ADVERTISEMENT

ചടുല താളങ്ങൾ കൊണ്ട് തബലയിൽ ഇന്ദ്രജാലം തീർത്ത് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ സാക്കിർ ഹുസൈന്റെ വിയോഗം താങ്ങാനാവാത്ത വേദനയിലാണ് സംഗീത ലോകം. താൻ നെഞ്ചോടു ചേർത്ത സംഗീതം പോലെ  മനോഹരമായിരുന്നു സാക്കിറിന്റെ ജീവിതവും. സംഗീത ലോകത്തെ അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്ക് എന്നും താങ്ങും തണലുമായത് കഥക് നിർത്തകിയായ ഭാര്യ അന്റോണിയ മിനെക്കോളയുടെ സാന്നിധ്യമാണ്. കുടുംബജീവിതത്തിൽ മാത്രമല്ല കരിയർ മാനേജ് ചെയ്ത് സക്കീർ ഹുസൈന്റെ സംഗീത ജീവിതത്തിലും അന്റോണിയ നിർണായക സ്വാധീനമായി.

1970കളിൽ കലിഫോർണിയയിൽ തബല പഠിക്കാൻ എത്തി, ഒടുവിൽ അമ്മയെ പോലും അറിയിക്കാതെ അന്റോണിയയെ ജീവിതസഖിയാക്കി കൊണ്ടായിരുന്നു സാക്കിർ ഹുസൈന്റെ പ്രണയകഥ പൂർണതയിൽ എത്തിയത്. ആസമയത്ത് കലിഫോർണിയിൽ കഥക് പഠിക്കാൻ എത്തിയതാണ് അന്റോണിയ. അന്റോണിയയെ കണ്ട മാത്രയിൽ തന്നെ സാക്കിറിന് പ്രണയം മൊട്ടിട്ടെങ്കിലും അങ്ങനെയൊരു ബന്ധത്തിലേയ്ക്കു കടക്കാൻ അന്റോണിയ ഒരുക്കമായിരുന്നില്ല. അന്റോണിയയുടെ വരവും കാത്ത് കഥക് ക്ലാസിനു വെളിയിൽ ദിവസങ്ങളോളം സാക്കിർ കാത്തു നിന്നു. ഒടുവിൽ ഏറെ പ്രയത്നിച്ചാണ് സാക്കിർ അന്റോണിയയുടെ ഹൃദയം കീഴടക്കിയത്.

ഒരു സംഗീതജ്ഞന്റെ ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉണ്ടാകുമോ എന്നു ഭയന്ന അന്റോണിയയുടെ പിതാവ് ഇരുവരുടെയും ബന്ധത്തെ ആദ്യം അംഗീകരിച്ചിരുന്നില്ല. എന്നാൽ അന്യമതസ്ഥയായ ഒരാളെ വിവാഹം കഴിക്കുന്നതിലായിരുന്നു സാക്കിർ ഹുസൈന്റെ അമ്മയുടെ എതിർപ്പ്. ഈ എതിർപ്പുകളെയൊക്കെ മറികടന്ന് 1978 ൽ സാക്കിർ അന്റോണിയയെ വിവാഹം ചെയ്തു. വിവാഹ വിവരം അമ്മയെ അറിയിച്ചിരുന്നില്ല എന്ന് സാക്കിർ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അച്ഛന്റെ പൂർണ പിന്തുണയോടെയായിരുന്നു വിവാഹം.

ക്രമേണ മകന്റെ താത്പര്യങ്ങളോട് പൊരുത്തപ്പെട്ട അമ്മ അന്റോണിയയെ മരുമകളായി സ്വീകരിക്കുകയും ചെയ്തു. അനിസ, ഇസബല്ല എന്നിങ്ങനെ രണ്ട് പെൺമക്കളാണ് സാക്കിറിനും അന്റോണിയയ്ക്കും ഉള്ളത്. പ്രൊഫഷനുമായി ബന്ധപ്പെട്ട് സാക്കിർ പല രാജ്യങ്ങളിലേയ്ക്ക് പോകുന്ന സമയത്ത് യുഎസിൽ കഴിഞ്ഞിരുന്ന അന്റോണിയ മക്കളുടെ കാര്യങ്ങൾ ഏറ്റെടുത്ത് നൃത്ത രംഗത്തു നിന്നും വിട്ടുനിന്നു. കുടുംബ ജീവിതത്തിന്റെ ഭദ്രതയ്ക്കു വേണ്ടി അന്റോണിയ നടത്തിയ ത്യാഗത്തെക്കുറിച്ച് പല വേളകളിലും സാക്കിർ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. സാക്കിറിന്റെ സാമീപ്യം പോലുമില്ലാതെ കുട്ടികളെ വളർത്തേണ്ട സാഹചര്യത്തിൽ വൈകാരികമായ പല ബുദ്ധിമുട്ടുകളും അന്റോണിയ നേരിട്ടെങ്കിലും മക്കളുടെ നല്ലതിനു മാത്രം പ്രാധാന്യം നൽകി അവയെല്ലാം അവർ മറികടക്കുകയായിരുന്നു.

New Delhi 2024 Februvary 03 : Tabla Mastro Zakir Hussain Plays Tabla   @ Rahul R Pattom
സാക്കിർ ഹുസൈൻ. ചിത്രം: രാഹുൽ ആർ. പട്ടം∙ മനോരമ

ഇതിനൊക്കെ അപ്പുറം വ്യത്യസ്ത സംസ്കാരങ്ങളിലും സാഹചര്യങ്ങളിലും ജീവിച്ചു വളർന്നവരായിട്ടും ഇരുവരുടെയും ആചാരങ്ങളും മൂല്യങ്ങളും നന്നായി മനസ്സിലാക്കിയും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചും അതിമനോഹരമായ ഒരു ജീവിതകാലം സൃഷ്ടിച്ചെടുക്കാൻ സാക്കിറിനും അന്റോണിയയ്ക്കും സാധിച്ചിരുന്നു. ഈ മൂല്യങ്ങൾ ഇരുവരും മക്കളിലേയ്ക്ക് പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com