പ്രശസ്തിയും അധികാരവും കോലിയെ മാറ്റിക്കളഞ്ഞു, സുഹൃത്തുക്കൾ കുറവല്ലേ; രോഹിത് അന്നുമിന്നും ഒരുപോലെ: അമിത് മിശ്ര
Mail This Article
ന്യൂഡൽഹി∙ പ്രശസ്തിയും അധികാരവും സൂപ്പർതാരം വിരാട് കോലിയുടെ സ്വഭാവത്തെത്തന്നെ മാറ്റിയെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം അമിത് മിശ്ര. നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയെയും വിരാട് കോലിയെയും താരതമ്യം ചെയ്യുമ്പോഴാണ്, പ്രശസ്തിയും അധികാരവും കോലിയുടെ സ്വഭാവത്തെയും ബാധിച്ചുവെന്ന വെളിപ്പെടുത്തൽ. അതേസമയം പ്രശസ്തിയും അധികാരവും കൈവന്നെങ്കിലും, രോഹിത് ശർമ അന്നും ഇന്നും ഒരേയാൾ തന്നെയാണെന്നും അമിത് മിശ്ര അഭിപ്രായപ്പെട്ടു. യുട്യൂബർ ശുഭാംകർ മിശ്രയുമായി സംസാരിക്കുമ്പോഴാണ്, അമിത് മിശ്ര ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
2015–17 കാലഘട്ടത്തിൽ വിരാട് കോലി ഇന്ത്യൻ നായകനായിരിക്കെ അമിത് മിശ്രയും ടീമിൽ അംഗമായിരുന്നു. ഏതാണ്ട് ഒരേ സമയത്ത് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ കോലിയും രോഹിത് ശർമയും, പിന്നീടിങ്ങോട്ട് ഒന്നര പതിറ്റാണ്ടോളമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണുകളാണ്. പലതവണ ഇരുവർക്കും കീഴിൽ സുപ്രധാന ടൂർണമെന്റുകളുടെ ഫൈനലിൽ തോൽവി വഴങ്ങിയ ഇന്ത്യ, ഏറ്റവും ഒടുവിൽ നടന്ന ട്വന്റി20 ലോകകപ്പിൽ കിരീടം ചൂടിയിരുന്നു.
രോഹിത് ശർമയുമായി പരിചയപ്പെട്ട കാലം മുതൽ ഒരേ രീതിയിലുള്ള ബന്ധമാണ് തനിക്കുള്ളതെന്ന് മിശ്ര വെളിപ്പെടുത്തി. എന്നാൽ, വിരാട് കോലിയുമായുള്ള ബന്ധത്തിൽ കാലാന്തരത്തിൽ മാറ്റങ്ങൾ സംഭവിച്ചു. പ്രശസ്തിയിലേക്കു വളരുകയും ക്യാപ്റ്റൻ സ്ഥാനം ലഭിക്കുകയും ചെയ്തതോടെ അതെല്ലാം കോലിയുടെ പെരുമാറ്റത്തെയും ബാധിച്ചുവെന്നാണ് മിശ്രയുടെ വെളിപ്പെടുത്തൽ. രോഹിത് ശർമയ്ക്ക് ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങളുമായും നല്ല സൗഹൃദമുണ്ടെങ്കിലും, കോലിക്ക് സുഹൃത്തുക്കൾ തീർത്തും കുറവാണെന്നും മിശ്ര പറഞ്ഞു.
ഇന്ത്യൻ ടീമിൽ സച്ചിനും ധോണിക്കും ലഭിച്ചിരുന്നതിനു സമാനമായ ആദരവ് വിരാട് കോലിക്കും ലഭിക്കുന്നുണ്ടോയെന്നായിരുന്നു ചോദ്യം. അമിത് മിശ്രയുടെ പ്രതികരണം ഇങ്ങനെ:
‘‘സത്യസന്ധമായി പറഞ്ഞാൽ എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞാൻ കള്ളം പറയില്ല. ക്രിക്കറ്റ് താരമെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടു ബഹുമാനമുണ്ട്. പക്ഷേ, സാധാരണയുള്ളതു പോലുള്ള ഒരു ബന്ധം എനിക്ക് കോലിയുമായിട്ടില്ല. എന്തുകൊണ്ടാണ് വിരാട് കോലിക്ക് സൗഹൃദങ്ങൾ അധികമില്ലാത്തത്? കോലിയുടെയും രോഹിത്തിന്റെയും ശൈലികൾ തീർത്തും വ്യത്യസ്തമാണ്.
‘‘രോഹിത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു ഞാൻ പറയാം. ഞാൻ ആദ്യമായി കാണുമ്പോഴും ഇന്നു കാണുമ്പോഴും രോഹിത് ഒരേ ആൾ തന്നെയാണ്. അങ്ങനെയുള്ളവരോടാണോ അതോ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവരോടാണോ നമുക്കു കൂടുതൽ ബന്ധം സൂക്ഷിക്കാനാകുക?’’ – മിശ്ര ചോദിച്ചു.
‘വർഷങ്ങളായി ഞാൻ ഇന്ത്യൻ ടീമിന്റെ ഭാഗമല്ല. ഇപ്പോഴും ഐപിഎലിന്റെ സമയത്ത് ഉൾപ്പെടെ രോഹിത് ശർമയെ കാണുമ്പോൾ അദ്ദേഹം എന്നോടു പഴയതുപോലെ തന്നെ തമാശകൾ പറയും, ഇടപെടും. അദ്ദേഹത്തോടു സംസാരിക്കാൻ ചെല്ലുമ്പോൾ പ്രത്യേകിച്ച് സൂക്ഷിക്കേണ്ട യാതൊരു കാര്യവുമില്ല. ഞങ്ങൾക്ക് പരസ്പരം തമാശകൾ പറയാം. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വളർന്നെങ്കിലും ഞങ്ങൾക്ക് ആ പഴയ ബന്ധമുണ്ട്. ലോകകപ്പും അഞ്ച് തവണ ഐപിഎൽ കിരീടവും നേടിയ ക്യാപ്റ്റനാണ് രോഹിത് എന്ന് ഓർക്കണം’’ – അമിത് മിശ്ര പറഞ്ഞു.
‘‘വിരാട് കോലിയുടെ കാര്യത്തിൽ അങ്ങനെയല്ല. അദ്ദേഹത്തിന് സംഭവിച്ച മാറ്റങ്ങൾ കുറേയെല്ലാം നേരിൽ കണ്ടയാളാണ് ഞാൻ. അദ്ദേഹം ആകെ മാറിപ്പോയി. ഞങ്ങൾ തമ്മിൽ ഇപ്പോൾ സംസാരിക്കാറില്ലാത്ത അവസ്ഥയാണ്. പ്രശസ്തിയും അധികാരവും കൈവരുമ്പോൾ, ആളുകൾ അടുത്തു വരുന്നത് എന്തോ ഉദ്ദേശ്യം വച്ചാണെന്ന് അത്തരക്കാർ ചിന്തിക്കും. ഞാൻ അങ്ങനെ ആരുടെയും അടുത്തു പോകുന്നയാളല്ല.
‘‘കോലിക്ക് 14 വയസ്സുള്ളപ്പോൾ മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. സ്ഥിരമായി സമൂസ കഴിച്ചിരുന്ന, എല്ലാ രാത്രികളിലും പീസ കഴിക്കാൻ കൊതിച്ചിരുന്ന കോലി. അന്നത്തെ കോലിയും ഇന്ത്യൻ ടീമിന്റെ നായകനായ കോലിയും തമ്മിൽ ഒരുപാടു മാറ്റങ്ങളുണ്ട്. എന്നെ കാണുമ്പോഴെല്ലാം വളരെ ആദരവോടെയാണ് കോലിയുടെ പെരുമാറ്റം. പക്ഷേ, അദ്ദേഹം ആ പഴയ ആളല്ലെന്ന് തീർച്ച’ – മിശ്ര പറഞ്ഞു.