പ്രായം ജിയിങ്ങിന് മോഹം നൽകി; ചിലെ ടേബിൾ ടെന്നിസ് താരത്തിന് 58–ാം വയസ്സിൽ ഒളിംപിക്സ് അരങ്ങേറ്റം
Mail This Article
കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഒളിംപിക്സ് മോഹങ്ങൾക്ക് പ്രായം ഒരു തടസ്സമേയല്ല. അതിന്റെ ഏറ്റവും മികച്ച തെളിവാണ് 58 വയസ്സുകാരി സങ് ജിയിങ്ങ്. ഒളിംപിക്സിൽ ചിലെയുടെ ടേബിൾ ടെന്നിസ് താരമായ ജിയിങ്ങിന്റെ അരങ്ങേറ്റമാണ് ഇത്തവണ. ടേബിൾ ടെന്നിസ് ഉപേക്ഷിച്ച് 35 വർഷം മുൻപ് ചൈനയിൽ നിന്നു ചിലെയിലെത്തിയ ജിയിങ്ങിന്റെ അത്ഭുത തിരിച്ചുവരവാണ് പാരിസിലെ ഒളിംപിക്സ് വേദിയിലെത്തി നിൽക്കുന്നത്.
9–ാം വയസ്സിൽ ടേബിൾ ടെന്നിസിൽ മത്സരിച്ചു തുടങ്ങിയ ജിയിങ് 17–ാം വയസ്സിൽ ചൈനീസ് ദേശീയ ടീമിൽ ഇടംനേടിയതാണ്. മിന്നുംഫോമിൽ നിൽക്കെ ഇരുപതാം വയസ്സിൽ ടേബിൾ ടെന്നിസിൽ നിന്നു വിരമിച്ച് എല്ലാവരെയും ഞെട്ടിച്ചു. ടേബിൾ ടെന്നിസ് പരിശീലകയായി 1989ൽ ചിലെയിലെത്തിയ ജിയിങ് പിന്നീട് പരിശീലക വേഷവും അഴിച്ചുവച്ച് കുടുംബത്തിനൊപ്പം ബിസിനസിലേക്കു തിരിഞ്ഞു.
ലോകത്തെ കായികമത്സരങ്ങളെയടക്കം സ്തംഭിപ്പിച്ച കോവിഡാണ് 3 വർഷം മുൻപ് ടേബിൾ ടെന്നിസിലേക്കുള്ള സങ് ജിയിങ്ങിന്റെ തിരിച്ചുവരവിന് കാരണമായത്. ലോക്ഡൗൺ കാലത്തു വീടിനുള്ളിൽ ഒറ്റപ്പെട്ട താരം ഏകാന്തത മാറ്റാൻ ഒരു ടേബിൾ ടെന്നിസ് ബോർഡ് വാങ്ങി ഒറ്റയ്ക്കു മത്സരിച്ചു തുടങ്ങി. മാസങ്ങളോളം നീണ്ട ഏകാന്ത പരിശീലനം മനസ്സിൽ ഒളിംപിക്സ് സ്വപ്നങ്ങളുടെ വിത്തുപാകി.
ലോക്ഡൗണിനുശേഷം പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്തു മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ ജിയിങ് ഒരു വർഷത്തിനുള്ളിൽ ചിലെയിലെ ഒന്നാംനമ്പർ വനിതാ താരമായി. പാൻ അമേരിക്ക ചാംപ്യൻഷിപ്പ് അടക്കമുള്ള രാജ്യാന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടുകയും ചെയ്തു.