സിക്സ് അടിച്ചാൽ റണ്ണില്ല, രണ്ടാമതും അടിച്ചാൽ ഔട്ട്; സിക്സ് നിരോധിച്ച് 234 വർഷം പഴക്കമുള്ള ഇംഗ്ലിഷ് ക്ലബ്
Mail This Article
ലണ്ടൻ∙ ഒരു ക്രിക്കറ്റ് മത്സരം കാണുന്ന ആരാധകന് ഗ്രൗണ്ടിൽ ഏറ്റവും സന്തോഷം നൽകുന്ന കാഴ്ച എന്താണ്? മഴവില്ലഴകോടെ ഗാലറിയിലേക്ക് ചാഞ്ഞിറങ്ങുന്ന പടുകൂറ്റൻ സിക്സറുകൾ എന്നാകും മിക്കവരുടെയും ഉത്തരം. പ്രത്യേകിച്ചും ട്വന്റി20യുടെ വരവോടെ ഗാലറിയിലേക്ക് പെയ്തിറങ്ങുന്ന സിക്സറുകൾ ഇല്ലാത്ത ക്രിക്കറ്റ് മത്സരങ്ങൾ ആലോചിക്കാൻ പോലുമാകില്ല. അതിനിടെ, ഇനിമുതൽ സിക്സറുകൾ അടിക്കുന്നതിൽനിന്ന് ഒരു ടീം, താരങ്ങളെ വിലക്കിയ വാർത്തയാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. 234 വർഷത്തെ പാരമ്പര്യമുള്ള വെസ്റ്റ് സസക്സിലെ സൗത്ത്‌വിക് ആൻഡ് ഷോർഹാം ക്രിക്കറ്റ് ക്ലബ്ബാണ്, ഇനിമുതൽ സിക്സറുകൾ വേണ്ടെന്ന് താരങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ഈ ക്ലബ് സിക്സറുകൾ വിലക്കിയിരിക്കുന്നത് എന്നല്ലേ? ഇവരുടെ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന അയൽക്കാർ വ്യാപക പരാതിയുമായി രംഗത്തെത്തിയതോടെയാണ്, സിക്സറുകൾ വിലക്കുക എന്ന അസാധാരണ നടപടിയിലേക്ക് ക്ലബ് അധികൃതർ കടന്നത്. ഗ്രൗണ്ടിൽനിന്ന് അടിക്കുന്ന പടുകൂറ്റൻ സിക്സറുകൾ പതിച്ച് വീടിന്റെ ജനൽച്ചില്ലും കാറിന്റെ ഗ്ലാസും ഉൾപ്പെടെ തകരുന്നുവെന്നാണ് അയൽക്കാരുടെ പരാതി.
പരാതി വ്യാപകമായതോടെയാണ്, 1790ൽ രൂപീകൃതമായ ഇംഗ്ലിഷ് ക്ലബ് കടുത്ത നടപടിയിലേക്ക് കടന്നത്. ഇനിമുതൽ ക്ലബ്ബിന്റെ താരങ്ങൾ സിക്സ് അടിക്കേണ്ട! ഇനി അബദ്ധവശാലെങ്ങാനും ഒരു സിക്സ് അടിച്ചാൽ ആ റൺസ് സ്കോർ ബോർഡിൽ ചേർക്കില്ലെന്നാണ് തീരുമാനം. അതേ താരം രണ്ടാമതും സിക്സ് അടിച്ചാലോ, ഔട്ട് ആയി കണക്കാക്കും!
‘‘ബോളർക്കെതിരെ നേടുന്ന സിക്സറുകൾ ആ ബാറ്ററുടെ കഴിവായാണ് ലോകമെമ്പാടും വിലയിരുത്തപ്പെടുന്നത്. എന്നിട്ട് സിക്സർ നിരോധിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? എന്തൊരു മണ്ടൻ തീരുമാനമാണ് ഇത്. സിക്സറുകൾ നിരോധിക്കുന്നത് കളിയുടെ രസം കളയുമെന്ന് ഉറപ്പല്ലേ. കളി നിയമങ്ങൾ ഇത്തരത്തിൽ വളച്ചൊടിക്കുന്നത് ശരിയല്ല’ – ക്ലബിന്റെ ഒരു താരത്തെ ഉദ്ധരിച്ച് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.