ADVERTISEMENT

സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ പിന്തുണയുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. വളരെ മോശം പദപ്രയോഗമാണ് ആരോപണ വിധേയനായ പ്രമുഖൻ ഹണി റോസിനെതിരെ നടത്തിയത്. അദ്ദേഹത്തിനു പണക്കൊഴുപ്പിന്റെ അഹങ്കാരമാണെന്നും രഞ്ജു രഞ്ജിമാർ തുറന്നടിച്ചു. അദ്ദേഹത്തിന്റെ വീട്ടിലും സ്ത്രീകളുണ്ടാകില്ലേ? അവരെല്ലാം ഇതുകേട്ടില്ലെന്നു നടിക്കുകയാണോയെന്നും അവർ ചോദിച്ചു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങിലൂടെയും മറ്റും തുറന്നു പറയുമ്പോൾ അതിനെ വിമർശിക്കാനും ഒരുപറ്റം ആളുകളുണ്ട്. അതിൽ സ്ത്രീകളും ഉൾപ്പെടുന്നു എന്നത് ഖേദകരമായ കാര്യമാണെന്നും രഞ്ജു മനോരമ ഓൺലൈനോട് പറഞ്ഞു.

‘‘ഹണിയെ പോലെ തന്നെ ഞാൻ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളായിരുന്നു ഈ ആരോപണ വിധേയനായ വ്യക്തി. അദ്ദേഹത്തിന്റെ ചില പദപ്രയോഗങ്ങൾ പല ആവർത്തിച്ചു കേൾക്കുമ്പോൾ അത് വളരെ അരോചകമായാണ് തോന്നുന്നത്. ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്ത മ്ലേഛമായ ഭാഷയാണ് അദ്ദേഹം പൊതുസമൂഹത്തിനു മുന്നില്‍ വന്ന് പറയുന്നത്. താൻ പറയുന്നതെല്ലാം വലിയ കോമഡിയാണ്. നിങ്ങളിതെല്ലാം കേട്ട് ആസ്വദിക്കൂ എന്ന രീതിയിലാണ് ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഹണി റോസ് ഒരു നടി എന്നതിനപ്പുറം ഒരു പെൺകുട്ടിയാണ്. ഒരു മനുഷ്യന് കൊടുക്കേണ്ട സാമാന്യ മര്യാദയുണ്ട്. ഒരു പൊതുവേദിയിൽ വച്ച് അദ്ദേഹം താൻ ഒരു മോശം വാക്കു പറഞ്ഞ് അങ്ങനെയല്ലോ നടിയാണെന്നല്ലേ പറഞ്ഞതെന്ന് ചോദിക്കുമ്പോൾ അതിനർഥം അവരെ സമൂഹമത്തിനു മുൻപിൽ മോശക്കാരിയാക്കുകയാണ്. വളരെ മോശം പ്രയോഗമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. എനിക്കു തോന്നു ന്നു അദ്ദേഹത്തിനു പണക്കൊഴുപ്പിന്റെ ഹുങ്കാണ്. എന്റെ കയ്യിൽ പണമുണ്ട്. എനിക്കു ചുറ്റിലും ആളുണ്ട്. എനിക്ക് എന്തും പറയാം. ഞാൻ പറയുന്നതു കേട്ടാൽ ആളുകൾ ചിരിക്കും എന്നെല്ലാമാണ് അദ്ദേഹം കരുതുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ വിഡ്ഢിത്തരമാണ്. അതിന്റെ പുറത്താണ് ഇങ്ങനെയെല്ലാം വിളിച്ചു കൂവുന്നത്.’’– രഞ്ജു രഞ്ജിമാർ പറഞ്ഞു.

honey-sp
Image Credit∙ honeyroseinsta/ Instagram
honey-sp
Image Credit∙ honeyroseinsta/ Instagram

ഹണിയുടെ സുഹൃത്തോ മേക്കപ്പ് ആർട്ടിസ്റ്റോ എന്ന രീതിയിൽ അല്ല. ഒരു വ്യക്തി എന്ന നിലയിലാണ് പ്രതികരിക്കുന്നത്. ആരോപണവിധേയനായ പ്രമുഖൻ പറയുന്ന വിഡ്ഢിത്തങ്ങളെ കേരളത്തിലെ ഒരുകൂട്ടം സംസ്കാര ശൂന്യരായ മനുഷ്യർ പ്രോത്സാഹിപ്പിക്കുകയാണെന്നും രഞ്ജു രഞ്ജിമാർ ആരോപിച്ചു. ‘‘ഇതിനെ അങ്ങനെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു പോയാൽ ഇവിടെ സ്ത്രീകൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും. അവരുടെ വസ്ത്ര സ്വാതന്ത്ര്യത്തെയോ ശരീരത്തെയോ ചോദ്യം ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇവിടെ ആർക്കും എന്തും പറയാമെന്ന വ്യവസ്ഥ വന്നിരിക്കുന്നു. നിയമവ്യവസ്ഥയെ മാനിക്കപ്പെടുന്നില്ല എന്നുള്ളതാണ് വസ്തുതാപരമായി നമ്മൾ ചൂണ്ടിക്കാണിക്കേണ്ട ഒരു കാര്യം. ഒരുപെൺകുട്ടിയോടും പൊതുസമൂഹത്തോടും എങ്ങനെ പെരുമാറണമെന്ന് ഇദ്ദേഹത്തെ പോലെയുള്ളവർക്ക് ക്ലാസ് കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അദ്ദേഹത്തിന് ഒരു പെൺകുട്ടിയുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ, അദ്ദേഹത്തിന് ഒരു അമ്മയുണ്ടാകുമല്ലോ. അവരൊക്കെ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നില്ലേ. അവർക്കെല്ലാം പ്രതികരണ ശേഷി നഷ്ട‍മായിരിക്കുകയും എന്തെങ്കിലും പറഞ്ഞോട്ടെ എന്ന രീതിയിൽ ഇദ്ദേഹത്തെ കയറൂരി വിട്ടിരിക്കുകയാണോ. അതോ അവരെ ഇദ്ദേഹം അടിമകളാക്കി വച്ചിരിക്കുകയാണോ.’’– രഞ്ജു രഞ്ജിമാർ ചോദിച്ചു.

