6 മക്കളുമായി ഒറ്റമുറിയിൽ താമസിക്കുന്ന ഗർഭിണി; പണം ലഭിച്ചാൽ കൂടുതൽ കുട്ടികൾ; സമൂഹമാധ്യമങ്ങളിൽ വിമർശനം
Mail This Article
രണ്ടോ മൂന്നോ പേർക്ക് താമസിക്കാൻ പോലും സ്ഥലപരിമിതിയുള്ള ഒരു സ്ഥലത്ത് കഴിയുന്ന എട്ടംഗ കുടുംബം. ആറു മക്കളുമായി താനും ഭർത്താവും ജീവിക്കുന്ന വീടിന്റെ ദൃശ്യങ്ങൾ ഗർഭിണിയായ ഒരു യുവതിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ സാമ്പത്തിക പരിമിതികൾ മൂലമല്ല ഇത്തരം ഒരു ജീവിതരീതിയിലേയ്ക്ക് ഇവർ പോയത് എന്ന് തിരിച്ചറിഞ്ഞതോടെ ദൃശ്യങ്ങൾ കണ്ട ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനമാണ് കുടുംബത്തിനു നേരെ ഉയർത്തുന്നത്.
ആകെ അലങ്കോലമായി കിടക്കുകയാണ് ഒറ്റ മുറി വീട്. ഉടൻ തന്നെ ഏഴാമത്തെ കുഞ്ഞ് ജനിക്കുമെന്നതിനാൽ അല്‍പം കൂടി സ്ഥലം കണ്ടെത്തുന്നതിനായി സാധനങ്ങൾ ഒതുക്കി വയ്ക്കുന്ന വിഡിയോ ആണ് യുവതി പങ്കുവെച്ചിരിക്കുന്നത്. ഡൈനിങ് ടേബിൾ അടക്കമുള്ള ഫർണിച്ചറുകൾ നീക്കിയിടാനും സാധനങ്ങൾ ഒതുക്കി വയ്ക്കാനും ആറു മക്കളും ഇവരെ സഹായിക്കുന്നുമുണ്ട്. ആറു കുട്ടികളും ഒരു മുറിയും മാത്രമാകുമ്പോൾ ഡൈനിങ് റൂമിനേക്കാൾ ബെഡ്റൂം ആവശ്യമായി വരും എന്ന കുറിപ്പോടെയാണ് ഇവർ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
കുട്ടികൾ ഓരോരുത്തർക്കും പ്രായമാകുന്നതിനാൽ അവർക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കാനായി ചെറിയ വീടിനുള്ളിലെ സാധനങ്ങൾ മാറ്റുന്നതിനെ കുറിച്ച് വിഡിയോയിലുട നീളം യുവതി സംസാരിക്കുന്നുണ്ട്. മൂന്നുവർഷമായി തങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്നും കാഴ്ചയിൽ അലങ്കോലമാണെങ്കിലും ഇവിടെ ജീവിക്കാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നുമാണ് ഇവരുടെ പക്ഷം. വെറും നിലത്ത് കിടക്ക വിരിച്ചാണ് കുട്ടികൾ ഉറങ്ങുന്നത് എന്നാൽ കൈക്കുഞ്ഞിന് ഉറങ്ങാനായി ഒരു ചെറുകട്ടിലുമുണ്ട്. ഇത്രയും ആളുകൾക്കൊപ്പം ഒരു പൂച്ചയെയും ഇവർ വീട്ടിൽ വളർത്തുന്നു. കൈവശമുള്ള വസ്തുക്കളിൽ സംതൃപ്തിപ്പെട്ട് അവ പരിപാലിച്ചു ജീവിക്കണമെന്നാണ് തങ്ങൾ മക്കളെ പഠിപ്പിക്കുന്നതെന്നും യുവതി പറയുന്നുണ്ട്.
എന്നാൽ ഇവരുടെ ഈ ജീവിതരീതി ഒരിക്കലും ഉൾക്കൊള്ളാനാവില്ല എന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ പ്രതികരണം. ഒന്നിലധികം ടെലിവിഷനുകളും പ്ലേസ്റ്റേഷൻ ഫൈവും കൈവശമുള്ള ഇവർ കുട്ടികൾക്ക് സൗകര്യപ്രദമായി ഉറങ്ങാനുള്ള സൗകര്യം പോലും ഒരുക്കത്തത് അവരോടുള്ള ഉത്തരവാദിത്തം ഇല്ലായ്മയായാണ് ജനങ്ങൾ വിലയിരുത്തുന്നത്. കുഞ്ഞുങ്ങളുടെ ജീവിതം അറിഞ്ഞുകൊണ്ട് ദുരിതത്തിലാക്കുകയാണ് ഈ മാതാപിതാക്കൾ എന്നും വിമർശനങ്ങളുണ്ട്. ഇതിന് ഉദാഹരണമായി യുവതി മുൻപ് പങ്കുവച്ച ചില ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകളും ആളുകൾ പുറത്തുകൊണ്ടുവന്നു. കണ്ടന്റുകൾ കൂടുതലായി നിർമിച്ച് തന്റെ സമൂഹമാധ്യമ അക്കൗണ്ട് വൈറലാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയാൽ തനിക്ക് ആവശ്യമുള്ളത്രയും കുട്ടികളെ ഭർത്താവ് നൽകുമെന്നാണ് യുവതി പറയുന്നത്.
യുവതി ഏത് രാജ്യക്കാരിയാണെങ്കിലും ആ നാട്ടിലെ ശിശു സംരക്ഷണ വിഭാഗം അധികൃതർ എത്രയും വേഗം ഈ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ കുട്ടികൾക്ക് കൊടുക്കാനായി അവരെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിട്ടുകൊടുത്താൽ പോലും തെറ്റില്ലെന്ന് ചിലർ പറയുന്നു. നിലവാരമുള്ള ജീവിതം കൊടുക്കാനാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഇങ്ങനെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിക്കരുതെന്ന് താക്കീത് നൽകുന്നവരും കുറവല്ല. യുവതിക്കും ഭർത്താവിനുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് മറ്റു ചിലരുടെ രോഷ പ്രകടനം.