ADVERTISEMENT

ലോകത്തെ ഏറ്റവും പ്രശസ്തനായ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് തന്റെ ബ്രാൻഡായ ഫീസ്റ്റബിളിന്റെ ലോഞ്ചിനായി കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായ മിസ്റ്റർ ബീസ്റ്റിന്റെ വരവിനായി ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ കാത്തിരുന്നത്. എന്നാൽ മിസ്റ്റർ ബീസ്റ്റിനൊപ്പം തന്റെ ബ്രാൻഡ് ലോഞ്ച് ചെയ്യാനായി ഇന്ത്യയിൽ എത്തിയ മറ്റൊരു യൂട്യൂബറാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചാവിഷയം. വിവാദ വിഡിയോയിലൂടെ ലോകത്തിന്റെയാകെ വിമർശനം നേരിട്ട അമേരിക്കൻ സ്വദേശി ലോഗൻ പോളാണ് മിസ്റ്റർ ബീസ്റ്റിനൊപ്പം സ്വന്തം ബ്രാൻഡായ പ്രൈം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ എത്തിയത്.

29 കാരനായ ലോഗൻ പോൾ റസ്ലിങ്ങിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധ നേടിയെങ്കിലും പിന്നീട് സമൂഹമാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റുകളിലൂടെ ലോകമെങ്ങും പ്രശസ്തനാവുകയായിരുന്നു. 23.6 ദശലക്ഷം സബ്സ്ക്രൈബേഴ്സുമായി ലോഗൻ പോൾ യൂട്യൂബിലെ മിന്നും താരമാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ 2017 ലാണ് ലോകമാകെ ലോഗനു നേരെ തിരിഞ്ഞത്. ജപ്പാനിൽ മൗണ്ട് ഫുജിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന സൂയിസൈഡ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന വനത്തിൽ പ്രവേശിച്ച് ലോഗൻ പകർത്തിയ ദൃശ്യങ്ങളായിരുന്നു അതിനു പിന്നിലെ കാരണം.

വനത്തിനുള്ളിൽ ആത്മഹത്യ ചെയ്ത ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് ലോഗനും സുഹൃത്തുക്കളും ചേർന്നു പകർത്തിയത്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജഡത്തിന്റെ ദൃശ്യങ്ങൾ അതേപടി ലോഗൻ യൂട്യൂബിൽ പങ്കുവച്ചു. ജഡത്തെ അപമാനിക്കുന്ന തരത്തിൽ പരിഹസിച്ചു കൊണ്ടായിരുന്നു വിഡിയോ. ഇതോടെ ആരാധകരടക്കം ലോഗന് നേരെ തിരിഞ്ഞു. എല്ലാ ഭാഗത്തുനിന്നും തുടരെത്തുടരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നതോടെ ഒടുവിൽ മറ്റ് നിവൃത്തിയില്ലാതെ ലോഗൻ തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെ ലോകത്തിനു മുന്നിലെത്തി മാപ്പ് പറയേണ്ട അവസ്ഥയിലുമായി. യൂട്യൂബിൽ നിന്ന് വിഡിയോ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

വിമർശനങ്ങളും പ്രതിഷേധങ്ങളും ഏറെയായിരുന്നെങ്കിലും അത് ലോഗന്റെ യൂട്യൂബ് വരുമാനത്തെ ബാധിച്ചില്ല എന്നതാണ് വസ്തുത. ഫോർബ്സിന്റെ വിലയിരുത്തൽ പ്രകാരം 2017, 2018, 2021 എന്നീ വർഷങ്ങളിൽ യൂട്യൂബിൽ നിന്ന് ഏറ്റവുമധികം വരുമാനം നേടിയ വ്യക്തികളിൽ മുൻനിരയിൽ തന്നെയാണ് ലോഗന്റെ സ്ഥാനം. ഈ കാലയളവിൽ തന്നെ ബെവറേജ് കമ്പനിയായ പ്രൈമിനും അദ്ദേഹം തുടക്കം കുറിച്ചു. 2018ൽ ലോഗൻ ആരംഭിച്ച ഇംപൾസീവ് എന്ന പോഡ്ക്കാസിനും നാലു ദശലക്ഷത്തിൽ പരം സബ്സ്ക്രൈബേഴ്സുണ്ട്.

English Summary:

MrBeast's India Trip Overshadowed by Logan Paul's Controversial Past

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com