ADVERTISEMENT

കൊളംബോ∙ രോഹിത് ശർമയുടെ പകരക്കാരനായി ഇക്കഴിഞ്ഞ സീസണിൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച ഹാർദിക് പാണ്ഡ്യ, ക്യാപ്റ്റനെന്ന നിലയിൽ പുറത്തെടുത്ത മോശം പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനവും നഷ്ടമാക്കിയതെന്ന നിരീക്ഷണവുമായി ശ്രീലങ്കയുടെ മുൻ താരം റസ്സൽ അർണോൾഡ്. രോഹിത്തിനെ നീക്കി ഭാവി ക്യാപ്റ്റനെന്ന വിശേഷണവുമായെത്തിയ ഹാർദിക്കിനെ നായകസ്ഥാനത്ത് അവരോധിച്ചെങ്കിലും, തീർത്ത മോശം പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസിന്റേത്. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനക്കാരായി നാണംകെട്ട് അവർ പുറത്താവുകയും ചെയ്തു.

രോഹിത്തിനെ നീക്കി ഹാർദിക്കിനെ നായകസ്ഥാനത്ത് എത്തിച്ചത് ശരിയായില്ലെന്ന മുംബൈ ഇന്ത്യൻസ് ആരാധകരുടെ നിലപാട്, സ്വന്തം മൈതാനത്ത് താരത്തിനെതിരായ കൂവലായിപ്പോലും പല ഘട്ടങ്ങളിലും പരിണമിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, മുംബൈ നായകനെന്ന നിലയിലുള്ള ദയനീയ പ്രകടനമാകാം ഹാർദിക്കിനു നായകസ്ഥാനം നഷ്ടമാക്കിയതെന്ന റസ്സൽ അർണോൾഡിന്റെ നിരീക്ഷണം.

‘‘രണ്ടു പേരും (സൂര്യകുമാറും പാണ്ഡ്യയും) പ്രതിഭാധനരായ താരങ്ങളാണ്. ഇവരുടെ സാന്നിധ്യം ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുന്നുമുണ്ട്. കളിക്കുന്ന ശൈലി പരിഗണിച്ചാൽ ഇന്നുള്ളവരിൽ ഏറ്റവും മികച്ച ട്വന്റി20 ബാറ്ററാണ് സൂര്യ. മറ്റാരേയുംകാൾ മികച്ച രീതിയിൽ കളിയെ വായിച്ചെടുക്കാൻ അദ്ദേഹത്തിനാകും.

‘‘ഇതേ കഴിവ് ഹാർദിക് പാണ്ഡ്യയും പലതവണ തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ, ഐപിഎലിൽ നായകനെന്ന നിലയിലുള്ള ഹാർദിക്കിന്റെ പ്രകടനവും, അവിടെ അദ്ദേഹത്തിന് സഹതാരങ്ങളുടെയും ആരാധകരുടെയും വിശ്വാസം ആർജിക്കാൻ സാധിക്കാതെ പോയതും പുതിയ നായകനെ തിരഞ്ഞെടുത്ത ഘട്ടത്തിൽ ബിസിസിഐ പരിഗണിച്ചിട്ടുണ്ടാകും’’ – അർണോൾ‍ഡ് പറഞ്ഞു.

എല്ലാവരും സന്തോഷത്തോടെ മുന്നോട്ടു പോകുന്ന ഡ്രസിങ് റൂമാകും ബിസിസിഐയും സിലക്ടർമാരും ആഗ്രഹിച്ചിരിക്കുകയെന്നും, അതിന് സൂര്യകുമാറിനേക്കാൾ നല്ലൊരു സാധ്യതയില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കാമെന്നും അർണോൾഡ് അഭിപ്രായപ്പെട്ടു.

‘‘നായകനെന്ന നിലയിൽ എല്ലാവരെയും ചേർത്തും സന്തോഷത്തോടെയും നിലനിർത്തുന്നത് ടീമിനെ ഒരേ ദിശയിൽ നയിക്കുന്നതിൽ നിർണായകമാണ്. ഹാർദിക് നായകനായാൽ അതു സംഭവിക്കില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ഈ ഘട്ടത്തിൽ സൂര്യകുമാർ യാദവ് തന്നെയാണ് ഇതിനു നല്ലതെന്ന് ഞാൻ കരുതുന്നു. നായകനെന്ന നിലയിൽ തന്റെ മികവ് അടയാളപ്പെടുത്താനുള്ള ഒരു അവസരവും ഇതിലൂടെ സൂര്യകുമാറിനു ലഭിക്കുന്നു’ – അർണോൾഡ് പറഞ്ഞു.

English Summary:

Hardik Pandya 'couldn't gain respect' of India players after IPL horror, says Arnold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com