അവളുടെ വസ്ത്രധാരണം അങ്ങനെയാണ്. എല്ലാം തുറന്നു കാണിച്ചാണ് നടക്കുന്നത്. എന്നിങ്ങനെ ചില കുലസ്ത്രീകളും പുരുഷന്മാരും കമന്റ് ചെയ്യുന്നതു കണ്ടു. എന്താണ് അവർ തുറന്നു കാണിക്കുന്നത്? അവരുടെ ശരീരത്തിന് അനുയോജ്യമായ വസ്ത്രമാണന്ന് അവൾക്കു തോന്നിയതുകൊണ്ടാണ് അവൾ ആ വസ്ത്രം ധരിച്ചത്. അതിഷ്ടപ്പെടാത്തവർ നോക്കണ്ട. അവർ അവരുടെ വഴിക്കു പോകണം. അല്ലാതെ ഇത്തരത്തിൽ മ്ലേച്ഛകരമായ പദപ്രയോഗങ്ങൾ നടത്തി ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിന്റെ മുൻപിൽ അപമാനിക്കുന്നതിനെ പിൻതുണയ്ക്കാൻ കഴിയില്ലെന്നുംരഞ്ജു രഞ്ജിമാർ വ്യക്തമാക്കി. ഹണിയെ പിൻതുണച്ച് സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിട്ടപ്പോൾ തന്റെ ഇൻബോക്സിൽ വന്ന് പച്ചത്തെറി പറയുന്നവരുണ്ട്. കേരളത്തിലെ പൊതുജനങ്ങളുടെ ചിന്തകൾ അല്ലെങ്കിൽ അവരുടെ സംസ്കാരം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് ആ കമന്റിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ശരിക്കും കമ്പോളത്തിലെ വിൽപനചരക്കാക്കി മാത്രമാണ് സ്ത്രീകളെ ഒരുപറ്റം പുരുഷന്മാർ കാണുന്നത്. ഒന്നിലധികം സ്ത്രീകളുമായി ശാരീരിക ബന്ധമുണ്ടെന്നും, ചില ആന്റിമാർ എന്റെ കസ്റ്റഡിയിലുണ്ടെന്നും എനിക്ക് ആവശ്യപ്പെടുമ്പോഴെല്ലാം പണം ലഭിക്കുമെന്നും പറയുന്നത് പുരുഷസമൂഹത്തിന് അഭിമാനോ എന്നും രഞ്ജു ചോദിച്ചു.

ranju-sp
രഞ്ജു രഞ്ജിമാർ∙ ചിത്രം: renjurenjimar/ Instagram
ranju-sp
രഞ്ജു രഞ്ജിമാർ∙ ചിത്രം: renjurenjimar/ Instagram

ശക്തമായ നടപടി വേണം

സമൂഹമാധ്യമങ്ങളിലും മറ്റു പൊതുയിടങ്ങളിലും സ്ത്രീകൾ നേരിടുന്ന ഇത്തരം അവഹേളനങ്ങൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ ശക്തമായ നിയമനടപടി സ്വീകരിക്കണം. ഇന്നലെ ഒരാളെ അറസ്റ്റ് ചെയ്തെന്നു പറയുന്നു. ആ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഏത് രീതിയിലാണെന്നും തുടർനടപടികൾ എന്താണെന്നു പൊതുസമൂഹത്തെ അറിയിക്കണം. ഇത്തരം സംഭവങ്ങളിൽ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണം. റേറ്റിങ് കൂട്ടാൻ വേണ്ടി മാത്രം ഇത്തരം കാര്യങ്ങൾ ചർച്ചചെയ്ത് അവസാനിപ്പിക്കരുത്. എന്താണ് അടുത്ത നടപടി എന്നതു സംബന്ധിച്ച് ഒരു ഉത്തരം കിട്ടണമെന്നത് സ്ത്രീകൾ ആഗ്രഹിക്കുന്ന കാര്യമാണെന്നും അവർ പറഞ്ഞു.

English Summary:

Ranju Ranjithmar Defends Honey Rose Against Online Harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com