മെറ്റ് ഗാലയിൽ പങ്കെടുത്തപ്പോൾ 6 മണിക്കൂർ വാഷ്റൂമിൽ പോയില്ലെന്ന് ആലിയ ഭട്ട്: പിന്നാലെ പരിഹാസം
Mail This Article
സിനിമാതാരമായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് തുറന്ന് പറയുകയാണ് പ്രശസ്ത ബോളിവുഡ് താരം ആലിയ അട്ട്. മെറ്റ് ഗാലയിൽ പങ്കെടുത്തപ്പോൾ താൻ ധരിച്ച വസ്ത്രത്തിന്റെ കാരണത്താൽ ആറുമണിക്കൂറോളം വാഷ്റൂമിൽ പോകാൻ സാധിച്ചില്ലെന്നാണ് ആലിയ ഭട്ട് പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ആലിയയുടെ പ്രതികരണം.
പ്രശസ്ത ഡിസൈനർ സബ്യ സാചി തയാറാക്കിയ സാരിയായിരുന്നു ആലിയ ഭട്ട് മെറ്റ് ഗാലയിൽ ധരിച്ചത്. ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയായിരുന്നു ആലിയയുടെത്. 163 വിദഗ്ധർ 1965 മണിക്കൂറെടുത്താണ് 23 അടി നീളമുള്ള സാരി നിർമിച്ചത്. അതിമനോഹരമായ സാരിയായിരുന്നിട്ടും അത് ധരിക്കാൻ താൻ ഏറെ കഷ്ടപ്പെട്ടു എന്ന് ആലിയ പറയുന്നു. ആ സാരിയുടുത്തതിനുശേഷം ആറുമണിക്കൂറോളം താൻ വാഷ് റൂമിൽ പോയില്ല എന്നായിരുന്നു ആലിയ പറഞ്ഞത്.
ആലിയയുടെ ഈ മറുപടി പിന്നീട് സമൂഹമാധ്യമത്തിൽ ചർച്ചയായി. ഇതിന്റെ പേരിൽ ആലിയയ്ക്ക് വലിയ പരിഹാസവും നേരിടേണ്ടി വന്നു. "6 മണിക്കൂർ ശുചിമുറിയിൽ പോകാത്തത് അവളുടെ പോരാട്ടമാണ്... ദൈവമേ അവളുടെ ജീവിതം എത്ര കഠിനമായിരിക്കും". –എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തിയത്.