ADVERTISEMENT

പ്രായം വർധിക്കുന്നതനുസരിച്ച് മുഖത്ത് ചുളിവുകളും പാടുകളും പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. ചർമത്തിന്റെ ഇലാസ്തികതയിൽ വരുന്ന വ്യത്യാസവും ജലാംശം കുറയുന്നതുമൊക്കെയാണ് പ്രകടമായ ഈ മാറ്റത്തിനുള്ള കാരണം. തികച്ചും ജൈവികമായ പ്രക്രിയയാണ് ഇതെങ്കിലും പലരുടെയും ആത്മവിശ്വാസത്തെ ഈ മാറ്റം പ്രതികൂലമായി സ്വാധീനിക്കാറുണ്ട്. അതിനുള്ള പരിഹാരമായി ധാരാളം സൗന്ദര്യവർധക വസ്തുക്കള്‍ വിപണിയിൽ സുലഭമാണെങ്കിലും അവ ചർമത്തിനു സുരക്ഷിതമാണോ എന്നതാണ് ആശങ്ക ഉണർത്തുന്നത്. ചർമ പ്രത്യേകതകൾക്കു ചേർന്ന ഉത്പന്നമല്ല തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രശ്നം വഷളാകാനുള്ള സാധ്യതയുണ്ട്. കെമിക്കലുകൾ മൂലം ഉണ്ടാകുന്ന റിയാക്ഷനുകൾ വേറെയും. ഈ റിസ്കുകളൊന്നുമില്ലാതെ ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാൻ ചില ഹോം റെമഡികൾ നോക്കാം.\

ഇഞ്ചി

അടുക്കളയിൽ സർവസാധാരണമായി ഉപയോഗിക്കുന്ന ഇഞ്ചിക്ക് ചർമത്തിൽ അത്ഭുതങ്ങൾ കാണിക്കാനുള്ള കഴിവുണ്ട്. ഇഞ്ചിയിൽ ഉയർന്ന അളവിൽ ജിഞ്ചറോൾ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് കൊളാജന്റെ കുറവിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ സഹായിക്കുന്നു. ഗ്രേറ്റ് ചെയ്തെടുത്ത ഇഞ്ചിയും ഒരു സ്പൂൺ തേനും രാവിലത്തെ ചായയിൽ ഉൾപ്പെടുത്താം. ഇത് ത്വക്കിന് ഏറെ ഗുണം ചെയ്യും.

ഏത്തപ്പഴം

കൊളാജന്റെ ഉത്പാദനം മെച്ചപ്പെടുത്തി ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാൻ ഏത്തപ്പഴം ഏറെ സഹായകമാണ്. നന്നായി പഴുത്ത ഏത്തപ്പഴം ഉടച്ച് അതിൽ തേൻ കലർത്തി ഫേസ് പാക്ക് തയാറാക്കാം. ഈ പാക്ക് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. നാലാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം ദൃശ്യമാകും.

ഗ്രീൻ ടീ

ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല ചർമ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും ഗ്രീൻ ടീ ഉപയോഗപ്രദമാണ്. ചുളിവുകൾ ഉണ്ടാകുന്നതിന് തടയിടുന്നതിനും കോശങ്ങളുടെ ആരോഗ്യത്തിനും ഗ്രീൻ ടീ സഹായിക്കുന്നു. ഗ്രീൻ ടീയും യോഗർട്ടും കലർത്തി പേസ്റ്റ് രൂപത്തിൽ മിശ്രിതം തയാറാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ചർമത്തിനു യുവത്വം നൽകുന്നതിനു പുറമെ കൺ തടങ്ങളിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ഒലിവ് ഓയിൽ

ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഡി വൈറ്റമിൻ ഇ എന്നിവയ്ക്ക് ആന്റി ഏജിങ് ഗുണങ്ങളുണ്ട്. ചർമത്തിലെ ചുളിവുകളെ കുറയ്ക്കുന്നതിനൊപ്പം ചർമത്തിനു കൂടുതൽ മുറുക്കം നൽകാനും ചുളിവുകൾ ഉണ്ടാകാതെ തടയാനും ഇത് സഹായിക്കുന്നു. ഇതിനായി ഒരു സ്പൂൺ ഒലിവ് ഓയിലും ഒരു സ്പൂൺ നാരങ്ങാനീരും കലർത്തി മിശ്രിതം തയാറാക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടിയതിനുശേഷം 10 മിനിറ്റിനുശേഷം കഴുകി കളയണം. നാലോ അഞ്ചോ തവണ ഉപയോഗിക്കുന്നതോടെ പ്രകടമായ വ്യത്യാസം തിരിച്ചറിയാനാകും.

കറ്റാർവാഴ

ആന്റി ഏജിങ് ഉത്പന്നങ്ങളിലെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് കറ്റാർവാഴ ജെൽ. വൈറ്റമിൻ സി യും ഇ യും ധാരാളം അടങ്ങിയിരിക്കുന്ന കറ്റാർ വാഴ ഒട്ടുമിക്ക ചർമ പ്രശ്നങ്ങൾക്കുമുള്ള ശാശ്വത പരിഹാരമാണ്. കറ്റാർവാഴ തണ്ട് മുറിച്ച് ജെൽ എടുത്ത് നേരിട്ടു തന്നെ മുഖത്ത് പുരട്ടാം. കൺ തടങ്ങളിൽ കറുപ്പ് പടർന്നിട്ടുണ്ടെങ്കിൽ കറ്റാർവാഴ ജെല്ലും ആൽമണ്ട് ഓയിലും കലർത്തിയ പാക്ക് തയാറാക്കി പുരട്ടാവുന്നതാണ്. ഇതിന് പുറമേ തക്കാളി നീര്, വെളിച്ചെണ്ണ എന്നിവയും കറ്റാർവാഴ ജെല്ലുമായി ചേർത്ത് മുഖത്ത് പുരട്ടാം.

English Summary:

Reverse the Clock: 5 Powerful Home Remedies for Youthful Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com