ADVERTISEMENT

ചർമത്തിനും മുടിക്കുമെല്ലാം നമ്മൾ ഒത്തിരി ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ അതേ ശ്രദ്ധയും പ്രാധാന്യവും നമ്മുടെ പാദങ്ങൾക്ക് നൽകാറുണ്ടോ? ഇല്ല എന്നായിരിക്കും പലരുടെയും മറുപടി. ഇതൊക്കെ കൊണ്ടാണ് പാദങ്ങൾ വിണ്ടു കീറുന്നത് പോലുള്ള മാരകമായ അവസ്ഥയിലേക്ക് വഴി തെളിക്കുന്നത്. വൃത്തിക്കുറവ് മാത്രമല്ല, തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍, ചര്‍മം വരണ്ടുപോകുന്നത് എല്ലാം തന്നെ ഇതിന് കാരണമാകുന്നു. കാല്‍പാദം വിണ്ടുകീറി രക്തം വരെ വരുന്ന അവസ്ഥ പലര്‍ക്കുമുണ്ടാകാറുണ്ട്. ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വിണ്ടു കീറല്‍. ചില ചര്‍മ പ്രശ്‌നങ്ങള്‍ ഇതിലേയ്ക്കു വഴി തെളിയ്ക്കും. ആവശ്യത്തിനു വെള്ളം കുടിയ്ക്കാത്തതാണ് മറ്റൊരു കാരണം. ഇത് സ്വാഭാവികമായും കാലിലെ ചര്‍മത്തെയും വരണ്ടതാക്കും. അതു പോലെ കൂടുതല്‍ നേരം വെള്ളത്തില്‍ നില്‍ക്കുന്നതും ചെളിയില്‍ നില്‍ക്കുന്നതും ഒക്കെ ഈ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാം. എന്നാൽ ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

മോയ്‌സ്ചറൈസർ

വരണ്ട ചർമത്തിന് മികച്ച പരിഹാരമാണ് മോയ്‌സ്ചറൈസർ. ദിവസവും രണ്ടുതവണ അത് ഉപയോഗിക്കുകയും വേണം. മോയ്‌സ്ചറൈസറിലെ ചേരുവകള്‍ ചര്‍മ്മം അടരുന്ന വിടവ് അടയ്ക്കാനും പാദങ്ങളിലെ വരണ്ട ഭാഗങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്താനും പാദങ്ങള്‍ മിനുസമാര്‍ന്നതും ഈര്‍പ്പമുള്ളതുമായി തോന്നാനും സഹായിക്കും. ഗ്ലിസറിന്‍, കറ്റാര്‍ വാഴ, ഹൈലൂറോണിക് ആസിഡ് തുടങ്ങിയ ഹ്യുമെക്റ്റന്റ് മൂലകങ്ങളുടെ മിശ്രിതവും സെറാമൈഡുകള്‍, ഷിയ ബട്ടര്‍, പെട്രോളാറ്റം എന്നിവയുള്ള മോയ്‌സ്ചറൈസർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

പെട്രോളിയം ജെല്ലി

മള്‍ട്ടി-ഹീലിങ് ഗുണങ്ങള്‍ക്ക് പേരുകേട്ട, പെട്രോളിയം ജെല്ലി നിങ്ങളുടെ വിണ്ടുകീറിയ പാദങ്ങള്‍ മാത്രമല്ല, ചര്‍മത്തിന്റെ ഉപരിതലത്തിലുള്ള കട്ടിയുള്ളതും പരുപരുത്തതുമായ പ്രദേശങ്ങളും കോളസുകളിലും ഉപയോഗിക്കാം. ചര്‍മത്തില്‍ ഒരു നീണ്ട സംരക്ഷണ പാളി രൂപപ്പെടുത്തുന്നതിനും ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുന്നതിനും ഇത് ഒരു മികച്ച ഘടകമാണ്. ഇതിനായി നിങ്ങൾക്ക് വാസിലിനും ഉപയോഗിക്കാം. 

ചെറുനാരങ്ങ

കട്ടികൂടിയ കാലിന്റെ ഉപ്പൂറ്റിയെ മൃദുവാക്കുന്നതിന് ചെറുനാരങ്ങയേക്കാള്‍ നല്ല മാര്‍ഗം വേറൊന്നുമില്ല. ചെറുനാരങ്ങയുടെ അസിഡിക് സ്വഭാവമാണ് ഇതിനുകാരണം. ഇതിനായി ചെറുചൂടൂവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്തശേഷം നിങ്ങളുടെ കാലുകള്‍ മുക്കിവെക്കുക. 15 മിനിറ്റുനേരം ഇത് ചെയ്യണം. ശേഷം കാല്‍ കല്ലില്‍ ഉരച്ച് കഴുകുക. ഇനി നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.

വെളിച്ചെണ്ണ

പാദം വിണ്ടുകീറുന്നതിനുള്ള മികച്ച പ്രതിവിധിയാണ് വെളിച്ചെണ്ണ. കൂടാതെ,നിങ്ങളുടെ കാല്‍ വിണ്ടുകീറുകയോ രക്തസ്രാവം സംഭവിക്കുകയോ ചെയ്താല്‍, വെളിച്ചെണ്ണയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അതിനെ ശാന്തമാക്കാനും സഹായിക്കും.

തേൻ

ചര്‍മത്തിന്റെ വരള്‍ച്ചയോ വിള്ളലോ ഒഴിവാക്കാൻ മികച്ച പ്രതിവിധിയാണ് തേൻ. മുറിവുകളെ ചികിത്സിക്കാന്‍ സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിനുണ്ട്. ചെറിയ ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തി അതില്‍ കാല്‍ മുക്കി വയ്ക്കാം. ഇത് പലവട്ടം ചെയ്തു കഴിയുമ്പോള്‍ തന്നെ നല്ല ഫലം ലഭിക്കും.

അരിപ്പൊടി

ഒരു പിടി അരിപ്പൊടിയിലേക്ക് രണ്ടു ടീസ്പൂണ്‍ തേന്‍, ആപ്പിള്‍ സിഡര്‍ വിനേഗര്‍ എന്നിവ ചേര്‍ത്ത് നല്ല കട്ടിയാവുന്നതുവരെ ഇളക്കുക. ഉപ്പൂറ്റി ആഴത്തില്‍ വിണ്ടുകീറിയിട്ടുണ്ടെങ്കില്‍ ഇതിലേക്ക് ഒലിവ് ഓയിലോ ആല്‍മണ്ട് ഓയിലോ ചേര്‍ത്തു കൊടുക്കാവുന്നതാണ്. ഇത് പുരട്ടുന്നതിനു മുമ്പ് 10 മിനിറ്റ് കാല്‍ വെള്ളത്തില്‍ വെച്ച് കുതിര്‍ക്കണം. ശേഷം അരിപ്പൊടി പേസ്റ്റ് പതിയെ കാലില്‍ പുരട്ടി തടവുക. വിണ്ടുകീറുന്നതിനു ശമനമുണ്ടാകുന്നതുവരെ ഇത് തുടരുക.

English Summary:

Say Goodbye to Dry, Cracked Heels with These Natural Solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com