പുരുഷന്മാരേ, മുടി കൊഴിയുന്നത് നോക്കി നിൽക്കല്ലേ! പരിഹാരം അടുക്കളയിൽ തന്നെയുണ്ട്
Mail This Article
മുടി കൊഴിച്ചിൽ അത് ആൺ-പെൺ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഉണ്ടാവാറുണ്ട്. എന്നാൽ സ്ത്രീകൾ അതിന് പരിഹാരം കാണാൻ പണി പതിനെട്ടും നോക്കും. പക്ഷേ പുരുഷന്മാർ ആവട്ടെ അത് കണ്ടതായി നടിക്കുക പോലുമില്ല. അവസാനം ഉള്ള മുടി എല്ലാം കൊഴിഞ്ഞ് കഷണ്ടി ആയി മാറി നടക്കുന്ന അവസ്ഥ ആവും. മുടി കൊഴിയുമ്പോൾ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നം വയസ്സ് കൂടൂതൽ തോന്നിക്കും എന്നതാണ്. പ്രത്യേകിച്ച് പുരുഷന്മാർക്ക്. ഇരുപതുകാരൻ വരെ നാല്‍പതുകാരനായി ഞൊടിയിടയിൽ മാറും. എന്നാൽ എന്താണ് പരിഹാരം? മുടി കൊഴിയുന്നത് കാണുമ്പോൾ തന്നെ അതിനുള്ള പ്രതിവിധി ചെയ്തു തുടങ്ങുക. മുടി കൊഴിച്ചിൽ തടയാൻ നിങ്ങളുടെ അടുക്കളയിൽ തന്നെ നിരവധി പരിഹാരങ്ങൾ ഉണ്ട്.
ആദ്യം മസാജ് ചെയ്ത് തുടങ്ങാം
ആണുങ്ങളുടെ മുടി കൊഴിച്ചിലിന് പ്രധാന കാരണം മാനസിക സമ്മർദമാണ്. അതുപോലെ മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയുമൊക്കെ വളരെയധികം മുടികൊഴിച്ചിലിന് കാരണമാകുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും മുടിയ്ക്ക് ആവശ്യമായ രീതിയിലുള്ള പരിചരണം നൽകാൻ ശ്രദ്ധിക്കണം. ഇതിനായി മസാജിലൂടെ തന്നെ തുടങ്ങാം. ഇത് ആഴ്ചയിൽ ഒരിക്കലല്ല ദിവസവും ജോലി കഴിഞ്ഞ വന്ന് ചെയ്യാവുന്നതാണ്. അത് നിങ്ങളുടെ ആ ദിവസത്തെ ടെൻഷനൊക്കെ അകറ്റാൻ സഹായിക്കും. മസാജ് മുടിയ്ക്കും അതുപോലെ തലയോട്ടിക്കും വളരെ നല്ലതാണ്. രക്തയോട്ടം കൂട്ടി മുടിയുടെ രോമകൂപങ്ങളെ നേരെയാക്കാൻ ഇത് സഹായിക്കും. ഏതെങ്കിലും ഒരു ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാം. വെളിച്ചെണ്ണയോ റോസ് മേരി ഓയിലോ ബദാം ഓയിലോ ഇതിനായി ഉപയോഗിക്കാം. ഇത് മുടി വളർച്ചയ്ക്കും ഏറെ നല്ലതാണ്.
നെല്ലിക്ക
തലമുടിയുടെ ആരോഗ്യത്തിനു നെല്ലിക്ക ഒത്തിരി ഗുണം ചെയ്യും. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ തലമുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കും. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ പാക്ക് സഹായിക്കും. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം.
ഉലുവ
മുടിയുടെ ഉറ്റ സുഹൃത്താണ് ഉലുവ എന്ന് വേണമെങ്കിൽ പറയാം. താരൻ, മുടി കൊഴിച്ചിൽ തുടങ്ങി പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഉലുവ ഏറെ സഹായിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന അയണും പ്രോട്ടീനും മുടിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. മുടി വളർച്ചയ്ക്ക് ഇവ ഉത്തമമാണ്. രാത്രിയിൽ ഉലുവ വെറും വെള്ളത്തിലോ അല്ലെങ്കിൽ കഞ്ഞി വെള്ളത്തിലോ കുതിർത്ത് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് അരച്ച് മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുടിയിൽ മണം ഇല്ലാതിരിക്കാൻ മൈൽഡ് ആയ ഷാമ്പൂ കൊണ്ട് വേണമെങ്കിൽ കഴുകി കളയാം.
ഉള്ളി നീര്
പണ്ട് കാലം മുതലേ മുടിയുടെ സംരക്ഷണത്തിൽ ഉപയോഗിക്കുന്ന ചേരുവയാണ് ഉള്ളി. മുടികൊഴിച്ചിൽ മാറ്റാനുള്ള മറ്റൊരു പ്രധാന ചേരുവയാണ് ഇവ. ഇതിൽ അടങ്ങിയിരിക്കുന്ന സൾഫറാണ് മുടികൊഴിച്ചിൽ മാറ്റി മുടി നന്നായി വളർത്തിെടുക്കാൻ ഏറെ സഹായിക്കുന്നത്. അതുപോലെ കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ഇത് ഏറെ മികച്ചതാണ്. രണ്ട് ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിനു ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ മാറുകയും മുടി തഴച്ച് വളരുകയും ചെയ്യും.
കറ്റാർവാഴ
താരന്‍, തലമുടി കൊഴിച്ചില്‍ എന്നിവയെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ കറ്റാർവാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. അല്ലെങ്കിൽ ഇതിനൊപ്പം മറ്റ് ചേരുവകൾ ചേർത്ത് മുടിയിൽ തേയ്ക്കുന്നതും മുടി വളർത്താൻ ഏറെ സഹായിക്കാറുണ്ട്. കറ്റാർവാഴയ്ക്ക് ഒപ്പം ഉലുവ കൂടി ചേർത്താൽ മികച്ച ഫലം ചെയ്യും. കറ്റാർവാഴയും രാത്രിയിൽ കുതിർത്ത് വച്ച ഉലുവയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ പമ്പ കടക്കും.