ADVERTISEMENT

രാജ്യാന്തര ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യത മങ്ങി. തുടർച്ചയായ രണ്ടാംപാദത്തിലും കേന്ദ്ര പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ ലാഭം കുത്തനെ ഇടിഞ്ഞതോടെയാണിത്.

ഇക്കഴി‍ഞ്ഞ ജൂലൈ-സെപ്റ്റംബറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉപകമ്പനികളെ കൂട്ടാതെയുള്ള (standalone) തനി ലാഭം 99% കുറഞ്ഞ് 180 കോടി രൂപയായി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 12,967 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 2.02 ലക്ഷം കോടി രൂപയിൽ നിന്ന് 4% കുറഞ്ഞ് 1.95 ലക്ഷം കോടി രൂപയിലെത്തി.

ഉപകമ്പനികളെയും ചേർത്ത് കമ്പനി രേഖപ്പെടുത്തിയത് 449 കോടി രൂപയുടെ (സംയോജിത/consolidated) നഷ്ടമാണ്. ശരാശരി ഗ്രോസ് റിഫൈനിങ് മാർജിൻ (ജിആർഎം) മുൻവർഷത്തെ സമാനപാദത്തിലെ 13.12 ഡോളറിൽ നിന്ന് 4.08 ഡോളറായി ഇടിഞ്ഞതാണ് തിരിച്ചടി. ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തിക്കുമ്പോൾ കമ്പനി നേടുന്ന ലാഭമാണിത്. നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യൻ ഓയിലിന്റെ തനി ലാഭം 81% കുറഞ്ഞ് 2,643 കോടി രൂപയായിരുന്നു.

ബിപിസില്ലിന്റെ ലാഭത്തിൽ 72% കുറവ്
 

ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) 72% ഇടിവോടെ 2,297.2 കോടി രൂപ സംയോജിത (consolidated) ലാഭമാണ് സെപ്റ്റംബർ പാദത്തിൽ‌ കുറിച്ചത്. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 8,243.6 കോടി രൂപയായിരുന്നു. വരുമാനം 1.03 ലക്ഷം കോടി രൂപയിൽ നിന്ന് അൽപം താഴ്ന്ന് 1.02 ലക്ഷം കോടി രൂപയായി. ശരാശരി ജിആർഎം 15.42 ഡോളറിൽ നിന്ന് കുറഞ്ഞ് 6.12 ഡോളറിലെത്തി. ജൂൺപാദത്തിൽ ലാഭം 71% കുറഞ്ഞ് 3,015 കോടി രൂപയായിരുന്നു.

88% ഇടിവ് നേരിട്ട് എച്ച്പിസിഎൽ
 

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) 88% ഇടിവോടെ 631 കോടി രൂപ ലാഭമാണ് കഴിഞ്ഞപാദത്തിൽ രചിച്ചത്. വരുമാനം പക്ഷേ 5% ഉയർന്ന് 1.08 ലക്ഷം കോടി രൂപയായി. ശരാശരി  ജിആർഎം 13.33 ഡോളറിൽ നിന്ന് 3.12 ഡോളറിലേക്ക് ഇടിഞ്ഞു. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ലാഭം 94% കുറഞ്ഞ് 356 കോടി രൂപയായിരുന്നു.

ഇന്ധനവില കുറയാൻ സാധ്യത മങ്ങി
 

ഇറാനിൽ ആക്രമണം നടത്തിയ ഇസ്രയേൽ ഇറാന്റെ ക്രൂഡ് ഓയിൽ റിഫൈനറികൾ, ആണവകേന്ദ്രങ്ങൾ എന്നിവയെ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയിൽ വില ഇടിഞ്ഞത്. ക്രൂഡ് ഓയിൽ ഉൽപാദനം, വിതരണം എന്നിവയ്ക്ക് തടസ്സമുണ്ടാകില്ലെന്ന് വ്യക്തമായതോടെ വില താഴേക്ക നീങ്ങി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 5.07% ഇടിവുമായി 67.42 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 5.81% കുറഞ്ഞ് 71.63 ഡോളറുമായി.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില). രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്നും വില കുറച്ചത്. ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന മഹാരാഷ്ട്രയിൽ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇന്ധനവില കുറച്ചേക്കാമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, എണ്ണക്കമ്പനികളുടെ ലാഭം ഇടിഞ്ഞതിനാൽ വില കുറയ്ക്കാനുള്ള സാധ്യത തുലാസിലായി.

English Summary:

Indian Oil, BPCL, HPCL Profits Plummet: Despite falling global crude oil prices, hopes for lower petrol and diesel prices in India are fading. Public sector oil companies Indian Oil, BPCL, and HPCL all reported sharp profit declines, raising concerns about their ability to absorb the impact of reduced prices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com