ADVERTISEMENT

എത്ര വെളുത്തിട്ട് ആണെങ്കിലും ചിലരുടെ കഴുത്തു മാത്രം കറുത്തിരിക്കും. വെളുത്തവരിൽ മാത്രമല്ല എല്ലാ നിറക്കാരിലും ഈ പ്രശ്നമുണ്ട്. അത് നമ്മുടെ ആത്മവിശ്വാസം തന്നെ തകർത്തേക്കാം. അത് ആൾക്കാരിൽ നിന്നും മറച്ചുവയ്ക്കാനായി ചിലപ്പോൾ മുടി അഴിച്ചിടും അല്ലെങ്കിൽ ഷാളിട്ടു മറയ്ക്കും അല്ലെങ്കിൽ വിലകൂടിയ ക്രീമുകൾ വാങ്ങി പരീക്ഷിക്കും. എന്നിട്ടും കഴുത്തിലെ കറുപ്പിനു യാതൊരു മാറ്റവുമില്ല. അമിതവണ്ണം മൂലവും ഹോര്‍മോണ്‍ വ്യതിയാനം മൂലവും, പിസിഒഡി ഉള്ളവരിലും, സ്ഥിരമായി മരുന്ന് കഴിക്കുന്നവരിലും, ഇന്‍സുലിന്‍ ഉപയോഗിക്കുന്നവരിലും ഒക്കെയാണ് കൂടുതലായും കഴുത്തിന് ചുറ്റും കറുപ്പ് കാണപ്പെടുന്നത്. ഇനി ഇതോർത്ത് നിങ്ങൾ വിഷമിക്കേണ്ട നമ്മുടെ വീട്ടിൽ തന്നെയുണ്ട് പരിഹാരം.

കടലമാവും മഞ്ഞൾ പൊടിയും

നിറം വരുത്താൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് കടലമാവും മഞ്ഞൾപൊടിയും. ഇതിനായി വേണ്ടത് മഞ്ഞപ്പൊടി, കടലമാവ്, റോസ് വാട്ടർ, നാരങ്ങ നീര് എന്നിവയാണ് വേണ്ടത്. രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ളുമഞ്ഞൾ പൊടിയും അര ടീ സ്​പൂൺ ചെറുനാരങ്ങാ നീരും അൽപം റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം 15 മിനിറ്റ്‌ കഴുത്തിൽ പുരട്ടുക. ശേഷം ഇളംചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്താൽ നല്ല മാറ്റമുണ്ടാകും.

പാലും തക്കാളിയും

ചര്‍മത്തിനു ബ്ലീച്ചിങ് ഇഫക്ട് നല്‍കുന്ന ഒന്നാണ് പാൽ. ചര്‍മത്തിനു സ്വാഭാവിക ഈര്‍പ്പം നല്‍കുകയും, മൃദുത്വവും തിളക്കവും നല്‍കുകയും ചെയ്യും. തക്കാളിക്കും ബ്ലീച്ചിങ് ഇഫക്ടുണ്ട്. ഇത് ചര്‍മത്തിന് നിറവും തിളക്കവും മിനുസവും നല്‍കും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ടാന്‍ നീക്കാനുമെല്ലാം ഏറെ ഫലപ്രദമായ വീട്ടുവൈദ്യമാണ് തക്കാളി. ഇതിനായി തക്കാളി നീരും പാലും തമ്മിൽ മിക്സ് ചെയ്യുക. കൂടുതൽ ഗുണത്തിനായി അൽപം ബേക്കിങ് സോഡയും ഇടാം. വേണമെങ്കിൽ സ്ക്രബ് ചെയ്യാൻ ഇത്തിരി പഞ്ചസാരയും ഇടാം. 20 മിനിറ്റ് നേരം വയ്ക്കണം. ശേഷം കഴുകി കളയാം. ആഴ്ചയിൽ 3 തവണ ചെയ്യാം.

ഉരുളക്കിഴങ്ങ് നീര്

ചർമത്തിനു നിറവും തിളക്കവും നൽകാൻ ഏറ്റവും മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ് എടുത്തു തൊലി കളഞ്ഞ ശേഷം ജ്യൂസ് തയാറാക്കുക. ഈ ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ് കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഇതിനൊപ്പം തക്കാളിനീരും ഉപയോഗിക്കാം. ശേഷം ഉണങ്ങു​മ്പോള്‍ ഇളംചൂടുവെള്ളത്തിൽ കഴുകി കളയാം. മാറ്റം നിങ്ങൾക്ക് കണ്ടറിയാം.

ഇതൊന്നും കൂടാതെ കദളിപഴം അരച്ച് തേനില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് അഴുകി കളയാം. ആഴ്ചയില്‍ നാല് ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ല ഗുണം ചെയ്യും. റവയും അരിപ്പൊടിയും തൈരില്‍ ചേര്‍ത്ത മിശ്രിതം ഉണ്ടാക്കി സ്‌ക്രബ് ആയി ഉപയോഗിക്കുന്നതും നല്ലതാണ്. കൂടാതെ, പഴുത്ത പപ്പായയില്‍ തൈര് ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കറുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.

English Summary:

Banish Dark Neck Woes: Effective Home Remedies for Even Skin Tone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com