ADVERTISEMENT

പെർത്ത്∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാരെ ‘വെള്ളം കുടിപ്പിച്ച’ ഓസ്ട്രേലിയയ്ക്ക്, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. തീ തുപ്പുന്ന പന്തുകളുമായി മുന്നിൽനിന്ന് പടനയിച്ച് യഥാർഥ ക്യാപ്റ്റനായി മാറിയ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ്, ഓസ്ട്രേലിയയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ ഇന്ത്യയുടെ തിരിച്ചടി. ഒന്നാം ദിനം കളി നിർത്തുമ്പോൾ പ്രതിരോധത്തിലായ ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. ഇന്ത്യൻ ബോളിങ് ആക്രമണത്തെ പ്രതിരോധിച്ച് അലക്സ് കാരിയും (28 പന്തിൽ 19), മിച്ചല്‍ സ്റ്റാർക്കും (14 പന്തിൽ ആറ്) ക്രീസിൽ.

ആദ്യ ദിവസങ്ങളിൽ പേസർമാരെ പരമാവധി പിന്തുണയ്ക്കുന്ന പെർത്ത് സ്റ്റേ‍ഡിയത്തിന്റെ ശൈലി കൂടി ചേർന്നതോടെയാണ് ആദ്യ ദിനം 17 വിക്കറ്റുകൾ വീണത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ ഓസീസ് 150 റൺസിനു പുറത്താക്കിയപ്പോൾ, അതിലും ‘കനത്തി’ലായിരുന്നു ഇന്ത്യയുടെ മറുപടി. നേഥൻ മക്സ്വീനി (13 പന്തിൽ 10), ഉസ്മാന്‍ ഖവാജ (19 പന്തിൽ എട്ട്), സ്റ്റീവ് സ്മിത്ത് (പൂജ്യം), പാറ്റ് കമിൻസ് (അഞ്ച് പന്തിൽ മൂന്ന്) എന്നിവരെ പുറത്താക്കി ക്യാപ്റ്റൻ ജസപ്രീത് ബുമ്ര തന്നെ പേസ് ആക്രമണത്തിനു നേതൃത്വം നൽകി.

13 പന്തിൽ 11 റൺസെടുത്ത ട്രാവിസ് ഹെഡിനെ പേസർ ഹർഷിത് റാണ ബോൾഡാക്കി. സ്കോർ 38ൽ നിൽക്കെ മിച്ചൽ മാർഷിനെ മുഹമ്മദ് സിറാജ് കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു. വൺ‍ഡൗണായി ഇറങ്ങിയ ലബുഷെയ്ൻ 21–ാം ഓവർ വരെ പിടിച്ചുനിന്നെങ്കിലും സ്കോർ ബോര്‍ഡിൽ കൂട്ടിച്ചേർക്കാനായത് 2 റൺസ് മാത്രം. ജസ്പ്രീത് ബുമ്ര നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.

∙ അടിപതറി ഇന്ത്യ,  പിടിച്ചുനിർത്തി നിതീഷും പന്തും

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റൺസെടുത്താണു പുറത്തായത്. അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആറു ഫോറുകളും ഒരു സിക്സും അടിച്ച നിതീഷ് 59 പന്തിൽ 41 റൺസെടുത്തു. 78 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 37 റണ്‍സും, 74 പന്തുകൾ നേരിട്ട കെ.എൽ. രാഹുൽ 26 റൺസും എടുത്തു പുറത്തായി.

ഓപ്പണർ യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും ആദ്യ ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാതെ ഔട്ടായി. വിരാട് കോലി (12 പന്തില്‍ അഞ്ച്), ധ്രുവ് ജുറെൽ (20 പന്തിൽ 11), വാഷിങ്ടൻ സുന്ദർ (15 പന്തിൽ നാല്), ഹർഷിത് റാണ (അഞ്ചു പന്തിൽ ഏഴ്) എന്നിങ്ങനെയാണ് ആദ്യ ഇന്നിങ്സിൽ പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. മിച്ചൽ സ്റ്റാർക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ മകസ്വീനി ക്യാച്ചെടുത്താണ് ജയ്സ്വാളിനെ മടക്കിയത്. 23 പന്തുകൾ നേരിട്ട ദേവ്ദത്ത് ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അല്ക്സ് ക്യാരിയുടെ ക്യാച്ചില്‍ പുറത്തായി. ജോഷ് ഹെയ്‍സൽവുഡിന്റെ പന്തിലായിരുന്നു കോലിയുടേയും പുറത്താകൽ.

പുറത്തായി മടങ്ങുന്ന കെ.എൽ. രാഹുൽ. Photo: SAEED KHAN / AFP
പുറത്തായി മടങ്ങുന്ന കെ.എൽ. രാഹുൽ. Photo: SAEED KHAN / AFP

സ്കോർ 47–ൽ നിൽക്കെ ഡിആർഎസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. റീപ്ലേകളിൽ പന്തും ബാറ്റും ചെറിയ എഡ്ജുണ്ടെന്ന് തേർഡ് അംപയർ ‘കണ്ടെത്തുകയായിരുന്നു’. അംപയറുടെ തീരുമാനത്തിലെ അതൃപ്തി ഗ്രൗണ്ടിൽവച്ചു തന്നെ അറിയിച്ചാണ് താരം ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. ലഞ്ചിനു പിരിയുമ്പോള്‍ 25 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ധ്രുവ് ജുറെലിനെയും വാഷിങ്ടൻ സുന്ദറിനെയും മിച്ചൽ മാര്‍ഷ് പുറത്താക്കി. 39.2 ഓവറിൽ ഇന്ത്യ 100 കടന്നു.

ഋഷഭ് പന്തും നിതീഷ് റെഡ്ഡിയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യൻ സ്കോർ 150 ൽ എത്തിച്ചത്. ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം പങ്കിട്ടെടുത്തു.

English Summary:

India vs Australia First Test, Day 1 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com