തിരഞ്ഞെടുപ്പ് വിധിയിൽ നിന്ന് പാഠം പഠിച്ച് ബജറ്റ്, സര്‍ക്കാരിന്റെ മുദ്ര തെളിയുന്ന 3 പ്രഖ്യാപനങ്ങള്‍
Mail This Article
ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റില്‍ തിരഞ്ഞെടുപ്പ് വിധിയില്‍ നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവെന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ട് സര്‍ക്കാരുകളുടെയും കാലത്ത് വേണ്ട ശ്രദ്ധ കൊടുക്കാതെ പോയ ചില പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ബജറ്റ് നിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ നിര്‍മലാ സീതാരാമന് ശ്രമിച്ചിട്ടുണ്ട്.
വികസനം നഗരങ്ങളില്‍ മാത്രം മതിയാകില്ല
കഴിഞ്ഞ മോദി സര്‍ക്കാര്‍ നഗരവല്‍ക്കരണത്തിന് ഊന്നല്‍ നല്കുന്ന അടിസ്ഥാന വികസന നയമാണ് പിന്തുടര്ന്നിരുന്നത്. ഇതിനിടയില്‍ അര്‍ധനഗരങ്ങളും ഗ്രാമങ്ങളും അവഗണിക്കപ്പെട്ടു. റോഡ് കണക്ടിവിറ്റി കൊണ്ടു മാത്രം അടിസ്ഥാന സൗകര്യ വികസനം പൂര്‍ണമാകുന്നില്ല. ഗ്രാമങ്ങളോട് കാട്ടിയ അവഗണന തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചുവെന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ട് സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി ഘടകകക്ഷികള്‍ക്ക് നിര്‍ണായക സ്ഥാനമുള്ള ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നത് ഗ്രാമീണ വോട്ട് നേടാന്‍ ബിജെപിക്ക് പല പ്രധാന സംസ്ഥാനങ്ങളിലും കഴിയാതെ പോയതു കൊണ്ടാണ്.
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കുമിടയില്‍ ഒരു പാലം പണിയാന്‍ നിര്‍മലാ സീതാരാമന് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ബീഹാര്‍ പോലുള്ള പിന്നോക്ക സംസ്ഥാനങ്ങളുടെ റോഡ് വികസനത്തിന് 20,000 കോടി രൂപയുടെ പ്രത്യേക പദ്ധതി രൂപീകരിച്ചത് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ഗ്രാമങ്ങളിലേക്ക് കൂടി അടിസ്ഥാന സൗകര്യ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നീക്കം
അഭ്യസ്തവിദ്യരായ ആളുകള്‍ തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യം നിലനില്ക്കുന്നു എന്നതാണ് നമ്മുടെ ഉയരുന്ന തൊഴിലില്ലായ്മാ നിരക്കില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ വികസന കുതിപ്പിന്റെ മുദ്രാവാക്യങ്ങളും അവകാശവാദങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല. തങ്ങള്‍ക്ക് സംഭവിച്ച ആ പിഴവും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചുവെന്ന ബോധ്യമാണ് സ്വയം തൊഴിലുകളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ക്ക് നിര്‍മലാ സീതാരാമനെ നിര്‍ബന്ധിതയാക്കിയത്.
ആദ്യമായി തൊഴില്‍ ലഭിക്കുന്നവര്‍ക്ക് 15,000 രൂപ വരെ ഒരു മാസത്തെ വേതനം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കാനുള്ള പ്രഖ്യാപനം ഏറെ സ്വാഗതാര്‍ഹമാണ്. പ്രതിമാസം ഒരു ലക്ഷം രൂപയില്‍ താഴെ ശമ്പളത്തോടെ ആദ്യമായി തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ 500 കമ്പനികളില്‍ ഒരു കോടി പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനവും പഠിച്ചിറങ്ങിയിട്ടും തൊഴിലില്ലായ്മ നേരിടേണ്ടി വരുന്ന യുവാക്കളെ സമാശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
മുദ്രാ വായ്പയുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തിയത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായാണ്. 100 നഗരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ക്ക് പിന്തുണ നല്‍കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം.
മൂലധന നേട്ട നികുതി ഏകീകരണത്തിന് തുടക്കം
വിവിധ ആസ്തികള്‍ക്കുള്ള മൂലധന നേട്ട നികുതി ഏകീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കാനായുള്ള ഒരു തുടക്കമാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. ഓഹരി വ്യാപാരത്തില്‍ നിന്നുള്ള നേട്ടത്തിന് കൂടുതല്‍ നികുതി നല്കാന് ബാധ്യസ്ഥമാക്കുന്ന പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, കടപ്പത്രങ്ങള്‍ തുടങ്ങിയ മറ്റ് ആസ്തി മേഖലകള്‍ക്കുള്ള മൂലധന നേട്ട നികുതിയുമായി ഏകീകരിക്കാനാണ് നീക്കം.
ഓഹരി നിക്ഷേപത്തിനുള്ള ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായാണ് ഉയര്‍ത്തിയത്. ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ് വ്യാപാരത്തിനുള്ള സെക്യൂരിറ്റി ട്രാന്സാക്ഷന് ടാക്സും വര്‍ധിപ്പിച്ചു.
ഓഹരി വ്യാപാരം നടത്തുന്നവര്‍ക്ക് അധിക നികുതി ബാധ്യത വരുത്തിവെക്കുമെങ്കിലും അമിത ധനലഭ്യത നിലനില്‍ക്കുന്ന വിപണിയില്‍ ആരോഗ്യകരമായി ഇടപെടാന്‍ നികുതി ഏകീകരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഓഹരി വിപണിയിലെ കുതിപ്പിന് പ്രധാനമായും കാരണമായത് മോദി സര്‍ക്കാരിന്റെ നയങ്ങളാണ്. അതില്‍ നിന്ന് നേട്ടമുണ്ടാക്കിയവര്‍ മതിയായ നികുതി കൂടി നല്‍കേണ്ടതുണ്ടെന്നതാണ് സര്‍ക്കാരിന്റെ നയം.
(ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണ് ലേഖകന്‍)