സ്ത്രീകൾ മാത്രമല്ല: പുരുഷന്മാരും പീഡനവും വിവേചനവും നേരിടുന്നു; ഇതാ നിങ്ങൾക്കായി ഒരു ദിവസം
Mail This Article
മാതൃദിനം, വനിതാദിനം, ശിശുദിനം തുടങ്ങിയവയൊക്കെ വലിയ രീതിയിൽ ലോകമെമ്പാടും ആഘോഷിക്കുമ്പോൾ ഇങ്ങനെയൊരു ആഘോഷം നമുക്ക് ഇല്ലാത്തതെന്താണെന്ന് പരാതിപ്പെടുന്ന ധാരാളം പുരുഷന്മാരുണ്ട്. എന്നാൽ വനിതാദിനം പോലെ കൊട്ടിഘോഷിക്കപ്പെടുന്നില്ലെങ്കിലും പുരുഷന്മാർക്കും ഒരു ദിനം ഉണ്ടെന്നത് പലർക്കും അറിയില്ല. അതും രാജ്യാന്തരതലത്തിൽ തന്നെ ആചരിക്കപ്പെടുന്ന ഒരു ദിനമാണിത്. എല്ലാവർഷവും നവംബർ19 നാണ് രാജ്യാന്തര പുരുഷദിനം ആഘോഷിക്കുന്നത്.
സമൂഹത്തിനും ലോകത്തിനുമായി പുരുഷന്മാർ നൽകുന്ന സംഭാവനകളും അവരുടെ നേട്ടങ്ങളും ആഘോഷമാക്കുന്നതിനാണ് ഈ ദിനം. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളും പീഡനങ്ങളും അടിക്കടി വാർത്താപ്രാധാന്യം നേടുമ്പോൾ സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന വിവേചനങ്ങളും പ്രശ്നങ്ങളും പലപ്പോഴും അത്ര ശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്. അത്തരത്തിൽ പുരുഷന്മാര്‍ക്കെതിരായ വിവേചനം, ചൂഷണം, പീഡനം, അക്രമം എന്നിവക്കെതിരെ പ്രതിഷേധിക്കാനും പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കൂടിയാണ് ഈ ദിനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ലിംഗസമത്വത്തിന്റെ പ്രാധാന്യമെടുത്തുകാട്ടി സമൂഹത്തിന് അതേക്കുറിച്ചുള്ള അവബോധം നൽകാനുള്ള അവസരം. പുരുഷന്മാർക്കിടയിൽ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്താനും ഈ ദിനം ലക്ഷ്യമിടുന്നുണ്ട്.
വിവാഹം, കുടുംബം, രാഷ്ട്ര നിർമാണം, പാരന്റിങ് തുടങ്ങി പല മേഖലകളിലും പുരുഷന്മാർ നൽകുന്ന സംഭാവനങ്ങൾ വേണ്ടത്ര പ്രാധാന്യമില്ലാതെ പോകുന്നു എന്നുമാത്രമല്ല പുരുഷന്മാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സമൂഹത്തിൽ കൂടുതൽ ചർച്ചയാകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പുരുഷന്മാരുടെ ത്യാഗങ്ങളും സംഭാവനകളും തിരിച്ചറിയാനും അവരുടെ ജീവിതങ്ങൾ ആഘോഷമാക്കാനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള കഴിവിനെ അംഗീകരിക്കാനും അവരുടെ ജീവിതങ്ങളെക്കുറിച്ച് ചിന്തിക്കാനുമുള്ള അവസരമാണ് രാജ്യാന്തര പുരുഷ ദിനം ഒരുക്കുന്നത്.
എന്നാൽ പുരുഷ ദിനത്തിന് അത്ര വലിയ കാലപ്പഴക്കമൊന്നുമില്ല. 1991 മുതൽ ഇങ്ങനെയൊരു ദിനം പലയിടങ്ങളിലും ചെറിയരീതിയിൽ ആഘോഷിച്ചു തുടങ്ങിയെങ്കിലും 1999 ലാണ് ഇന്ന് കാണുന്നതുപോലെ ലോകത്തിന്റെയാകെ ശ്രദ്ധ നേടുന്ന തരത്തിൽ ആദ്യമായി ഈ ദിനം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടത്. വെസ്റ്റ്ഇൻഡീസ് സർവകലാശാലയിലെ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു ഡോ. ജെറോം ടീലക്സിങ്ങായിരുന്നു ഈ ആഘോഷങ്ങളുടെ സൂത്രധാരൻ. തന്റെ അച്ഛന്റെ ജന്മദിനമായ നവംബർ 19 അദ്ദേഹം ആഘോഷത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ വെറുതെ പുരുഷ ദിനം പേരിന് ആഘോഷിച്ചു പോകാതെ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്നതിനും പുരുഷന്മാരെയും ആൺകുട്ടികളെയും സംബന്ധിക്കുന്ന പല നിർണായക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനുമുള്ള അവസരമായാണ് അദ്ദേഹം ഈ ദിവസത്തെ കണ്ടത്.
പിന്നീടിങ്ങോട്ട് നാൾക്കുനാൾ ഈ ദിനത്തിന്റെ പ്രചാരം വർധിച്ചു. ഇന്ന് ഏതാണ്ട് ലോകത്ത് എല്ലായിടത്തും നവംബർ 19 വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നുണ്ടെന്ന് പറയാം. ഇന്ത്യയിലെ കാര്യമെടുത്താൽ പുരുഷാവകാശ അഭിഭാഷകയായ ഉമ ചല്ല ഈ ദിനത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2007ൽ ആയിരുന്നു അവർ ഇന്ത്യയിൽ പുരുഷ ദിനം ആഘോഷിച്ചത്. ലോകത്ത് പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുക എന്നതായിരുന്നു ഈ ആഘോഷത്തിന് പിന്നിലെ ലക്ഷ്യം.
തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട പുരുഷന്മാർക്ക് സമ്മാനങ്ങൾ നൽകിയും അവരോടൊപ്പം സമയം ചെലവഴിച്ചും പുരുഷ ദിനം ഗൗരവമായി ആഘോഷിക്കുന്ന ധാരാളം ആളുകളുണ്ട്. പുരുഷാവകാശങ്ങളെ പറ്റിയുള്ള ചർച്ചകളും പല കോണുകളിലും നടക്കുന്നു. അടുത്തകാലങ്ങളിലായി പുരുഷ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാനങ്ങളുമായി ഇ- കൊമേഴ്സ് വെബ്സൈറ്റുകളും രംഗത്തെത്തുന്നുണ്ട്. ഈ വർഷം 'പോസിറ്റിവ് മെയിൽ റോൾ മോഡൽസ് ' എന്ന തീമിലാണ് രാജ്യാന്തര പുരുഷ ദിനം ആഘോഷിക്കപ്പെടുന്നത്. പുരുഷന്മാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പുരുഷന്മാർക്ക് അഭിവൃദ്ധിപ്പെടാൻ കഴിയുന്ന തരത്തിൽ മെച്ചപ്പെട്ട പരിതസ്ഥിതികൾ സൃഷ്ടിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യത്തിലേക്കാണ് ഈ വർഷത്തെ ആഘോഷങ്ങൾ വെളിച്ചം വീശുന്നത്.