അമേരിക്കൻ ചുവട് പിടിച്ച് തകർച്ചയോടെ തുടക്കം, പിന്നീട് തിരിച്ചു കയറി വിപണി
Mail This Article
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ വൻ തകർച്ചയുടെ പശ്ചാത്തലത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് ഇന്ത്യൻ വിപണിയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തിരിച്ചു കയറി ഫ്ലാറ്റ് ക്ളോസിങ് നേടി. 24210 പോയിന്റ് വരെ വീണ ശേഷം നിഫ്റ്റി 7 പോയിന്റുകൾ മാത്രം നഷ്ടമാക്കി 24406 പോയിന്റിലും, 109 പോയിന്റുകൾ നഷ്ടത്തോടെ സെൻസെക്സ് 80039 പോയിന്റിലും ക്ളോസ് ചെയ്തു.
മെറ്റൽ സെക്ടർ ഇന്ന് 1.7% വീണപ്പോൾ, ടാറ്റ മോട്ടോഴ്സിന്റെ കുതിപ്പിന്റെ പിൻബലത്തിൽ ഓട്ടോ സെക്ടർ ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറി. ഒന്നാം പാദഫലം ലക്‌ഷ്യം തെറ്റിയതിനെ തുടർന്ന് ആക്സിസ് ബാങ്ക് 5% വീണപ്പോൾ ഐസിഐസിഐ ബാങ്കും ഒപ്പം വീണത് ബാങ്ക് നിഫ്റ്റിക്ക് നൽകിയ 0.83% തിരുത്തൽ ഇന്ത്യൻ വിപണിക്കും നിർണായകമായി.
ടെസ്‌ലയുടെയും, ഗൂഗിളിന്റെയും മോശം റിസൾട്ടുകൾ നൽകിയ നിരാശയിൽ ഇന്നലെ നാസ്ഡാക് 3.64%വും, എസ്&പി-500 2.31%വും വീണതിന്റെ ചുവട് പിടിച്ച് ഇന്ന് ഏഷ്യൻ വിപണികളും പിന്നീട് യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്ത്യൻ വിപണിയൊഴികെ മറ്റെല്ലാ വിപണികളും നഷ്ടം കുറിച്ച ഏഷ്യയിൽ ജാപ്പനീസ് നിക്കി 3%ൽ കൂടുതൽ നഷ്ടമാണ് ഇന്ന് കുറിച്ചത്.
ഇന്ന് അമേരിക്കൻ ജിഡിപി കണക്കുകൾ വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്. ഫോർഡ് മോശം റിസൾട്ട് അവതരിപ്പിച്ചതും, ഹണിവെൽ ഓട്ടോമേഷനും, അമേരിക്കൻ എയർലൈൻസും അടക്കമുള്ള കമ്പനികൾ ഇന്ന് റിസൾട്ട് അവതരിപ്പിക്കാനിരിക്കുന്നതും ഡൗ ജോൺസിന് ഇന്ന് പ്രധാനമാണ്. ജിഡിപി ഡേറ്റ വരുന്നതിന് മുൻപ് തന്നെ ഡോളറും, ബോണ്ട് യീൽഡും വീണെങ്കിലും മോശം റിസൾട്ടുകൾ തുടർന്നും അമേരിക്കൻ വിപണിക്ക് ഭീഷണിയാണ്.
അമേരിക്കൻ ജിഡിപി ഇന്ന്
ഇന്ന് വരുന്ന അമേരിക്കയുടെ രണ്ടാം പാദ ജിഡിപികണക്കുകൾ അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും, ക്രൂഡ് ഓയിലിനും, മെറ്റലുകൾക്കും നിർണായകമാണ്. മുൻ പാദത്തിൽ 1.4% വാർഷികവളർച്ച നേടിയ അമേരിക്കൻ ആഭ്യന്തര ഉത്പാദനം രണ്ടാം പാദത്തിൽ 2% വളർച്ച നേടിയിരിക്കാമെന്നാണ് അനുമാനം.
ഫെഡ് യോഗം അടുത്ത ആഴ്ച
ജൂലൈ 30,31 തീയതികളിലായി നടക്കുന്ന ഫെഡ് റിസേർവ് തീരുമാനങ്ങളെ നാളെ വരുന്ന അമേരിക്കൻ പിസിഇ ഡേറ്റയും സ്വാധീനിക്കുമെന്നതിനാൽ അമേരിക്കൻ വിപണി നാളെയും, ഫെഡ് തീരുമാനങ്ങൾ വരുന്നത് വരെയും സമ്മർദ്ദം പ്രതീക്ഷിക്കുന്നു. സെപ്റ്റംബറിൽ ഫെഡ് നിരക്കുകൾ കുറച്ചു തുടങ്ങുമെന്നാണ് വിപണിയുടെ അനുമാനം.
ക്രൂഡ് ഓയിൽ
ഇന്ന് അമേരിക്കൻ ജിഡിപി കണക്കിലും തിരുത്തൽ പ്രതീക്ഷിച്ച് ക്രൂഡ് ഓയിൽ വീണ്ടും വീഴുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഒരാഴ്ചയായി വീഴ്ച തുടരുന്ന ലോഹങ്ങൾ ഇന്നും വില വീഴ്ച തുടരുകയാണ്.
സ്വർണം
ഇന്നലെ മുന്നേറ്റം നേടിയ രാജ്യാന്തര സ്വർണവിലയും ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും നഷ്ടം കുറിച്ചു. സ്വർണം ഔൺസിന് 2373 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.
ഇവി ചാർജിങ് സ്റ്റേഷനുകൾ
നിലവിലെ 5293 ചാർജിങ് സ്റ്റേഷനുകൾക്ക് പുറമെ ദേശീയ പാതയോരങ്ങളിൽ 5833 ഇവി ചാർജിയോങ് സ്റ്റേഷനുകൾ കൂടി നിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇലക്ട്രിക് വാഹനനിർമാതാക്കൾക്ക് വീണ്ടും അനുകൂലമാണ്. നോമുറ 1294 രൂപ ലക്ഷ്യവിലയിട്ട് വാങ്ങൽ പ്രഖ്യാപിച്ചത് ഇന്ന് ടാറ്റ മോട്ടോഴ്സിന് 6% മുന്നേറ്റം നൽകിയത് ഓട്ടോ മേഖലക്കും അനുകൂലമായി.
നാളത്തെ റിസൾട്ടുകൾ
പവർ ഗ്രിഡ്, സിപ്ല, ഇൻഡസ് ഇന്‍ഡ് ബാങ്ക്, ബന്ധൻ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ആംബർ എന്റർപ്രൈസസ്, കെഇസി, ആരതി ഡ്രഗ്സ്, പിറമാല ഫാർമ, ഇൻഡോകോ, ഇന്റെലെക്ട് ഡിസൈൻ, നുവാമ, കെയിൻസ് മുതലായ ഓഹരികൾ നാളെയും, ഐസിഐസിഐ ബാങ്ക്, പിഎൻബി, ജമ്മു & കശ്മീർ ബാങ്ക്, ഡോക്ടർ റെഡ്ഡീസ്, എംസിഎക്സ്, മുതലായ ഓഹരികൾ ശനിയാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക