ADVERTISEMENT

മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകാൻ കാരണം നായകനെച്ചൊല്ലി ബിസിസിഐ സെക്രട്ടറി ജയ് ഷായും നിയുക്ത പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള തർക്കം? ഇന്ത്യൻ ടീമിനെ ഇന്നലെ വൈകിട്ടോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും, ടീം പ്രഖ്യാപനം അപ്രതീക്ഷിതമായി ഇന്നത്തേക്കു നീട്ടുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് അറിയാനായി ജയ് ഷാ സിലക്ഷൻ കമ്മിറ്റിയുമായി ചേർന്ന് ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായത്.

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതോടെയാണ് പുതിയ നായകനെ കണ്ടെത്തേണ്ടത് അനിവാര്യമായത്. ഹാർദിക് പാണ്ഡ്യ സ്വാഭാവികമായും ഇന്ത്യൻ നായകനാകുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും, ഗൗതം ഗംഭീർ മനസ്സു തുറന്നതോടെയാണ് ഇക്കാര്യത്തിൽ സംവാദം രൂപപ്പെട്ടത്.

ഹാർദിക് പാണ്ഡ്യ തന്നെ നായകനാകട്ടെ എന്നായിരുന്നു ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിലപാട്. എന്നാൽ, സ്ഥിരമായി പരുക്കിന്റെ പിടിയിലാകുന്ന ഹാർദിക്കിനെ നായകനാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. മാത്രമല്ല, രോഹിത്തിന്റെ പിൻഗാമിയായി അദ്ദേഹം സൂര്യകുമാർ യാദവിന്റെ പേര് മുന്നോട്ടു വയ്ക്കുകയും ചെയ്തു.

ഹാർദിക് പാണ്ഡ്യ തന്നെ മതിയെന്ന നിലപാടിൽ ജയ് ഷായും ഉറച്ചു നിന്നതോടെയാണ് അഭിപ്രായ ഭിന്നതയുണ്ടായത്. പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ നിലപാട് പരിഗണിച്ച് സൂര്യകുമാർ തന്നെ നായകസ്ഥാനത്തേക്ക് വരുമെന്നാണ് വിവരം. ഇക്കാര്യം ചീഫ് സിലക്ടർ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും ചേർന്ന് പാണ്ഡ്യയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഏകദിനത്തിൽ രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ നയിക്കാൻ കെ.എൽ. രാഹുലോ അതോ ശുഭ്മൻ ഗില്ലോ എന്ന കാര്യത്തിലും തർക്കുണ്ടായിരുന്നെങ്കിലും, രോഹിത് പരമ്പരയിൽ കളിക്കണമെന്ന ഗംഭീറിന്റെ നിലപാട് ആ പ്രശ്നം പരിഹരിക്കും. ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി വളരെ കുറച്ച് ഏകദിന മത്സരങ്ങൾ മാത്രമേ ഇന്ത്യ കളിക്കുന്നുള്ളൂ എന്നതിനാൽ, രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ശ്രീലങ്കയ്‍ക്കെതിരായ ഏകദിന പരമ്പരയിൽ വേണമെന്ന താൽപര്യം ഗംഭീർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രോഹിത് ഏകദിനം കളിക്കാനായി തിരിച്ചെത്താമെന്ന് വ്യക്തമാക്കിയത്.

English Summary:

Are Gautam Gambhir and Jay Shah divided over India's T20I captaincy?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com