ADVERTISEMENT

മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും രംഗത്ത്. സഞ്ജു സാംസൺ, അഭിഷേക് ശർമ, യുസ്‌വേന്ദ്ര ചെഹൽ എന്നിവരെ ടീമിലേക്കു പരിഗണിക്കാത്തതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് ഹർഭജൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഒട്ടേറെ പേരാണ് ഹർഭജന്റെ നിലപാടിനെ പിന്തുണച്ച് കമന്റുകളുമായി രംഗത്തെത്തിയത്. യുവതാരം ഋതുരാജ് ഗെയ്‍ക്‌വാദിനെക്കുറിച്ച് ഹർഭജൻ പ്രതിപാദിക്കാത്തതിൽ നിരാശ പങ്കുവച്ചവരുമുണ്ട്.

മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ ഇടംപിടിച്ചെങ്കിലും, അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ഒരുക്കുന്ന ഏകദിന ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നുന്ന സെഞ്ചറിയുമായി ഇന്ത്യയുടെ വിജയശിൽപിയായതിനു പിന്നാലെയാണ്, തൊട്ടടുത്ത പര്യടനത്തിൽ സഞ്ജുവിനെ തഴഞ്ഞത്. ഇതിനെതിരെ ആരാധകർ വിമർശനമുയർത്തുമ്പോഴാണ് ഹർഭജനും സമാന നിലപാടുമായി രംഗത്തെത്തിയത്.

സിംബാബ്‌വെ പര്യടനത്തിൽ കരിയറിലെ രണ്ടാമത്തെ മത്സരത്തിൽത്തന്നെ തകർപ്പൻ സെഞ്ചറിയുമായി വരവറിയിച്ച യുവതാരം അഭിഷേക് ശർമയെ ഒഴിവാക്കിയതും വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഓപ്പണറെന്ന നിലയിൽ ഐപിഎലിലും മികച്ച റെക്കോർഡുള്ള താരത്തെ സിലക്ഷൻ കമ്മിറ്റി പുറത്തിരുത്തുകയായിരുന്നു.

ഐപിഎലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ള ചെഹലിനെ, ഇരു ടീമുകളിലേക്കും പരിഗണിച്ചിരുന്നില്ല. ലോകകപ്പ് ടീമിലും ചെഹൽ അംഗമായിരുന്നു. ഒരു മത്സരം പോലും കളിപ്പിക്കാതിരുന്ന താരത്തെ, തൊട്ടടുത്ത പരമ്പരയിൽ പുറത്തിരുത്തിയതും വിവാദമായി. ഇതിനിടെയാണ് മൂവർക്കുമായി ശബ്ദമുയർത്തി ഹർഭജൻ രംഗത്തെത്തിയത്.

English Summary:

Harbhajan Singh Criticizes Indian Cricket Team Selection for Sri Lanka Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com