ADVERTISEMENT

കോഴിക്കോട് ∙ സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നു പറയുന്നതു പോലെ കുടുംബത്തിലും ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നും വീട്ടിലുള്ളവർ എന്തു പഠിക്കണം, എന്തു കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, എങ്ങോട്ട് യാത്ര ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ആ പവർ ഗ്രൂപ്പാണെന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജിയോ ബേബി. സ്ത്രീയുടെ അവസ്ഥയെ രണ്ടാംതരമാക്കുന്ന സാമൂഹിക ഘടനയാണ് കുടുംബമെന്ന് എഴുത്തുകാരിയും കാലടി ശ്രീശങ്കരാചാര്യ കോളജിലെ മലയാള വിഭാഗം അധ്യാപികയുമായ നിനിത കണിച്ചേരി. പ്രശ്നം അണുകുടുംബങ്ങളിലല്ലെന്നും കുടുംബം എന്ന വ്യവസ്ഥയിൽത്തന്നെ തുടങ്ങുന്നതാണെന്നും എഴുത്തുകാരിയും തൃശൂർ വിമല കോളജിലെ മലയാള വിഭാഗം അധ്യാപികയുമായ അനു പാപ്പച്ചൻ. മലയാള മനോരമ ഹോർത്തൂസിൽ ‘അണുകുടുംബ വിസ്ഫോടനം: നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നതെന്ത്?’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഡോ.സന്ദീഷ് പി.ടി.യായിരുന്നു മോഡറേറ്റർ.

എന്റെ വീട്ടിൽ ഇങ്ങനെയാണല്ലോ എന്ന നാണക്കേടിൽ നിന്നാണ് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയുണ്ടായതെന്ന് ജിയോ ബേബി പറഞ്ഞു. ഇന്നാണ് ആ സിനിമയെടുക്കുന്നതെങ്കിൽ കുറച്ചുകൂടി നന്നായേനെ. നമ്മുടെ പേരന്റിങ്ങിന്റെയും സ്കൂളിങ്ങിന്റെയും രീതി മാറണം. കുട്ടികളെ മാത്രമല്ല, മാതാപിതാക്കളെയും എങ്ങനെ നോക്കണമെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. എന്റെ അമ്മ ഒരു അധ്യാപികയായിരുന്നു. വിരമിച്ച ശേഷം, അതിൽനിന്നു കിട്ടിയതും കൂട്ടിവച്ചതുമൊക്കെയായ പണം കൊണ്ട് അമ്മ ഇന്ത്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്തു. തനിച്ചായിരുന്നു ആ യാത്രകൾ. അപ്പോൾ ഒരു ബന്ധു എന്നെ വിളിച്ചു ചോദിച്ചത് അമ്മയെ അഴിച്ചുവിട്ടിരിക്കുകയാണോ എന്നാണ്. അതാണ് കാഴ്ചപ്പാടിന്റെ പ്രശ്നം.

കുടുംബത്തെ എങ്ങനെ കുറേക്കൂടി നന്നായി കൊണ്ടുപോകാം എന്നതിന് എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. അത് അന്വേഷിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിൽ പാട്രിയാർക്കി വല്ലാതെ പിടിമുറുക്കിയിരിക്കുന്നു. സ്ത്രീകൾ മാത്രമല്ല, കുട്ടികളും പുരുഷന്മാരും ആ പ്രശ്നം നേരിടുന്നുണ്ടെന്നും ജിയോ ബേബി പറഞ്ഞു.

വിവാഹം എന്ന സ്ഥാപനം ലോകമാകെ പ്രതിസന്ധിയിലാണെന്ന് നിനിത കണിച്ചേരി പറഞ്ഞു. അതിനുള്ള ബദൽ അന്വേഷണവും നടക്കുന്നുണ്ട്. അപ്പോഴാണ് അണുകുടുംബമാണ് പ്രശ്നമെന്ന് നമ്മൾ പറയുന്നത്. നിലവിലുള്ള കുടുംബ വ്യവസ്ഥയെ നിലനിർത്താനുള്ള ശ്രമമാണ് അത്. ഇടിഞ്ഞുവീണ വീടാണ് കുടുംബം. അത് അറ്റകുറ്റപ്പണി ചെയ്യാനാണ് നമ്മൾ ശ്രമിക്കുന്നത്. അതിൽ അൽപം കൂടി ജനാധിപത്യവൽക്കരണം വേണം. അതിനുള്ളിൽ കൂടുതൽ സ്വാതന്ത്ര്യവും സമത്വവും വേണം. സോഷ്യൽ മീഡിയ അടക്കമുള്ള പലതിന്റെയും സ്വാധീനം നമ്മുടെ ജീവിതത്തിലുണ്ട്. 

