കുതിച്ചുയർന്ന് ടെസ്‍ല ഓഹരി; മസ്കിന്റെ സമ്പത്തിൽ വമ്പൻ വളർച്ച, ഒറ്റദിവസം കൂടിയത് 2.81 ലക്ഷം കോടി രൂപ
Mail This Article
ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാൻഡുകളിലൊന്നായ ടെസ്‍ലയുടെ ഓഹരികൾ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റം ഇന്നലെ കാഴ്ചവച്ചപ്പോൾ, കമ്പനിയുടെ മേധാവി ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായത് വമ്പൻ വർധന. യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ഇന്നലെ ഒറ്റദിവസം 21.92% മുന്നേറി 260.48 ഡോളറിലാണ് ടെസ്‍ല ഓഹരിവിലയെത്തിയത്. 2013 മേയ്ക്കുശേഷം ടെസ്‍ല ഓഹരിവിലയിലുണ്ടാകുന്ന ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണിത്.
ഓഹരിവില കുതിച്ചതോടെ ഇന്നലെ മാത്രം ടെസ്‍ല സിഇഒ ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 3,350 കോടി ഡോളർ. സുമാർ 2.81 ലക്ഷം കോടി രൂപ. അദ്ദേഹത്തിന്റെ ആകെ ആസ്തി ബ്ലൂംബെർഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം 27,000 കോടി ഡോളറിലുമെത്തി. ഏകദേശം 22.70 ലക്ഷം കോടി രൂപ. ലോകത്തെ ഏറ്റവും സമ്പന്നവ്യക്തിയാണ് മസ്ക്. രണ്ടാംസ്ഥാനത്തുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 20,900 കോടി ഡോളർ മാത്രം. മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് മൂന്നാമത്; ആസ്തി 20,100 കോടി ഡോളർ.
ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 17-ാം സ്ഥാനത്തുള്ള മുകേഷിന്റെ ആസ്തി 10,100 കോടി ഡോളർ (8.49 ലക്ഷം കോടി രൂപ). അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 18-ാം സ്ഥാനത്തുണ്ട്. ആസ്തി 9,350 കോടി ഡോളർ (7.86 ലക്ഷം കോടി രൂപ). 10,000 കോടി ഡോളർ ക്ലബ്ബിൽ അഥവാ 100 ബില്യൺ ഡോളർ ക്ലബ്ബിൽ ഇപ്പോൾ ഗൗതം അദാനിയില്ല.
മസ്കിന്റെ ആസ്തി ഇനിയും കൂടിയേക്കും
ടെസ്‍ലയുടെ 13% ഓഹരികളാണ് മസ്കിനുള്ളത്. സ്വകാര്യ ബഹിരാകാശ ദൗത്യസ്ഥാപനമായ സ്പേസ്എക്സിന്റെ മുഖ്യ ഓഹരിയുടമയും മസ്കാണ്. എക്സിന്റെയും (ട്വിറ്റർ) എഐ സ്ഥാപനമായ എക്സ്എഐയുടെയും ഉടമയുമാണ് മസ്ക്. അദ്ദേഹത്തിന്റെ ആസ്തിയുടെ മുഖ്യപങ്കും (ഏകദേശം 75%) ടെസ്‍ലയിൽ നിന്നുള്ളതാണ്.
മസ്കിന്റെ ആസ്തിയിൽ ഇനിയും വമ്പൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. ടെസ്‍ലയിൽ അദ്ദേഹത്തിന് 2018ലെ വേതനപ്പാക്കേജായി 5,600 കോടി ഡോളർ (4.65 ലക്ഷം കോടി രൂപ) നൽകാൻ കമ്പനി തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചില ഓഹരി ഉടമകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. വിധി അനുകൂലമായാൽ മസ്കിന്റെ ആസ്തി 30,000 കോടി ഡോളർ എന്ന നാഴികക്കല്ല് ഭേദിക്കും.
ടെസ്‍ല ഓഹരിക്ക് സ്വപ്നക്കുതിപ്പ്
ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ ടെസ്‍ലയുടെ വരുമാനം മുൻവർഷത്തെ സമാനപാദത്തിലെ 2,340 കോടി ഡോളറിൽ നിന്ന് 2,518 കോടി ഡോളറായി ഉയർന്നിരുന്നു. ഏർണിങ്സ് പെർ ഷെയർ (EPS/ഓരോ ഓഹരിക്കും ആനുപാതികമായ ലാഭം) നിരീക്ഷകർ പ്രവചിച്ചത് 60 സെന്റ്സാണ് (0.60 ഡോളർ). എന്നാൽ ടെസ്‍ല 0.72 ഡോളർ (72 സെന്റ്സ്) കുറിച്ചു. 251 കോടി ഡോളറിന്റെ ലാഭവും കമ്പനി നേടി. നിരീക്ഷകരുടെ പ്രതീക്ഷ 201 കോടി ഡോളറായിരുന്നു.
മികച്ച പ്രവർത്തനഫലത്തിന് പുറമേ, അടുത്ത വർഷത്തെക്കുറിച്ച് മസ്കിൽ നിന്നുണ്ടായ പ്രഖ്യാപനവും ടെസ്‍ല ഓഹരികളെ വൻ മുന്നേറ്റത്തിലേക്ക് നയിച്ചു. അടുത്തവർഷം വാഹന വിൽപനയിൽ 20-30% വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മസ്ക് പറഞ്ഞത്. 2010ൽ ആയിരുന്നു ടെസ്‍ലയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ). അതിനുശേഷമുള്ള രണ്ടാമത്തെ വലിയ ഏകദിന മുന്നേറ്റമാണ് ഇന്നലെ ഓഹരികൾ നടത്തിയത്. 83,072 കോടി ഡോളറാണ് (ഏകദേശം 69.5 ലക്ഷം കോടി രൂപ) ടെസ്‍ലയുടെ വിപണിമൂല്യം.