ADVERTISEMENT

സ്വന്തമായി പുതിയൊരു വാഹനം എന്ന സ്വപ്നം പൂവണിയാക്കാൻ ഒട്ടേറെ മലയാളികൾ ഓണക്കാലം തിരഞ്ഞെടുത്തതോടെ കഴിഞ്ഞമാസത്തെ വിൽപനയിലുണ്ടായത് മികച്ച നേട്ടം. എല്ലാ ശ്രേണികളിലുമായി 85,734 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയതെന്ന് പരിവാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു. ഈമാസത്തിന്റെ ആദ്യ ആഴ്ചപ്രകാരം പോർട്ടലിൽ രേഖപ്പെടുത്തിയ കണക്കാണിത്. 2023 സെപ്റ്റംബറിലെ വിൽപന 78,814 എണ്ണമായിരുന്നു. സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ നിന്നുള്ള രജിസ്ട്രേഷൻ കണക്കാണിത്.

royal-enfield-guerrilla-450-4

ടൂവീലർ വിൽപന മെച്ചപ്പെട്ട കരുത്തിലാണ് വാഹന വിപണിയുടെ കഴിഞ്ഞമാസത്തെ നേട്ടം. മൊത്തം പുതിയ ടൂവീലർ വിൽപന 2023 സെപ്റ്റംബറിലെ 49,199ൽ നിന്ന് കഴിഞ്ഞമാസം 59,654 എണ്ണത്തിലേക്ക് ഉയർന്നു. മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ വിൽപന കുറഞ്ഞു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ 3,495 പുതിയ ത്രീവീലറുകൾ നിരത്തിലെത്തിയിരുന്നു. ഇക്കുറി സെപ്റ്റംബറിൽ എണ്ണം 3,021. പുതിയ കാറുകളുടെ രജിസ്ട്രേഷൻ 22,587ൽ നിന്ന് 19,968ലേക്കും കുറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ വാഹന വിൽപന മികച്ച നേട്ടം കൈവരിച്ചിട്ടുമുണ്ട്. ഓഗസ്റ്റിൽ ടൂവീലർ വിൽപന 45,000 എണ്ണമായിരുന്നു. ത്രീവീലറുകൾ 2,637. കാറുകൾ 16,532 എണ്ണവുമായിരുന്നു.

toyota-mirai

കാറുകളിൽ ടൊയോട്ട

സംസ്ഥാനത്ത് സെപ്റ്റംബറിൽ ഏറ്റവും മികച്ച വിൽപന വളർച്ച നേടിയ കാർ നിർമാതാക്കൾ ടൊയോട്ടയാണ്. 2023 സെപ്റ്റംബറിൽ 1,537കാറുകൾ വിറ്റഴിച്ച ടൊയോട്ടയ്ക്ക് കഴിഞ്ഞമാസം ലഭിച്ചത് 1,849 പുതിയ ഉപഭോക്താക്കളെ. ഹോണ്ട കാർസ്, ഹ്യുണ്ടായ്, കിയ, മാരുതി സുസുക്കി, എംജി മോട്ടോർ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്കോഡ-ഫോക്സ്‍വാഗൻ എന്നിവ വിൽപന നഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് പരിവാഹൻ പോർട്ടലിലെ ഈമാസത്തെ ആദ്യം വാരം വരെയുള്ള കണക്കുകൾ പറയുന്നു. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞമാസം ഏറ്റവുമധികം കാറുകൾ വിറ്റഴിച്ചത് മാരുതി സുസുക്കി തന്നെ. 11,381 പുതിയ മാരുതി കാറുകളാണ് വിറ്റഴിഞ്ഞത്.

ather-rizta-5

ടൂവീലറിൽ ഹോണ്ടയും ഏഥറും

സംസ്ഥാനത്ത് ടൂവീലറുകൾക്ക് ഓണം ഇക്കുറി നേട്ടംകൊണ്ട് കളർഫുൾ ആയിരുന്നു. ഹോണ്ട ടൂവീലർ വിൽപന 2023 സെപ്റ്റംബറിലെ 13,338ൽ നിന്ന് 16,422 എണ്ണമായി വർധിച്ചു. 5,270ൽ നിന്ന് ഹീറോ മോട്ടോകോർപ്പിന്റെ വിൽപന 6,002 എണ്ണത്തിലെത്തി. യമഹ, ബജാജ് ഓട്ടോ, സുസുക്കി, ടിവിഎസ് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. 13,762 പുതിയ ഉപഭോക്താക്കളെയാണ് ടിവിഎസ് സ്വന്തമാക്കിയത്. റോയൽ എൻഫീൽഡ് 3,331ൽ നിന്ന് 3,380ലേക്ക് വിൽപന ഉയർത്തി. ഇലക്ട്രിക് ശ്രേണിയിൽ ഏഥറിന്റെ വിൽപന 1,030ൽ നിന്ന് 2,127 എണ്ണത്തിലേക്ക് ഉയർന്നു. ഓലയുടെത് 1,039ൽ നിന്ന് 1,099 ആയി.

English Summary:

Discover how Onam festivities fueled a surge in vehicle sales in Kerala. Explore the top-performing brands like Toyota, Honda, and Ather, and delve into the trends shaping the state's automobile market.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com