jeo-babys

നിയതമായൊരു വ്യവസ്ഥയുടെ മാതൃക സ്വീകരിച്ച സ്ഥാപനമാണ് കുടുംബം അഥവാ വീട്. ചിട്ടപ്പെടുത്തിയ സംവിധാനമാണത്. അതിനൊരു അധികാര ഘടനയുണ്ട്. അതിന്റെ ഭാഗമായി നിൽക്കുമ്പോൾ സ്ത്രീകൾക്ക് വ്യക്തിത്വമില്ലാതെയാകുന്നു ഒരേപോലെ ചിന്തിക്കുന്നവരുടെ കൂട്ടമാണ് കുടുംബം എന്ന ചിന്ത തെറ്റാണ്. അതു പൊളിച്ചാലേ അതിനുള്ളിലെ വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റി നമ്മൾ ചിന്തിച്ചു തുടങ്ങൂ. അത്തരമൊരു രൂപപ്പെടൽ ഉണ്ടാകുന്നുണ്ട്. അതു നമ്മൾ തിരിച്ചറിയണമെന്നും നിനിത പറഞ്ഞു.

സമൂഹത്തെ നിയന്ത്രിക്കുന്നവർ തന്നെയാണ് കുടുംബത്തിന്റെയും അധികാരവും സമ്പത്തുമൊക്കെ നിയന്ത്രിക്കുന്നതെന്ന് അനു പാപ്പച്ചൻ പറഞ്ഞു. ലൈംഗികതയ്ക്കു വേണ്ടിയാണ് വിവാഹം എന്നാണ് നമ്മുടെ വ്യവസ്ഥാപിത ധാരണ. ഇക്കാലത്തെ കുട്ടികൾ കല്യാണം വേണ്ടെന്നും കേരളത്തിനു പുറത്തു പോകണമെന്നും പറയുന്നത് എന്തുകൊണ്ടാണെന്നു ചിന്തിക്കണം. പെൺകുട്ടിയുടെ വ്യക്തിത്വം ഇൻവെസ്റ്റ് ചെയ്യേണ്ടത് കുടുംബത്തിലാണ് എന്നതാണ് സ്ഥിതി. അത് പെണ്ണുകാണൽ മുതൽ തുടങ്ങുന്നു. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. കുടുംബപാരമ്പര്യം, സ്വത്ത് മുതലായവ നിലനിർത്തേണ്ട സമ്മർദ്ദം അവരിലുണ്ട്.

കുടുംബത്തിലെ ജനാധിപത്യം സ്വിച്ചിട്ട് ഉണ്ടാക്കേണ്ടതല്ല. അത് സാമൂഹിക വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അപ്പോൾ ആദ്യം സാമൂഹിക വ്യവസ്ഥ നന്നാക്കണം. മുതിർന്ന തലമുറ പലപ്പോഴും ആ വ്യവസ്ഥയോട് പൊരുത്തപ്പെടാൻ ശ്രമിക്കും. എന്നിട്ടും പറ്റില്ലെങ്കിലേ വിട്ടുപോകൂ. എന്നാൽ പുതിയ കുട്ടികൾ അതിനു തയാറല്ല. കുടുംബത്തിൽ സ്ത്രീകൾക്കു മാത്രമല്ല, കുട്ടികൾക്കും ഒരു പൗരൻ എന്ന നിലയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ല. കുടുംബം എന്ന ഇടത്തിനല്ല, അതു നിലനിൽക്കുന്ന സാമൂഹിക സ്ഥാപനത്തിനാണ് പ്രശ്നം.

hortus-sponsors

എല്ലാവർക്കും അഭിപ്രായം പറയാനും അത് പങ്കുവയ്ക്കാനും ഉള്ള തുറസ് ഉണ്ടായി വരണം. അതിന് സാമൂഹിക സ്ഥാപനത്തിൽ മാറ്റം വരുത്തണം. കുടുംബത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റി നമ്മൾ കുറെക്കൂടി ബോധവാന്മാരാകേണ്ടതുണ്ട്. നമ്മൾ ജീവിക്കുന്നത് ഒരു ശുദ്ധസംസ്കാരത്തിലാണ് എന്ന അബദ്ധധാരണയുണ്ട്. അത് ഒരു തരത്തിലുമുള്ള കലർപ്പിനെയും സാംസ്കാരിക ഉൾക്കൊള്ളലുകളെയും അനുവദിക്കില്ല. വൈകാരികത അടക്കമുള്ള കാര്യങ്ങളിൽ നമ്മൾ വ്യവസ്ഥയ്ക്ക് അനുസരിച്ച് ചില ചട്ടക്കൂടുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. അതു മാറ്റാനോ മറികടക്കാനോ സമ്മതിക്കില്ല. ആ സ്ഥിതിക്ക് മാറ്റം വരണമെന്നും അനു പറഞ്ഞു.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/ 

English Summary:

Nuclear Family Explosion": Are Traditional Families in Crisis?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com