മേക്കപ്പിൽ ഇനി വിയർപ്പ് വില്ലനാവില്ല, ‘കെ ബ്യൂട്ടി ടിപ്സ്’ ഒന്നു പരീക്ഷിച്ചു നോക്കാം
Mail This Article
വെയിൽ കനത്തതോടുകൂടി ശരീരത്തിൽ വിയർപ്പ് സ്ഥിര സന്ദർശകനായിരിക്കുകയാണ്. ഇത് ചൊറിച്ചിലും ദുർഗന്ധവും സമ്മാനിക്കുന്നത് കൂടാതെ കഷ്ടപ്പെട്ട് ചെയ്യുന്ന മേക്കപ്പ് ഒറ്റയടിക്ക് നശിപ്പിച്ചു കളയും. വിയർപ്പിൽ നിന്നും നമ്മുടെ മേക്കപ്പിന് വേണം ഒരു കെ ബ്യൂട്ടി സംരക്ഷണം. കെ ബ്യൂട്ടി എന്നൊക്കെ കേട്ട് ഞെട്ടണ്ട. നമ്മൾ എല്ലാവരുടെയും കയ്യിലുള്ള പ്രൊഡക്ടുകളും ഇത്തിരി ശ്രദ്ധയും മാത്രം മതി ഈ പ്രശ്നം പരിഹരിക്കാൻ.
മോയ്സ്ചറൈസ് ചെയ്യാം
എല്ലാ ദിവസവും കൃത്യമായി ഓയിൽ ഫ്രീ ആയിട്ടുള്ള മോയ്സ്ചറൈസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ഏത് സീസണിൽ ആയാലും ഇക്കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചർമത്തിന്റെ ഇലാസ്തികത നിലനിർത്താൻ ജലാംശം ആവശ്യമാണ്.
സൺസ്‌ക്രീൻ
എല്ലാ ദിവസവും എസ്പിഎഫ് 30 അല്ലെങ്കിൽ അതിലും ഉയർന്ന സൺസ്‌ക്രീൻ ഉപയോഗിക്കുക. വീടിനകത്ത് ഇരിക്കുന്നവരും സൺക്രീൻ ഇടുന്നത് പതിവാക്കുന്നതാണ് നല്ലത്. പുറത്തു പോകുമ്പോൾ സൺസ്‌ക്രീൻ ഇട്ടെന്ന് തീർച്ചയായും ഉറപ്പുവരുത്തുക. കൃത്യമായ ഇടവേളകളിൽ സൺസ്‌ക്രീൻ വീണ്ടും ഇടാൻ മറക്കരുത്. ഒരു സ്പോഞ്ച് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് മേക്കപ്പിട്ട അതേ ചർമത്തിൽ തന്നെ വീണ്ടും ഉപയോഗിക്കാവുന്നതാണ്.
പ്രൈമർ
മോയിസ്ചറൈസറിന് ശേഷവും മേക്കപ്പിന് മുമ്പും പ്രൈമർ തീർച്ചയായും പുരട്ടുക. ഇത് നിങ്ങളുടെ മേക്കപ്പ് നാച്ചുറൽ ആയി ഇരിക്കാൻ സഹായിക്കും. കൂടാതെ മേക്കപ്പ് ഉൽപന്നങ്ങൾക്ക് വേനൽക്കാല വിയർപ്പിനെതിരെ പോരാടാനുള്ള ശക്തിയും നൽകും. നല്ലൊരു പ്രൈമർ ഉപയോഗിക്കുന്നത് വിയർപ്പ് തടയാനുള്ള മികച്ച മാർഗമാണ്.
ബ്ലോട്ടിങ് പേപ്പർ
അധിക ഷൈൻ ഇല്ലാതാക്കാൻ ബ്ലോട്ടിംഗ് പേപ്പറുകൾ ഫലപ്രദമാണ്. ചർമത്തിലെ എണ്ണയും വിയർപ്പും ഒക്കെ തുടച്ചു കളയാൻ ബ്ലോട്ടിങ് പേപ്പറാണ് ഏറ്റവും ഉചിതം. കർച്ചീഫോ ടിഷ്യുവോ ഉപയോഗിച്ചാൽ നിങ്ങളുടെ മേക്കപ്പ് വൃത്തികേടാവാൻ സാധ്യതയുണ്ട്. എന്നാൽ ബ്ലോട്ടിങ് പേപ്പർ വളരെ വൃത്തിയോടെ വിയർപ്പ് ആഗിരണം ചെയ്യും.
സെറ്റിങ്സ് സ്പ്രേ
മേക്കപ്പ് ദീർഘനേരം നിൽക്കാൻ ഏറ്റവും മികച്ചത് സെറ്റിങ്സ് സ്പ്രേ ഉപയോഗിക്കുക എന്നത് തന്നെയാണ്. ഇത് വിയർപ്പിന് ചെറിയ തോതിൽ ശമനം ഉണ്ടാക്കുകയും ചെയ്യും. നിങ്ങൾ ഒത്തിരി വിയർത്താലും സെറ്റിങ്സ് സ്പ്രേ ഉപയോഗിക്കുന്നത് കാരണം മേക്കപ്പ് ഒലിച്ചിറതിരിക്കാൻ സഹായിക്കും. ഇതൊന്നും കൂടാതെ കയ്യിൽ എപ്പോഴും ലിപ്സ്റ്റിക്, ഫൗണ്ടേഷൻ എന്നിവ വെക്കുന്നതും നല്ലതായിരിക്കും.