ഇതാ ആ ‘ആർആർആർ ചാംപ്യൻ’: 58 വർഷമായി കസേര നന്നാക്കുന്ന മലയാളിയെക്കുറിച്ച് പ്രധാനമന്ത്രി
Mail This Article
കഴിഞ്ഞ 58 വർഷമായി കസേരകൾ നന്നാക്കിക്കൊണ്ടിരിക്കുന്നൊരു മനുഷ്യൻ! നഗരത്തിലെ സർക്കാർ ഓഫിസുകളിലെ കസേരകൾ മെടയുന്നതും മരക്കസേരകൾ നന്നാക്കുന്നതുമടക്കമുള്ള ജോലികൾ ചെയ്തു ജീവിക്കുന്ന സുബ്രഹ്മണ്യന്റെ കഥ ഇന്നലെ ലോകം മുഴുവൻ മുഴങ്ങിക്കേട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പരിപാടിയിലാണ് കോഴിക്കോട് ഒളവണ്ണ തൊണ്ടിലക്കടവ് സ്വദേശി സുബ്രഹ്മണ്യന്റെ ജീവിതത്തെക്കുറിച്ച് പരാമർശിച്ചത്.
‘റെഡ്യൂസ്, റീ യൂസ്, റീ സൈക്കിൾ (ആർആർആർ)’ എന്നതിനെക്കുറിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഉദാഹരണമാണു സുബ്രഹ്മണ്യന്റെ കഥ. 74 വയസ്സുള്ള സുബ്രഹ്മണ്യൻ 23,000 ൽ അധികം കസേരകൾ ഇതുവരെ നന്നാക്കി വീണ്ടും ഉപയോഗയോഗ്യമാക്കി. അദ്ദേഹത്തെ ആർആർആർ ചാംപ്യൻ എന്നാണ് വിളിക്കേണ്ടത് – പ്രധാനമന്ത്രി പറഞ്ഞു.
16 വയസ്സുമുതൽ സുബ്രഹ്മണ്യൻ കസേരകൾ നന്നാക്കുന്നു. സിവിൽ സ്റ്റേഷൻ, ഇതിനു സമീപത്തെ പൊതുമരാമത്തു വകുപ്പ് ഓഫിസ്, ആകാശവാണി, എൽഐസി തുടങ്ങി നഗരത്തിലെ പ്രധാന ഓഫിസുകളിലെല്ലാം കസേരകൾ നന്നാക്കുന്നതു സുബ്രഹ്മണ്യനാണ്. ഭാര്യ ശ്യാമളയും മക്കളായ വിജേഷ്, ജിജ, ജിജി, ചിഞ്ചു എന്നിവരുമടങ്ങുന്നതാണു സുബ്രഹ്മണ്യന്റെ കുടുംബം.