ഇന്ന് ചോക്ലേറ്റ് ഡേ, സമ്മാനമായി കിട്ടുന്ന ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കാൻ വരട്ടെ, മുഖത്തിനും ബെസ്റ്റാണ്
Mail This Article
വാലന്റൈൻസ് വീക്കിലെ പ്രധാനപ്പെട്ട ദിവസമായ ചോക്ലേറ്റ് ദിവസമാണ് ഇന്ന്. പലർക്കും പല തരത്തിലുള്ള ചോക്ലേറ്റുകളും ഇന്ന് ലഭിക്കും. എന്നാൽ അക്കൂട്ടത്തിൽ ഡാർക്ക് ചോക്ലേറ്റ് ലഭിച്ചവർ അത് കഴിക്കാൻ വരട്ടെ. മുഖം തിളങ്ങാൻ ഇതിലും മികച്ച മറ്റൊരു വഴിയില്ല. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും അത് മാസ്കായി മുഖത്ത് പുരട്ടുന്നതും ചർമത്തിന് വളരെ നല്ലതാണ്. ഇത് ചർമത്തിലെ കറുത്ത പാടുകളും പിഗ്മെന്റേഷനും കുറച്ചുകൊണ്ട് ചർമത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. ചർമത്തിന്റെ ഈർപ്പം തിരികെ കൊണ്ടുവരുന്നതിനും രക്തചംക്രമണം വർധിപ്പിക്കുന്നതിനുമെല്ലാം ചോക്ലേറ്റിലെ പോഷകങ്ങൾ സഹായിക്കും.ഡാർക്ക് ചോക്ലേറ്റ് ചർമത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും ചർമത്തിന് പുതുമയും തിളക്കവും നിലനിർത്തുകയും ചെയ്യും. ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചോക്ലേറ്റും തേനും
ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് തേൻ. ഡാർക്ക് ചോക്ലേറ്റിനോടൊപ്പം ചേർത്ത് തേൻ പ്രയോഗിക്കുന്നത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കം നൽകും. ഇതിനായി ഒരു പാത്രത്തിൽ കാൽ കപ്പ് ഉരുക്കിയ ഡാർക്ക് ചോക്ലേറ്റ്, 1 ടീസ്പൂൺ തേൻ, കുറച്ച് നാരങ്ങ നീര് എന്നിവ മിക്സ് ചെയ്യുക. നന്നായി കലർത്തിയ ശേഷം മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പുരട്ടുക. ഇത് 15 മിനിറ്റ് മുഖത്ത് വെക്കണം. നന്നായി മസാജ് ചെയ്യാൻ മറക്കരുത്. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
ചോക്ലേറ്റും കടലമാവും
കടലമാവിന് സൗന്ദര്യ സംരക്ഷണത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് നമുക്ക് അറിയാമല്ലോ. അപ്പോൾ ചോക്ലേറ്റും കടലമാവും ചേർത്താൽ കിട്ടുന്ന ഫലത്തെപ്പറ്റി ഊഹിക്കാമല്ലോ. ഇനി ഈ മാസ്ക് ഉണ്ടാക്കേണ്ടത് എങ്ങനെ ആണെന്ന് നോക്കാം. ഒരു ബാർ ഡാർക്ക് ചോക്ലേറ്റ് ഉരുക്കി ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ നാരങ്ങ നീര് എന്നിവ മികസ് ചെയ്യുക. പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം.
ചോക്ലേറ്റും തൈരും
തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമത്തിലെ നിർജീവ കോശങ്ങളെ അലിയിച്ചു കളയുകയും ചർമത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ചെയ്യുന്നു. ചോക്ലേറ്റും തൈരും ചേർന്ന ഫെയ്സ് മാസ്ക് തയാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം ഒരു ബാർ ഡാർക്ക് ചോക്ലേറ്റ് ഉരുക്കിയെടുക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് 1 ടേബിൾ സ്പൂൺ കടലമാവും ചേർത്ത് കൂട്ടി യോജിപ്പിക്കാം. നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം, മാസ്ക് സ്‌ക്രബ് ചെയ്ത് കഴുകി കളയുക. മുഖം മിനുങ്ങാൻ ഈ ഒരു മാസ്ക് മാത്രം മതി. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്താൽ മുഖം വെട്ടി തിളങ്ങും.