം ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വർധനയും ഇന്ത്യയിൽ വിലക്കയറ്റത്തിന് കാരണമാകുന്നു.
ജിഎസ്ടിയടക്കം പവൻ വില ഇങ്ങനെ
മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 53.10 രൂപയാണ് ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി). പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്ന് 62,695 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,836 രൂപയും. ഇന്നലെ സ്വർണം വാങ്ങിയവർ പവന് നൽകിയത് 61,829 രൂപയായിരുന്നു; ഗ്രാമിന് 7,728 രൂപയും.