ADVERTISEMENT

അമേരിക്കൻ ഫെഡ് പിന്തുണയിൽ ഇന്ന് വീണ്ടും നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ശേഷം മുന്നേറ്റം തുടർന്ന് ഇന്ത്യൻ വിപണി മികച്ച ക്ളോസിങ് നേടി.  റെക്കോർഡ് ഉയരമായ 25078 പോയിന്റിന് സമീപം 25043 വരെ മുന്നേറിയ നിഫ്റ്റി 25010 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 611 പോയിന്റു മുന്നേറിയ സെൻസെക്സ് 81698 പോയിന്റിലാണ് ക്ളോസ് ചെയ്തത്.

പൊതുമേഖല ബാങ്കുകൾ ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിൽ ക്ളോസ് ചെയ്ത ഇന്ന് ഐടി മേഖലയുടെ 1.4% കുതിപ്പാണ് ഇന്ത്യൻ വിപണിക്ക് മികച്ച പിന്തുണ ഉറപ്പാക്കിയത്.

മുന്നേറി മെറ്റൽ ഓഹരികൾ

ഇന്ത്യൻ ലോഹ ഉൽപാദകർക്ക് പിന്തുണ നൽകാനായി കൂടുതൽ ആന്റി-ഡമ്പിങ് നടപടികൾ പരിഗണിക്കുന്നത് മെറ്റൽ സെക്ടറിന് പിന്തുണ നൽകി. ഫെഡ് റിസേർവ് നിരക്ക് കുറക്കുന്നത് വ്യവസായ സാധ്യതകൾ വർധിപ്പിക്കുന്നതിലൂടെ ലോഹ ഉപഭോഗം വർദ്ധിപ്പിക്കുമെന്ന സാധ്യതയും രാജ്യാന്തര വിപണികളിൽ ബേസ് മെറ്റലുകളുടെ വില വർദ്ധിപ്പിച്ചതും ഇന്ത്യൻ മെറ്റൽ ഓഹരികൾക്ക് പിന്തുണ നൽകി. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എഫ്&ഓ ക്ളോസിങ് ആഴ്ച

വ്യാഴാഴ്ചത്തെ എഫ്&ഓ ക്ളോസിങ് ഇന്ത്യൻ വിപണിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെഡ് നയം മാറ്റം മുന്നേറ്റം നൽകിയ ഇന്ത്യൻ വിപണിയിൽ അമേരിക്കൻ വിപണി ചാഞ്ചാട്ടങ്ങൾക്കൊപ്പമുള്ള സഞ്ചാരം ഷോർട് കവറിങ് സാധ്യതയും നൽകുന്നു. സെപ്റ്റംബറിൽ ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും ഐടി, ഫാർമ സെപ്റ്റംബർ ഫ്യൂച്ചറുകളുടെ വില മുന്നേറ്റത്തിനും വഴിവച്ചേക്കാം. 

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ്

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ എംഎസിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിലേക്ക് ആർവിഎൻഎൽ, ഐഡിയ എന്നിവക്കൊപ്പം ഓയിൽ ഇന്ത്യ, സൈഡസ് ലൈഫ്, ഡിക്‌സൺ, പ്രസ്റ്റീജ്, ഓഎഫ്എസ്എസ് എന്നിവയും ഇടം പിടിക്കുന്നത് ഓഹരികൾക്ക് അനുകൂലമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, കോൾ ഇന്ത്യ, ഹിന്ദ് പെട്രോ, എയർടെൽ, ഐഐസിഐ ലൊംബാർഡ് എന്നിവയുടെ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിലെ വെയ്റ്റേജ് വർധിക്കുകയും ചെയ്യും.

എംഎസിഐ സ്‌മോൾ ക്യാപ് ഇൻഡക്സിൽ ബന്ധൻ ബാങ്ക് അടക്കം 27 ഓഹരികളാണ് ഇടം പിടിക്കുക. എല്ലാ മാറ്റങ്ങളും ഓഗസ്റ്റ് 30ന് നിലവിൽ വരും. 

എൻവീഡിയ റിസൾട്ട്

ഫെഡ് ചെയർമാന്റെ ‘’നിരക്ക് കുറക്കാൻ സമയമായി’’ എന്ന പ്രസ്താവനയുടെ പിൻബലത്തിൽ മുന്നേറ്റം തുടരുന്ന അമേരിക്കൻ വിപണിക്ക് ബുധനാഴ്ച വരുന്ന എൻവിഡിയയുടെ റിസൾട്ടും, വെള്ളിയാഴ്ച വരുന്ന അമേരിക്കൻ പിസിഇ ഡേറ്റയും നിർണായകമാണ്. എൻവിഡിയയുടെ ഏണിങ് റിപ്പോർട്ടും, ഗൈഡൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ ഭാവി പ്രവചനം പോലെയാകും വിപണി കണക്കാക്കുക. അതിനാൽ ഇന്ത്യൻ ഐടി ഓഹരികൾക്കും എൻവിഡിയയുടെ റിസൾട്ട് പ്രധാനമാണ്.

വെള്ളിയാഴ്ച മികച്ച ക്ളോസിങ് നടത്തിയ അമേരിക്കൻ സൂചികകൾ എൻവിഡിയയുടെ റിസൾട്ട് വരെ സൂക്ഷിച്ചായിരിക്കും മുന്നോട്ട് നീങ്ങുക. മിഡിൽ ഈസ്റ്റ്, യുക്രെയ്ൻ യുദ്ധങ്ങളും വിപണിയുടെ ഉറക്കം കെടുത്തുന്നുണ്ട്.

ക്രൂഡ് ഓയിൽ

ഗാസ സമാധാന ചർച്ചകൾ മുന്നോട്ട് പോകാത്തതും, റഷ്യ-യുക്രെയ്ൻ സംഘർഷം കൊടുക്കുന്നതും, ഡോളർ ഇറങ്ങുന്നതും ക്രൂഡ് ഓയിലിന് വീണ്ടും അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 79 ഡോളർ നിരക്കിലാണ് തുടരുന്നത്.

In this photo made Monday, Dec. 22, 2014, a well pump works at sunset on a farm near Sweetwater, Texas. At the heart of the Cline, a shale formation once thought to hold more oil than Saudi Arabia, Sweetwater is bracing for layoffs and budget cuts, anxious as oil prices fall and its largest investors pull back. (AP Photo/LM Otero)
(AP Photo/LM Otero)

ബേസ് മെറ്റൽ

ഫെഡ് നിരക്ക് കുറക്കൽ സാദ്ധ്യതകളുടെ പിൻബലത്തിൽ രാജ്യാന്തര വിപണിയിൽ ലോഹ വിലകൾ വീണ്ടും മുന്നേറി. അലുമിനിയം ഇന്ന് ഏഷ്യൻ വിപണി സമയത്ത് രണ്ടര ശതമാനമാണ് മുന്നേറിയത്. ലെഡ് 3%വും, സിങ്ക് 2%വും, വെള്ളി 1% നേട്ടവുമുണ്ടാക്കി. 

സ്വർണം

അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നതും യുദ്ധങ്ങൾ വീണ്ടും സങ്കീർണമാകുന്നതും സ്വർണത്തിൽ വീണ്ടും വാങ്ങൽ നൽകി. സ്വർണം 2558 ഡോളറിൽ തുടരുന്നു. 2570 ഡോളറാണ് സ്വർണത്തിന്റെ റെക്കോർഡ് വില.

English Summary:

Indian market nears record high on positive global cues. Get insights on Nifty, Sensex, metal stocks surge, F&O closing impact, MSCI changes, Nvidia earnings, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com