‘മാരത്തൺ നടത്തിയും സെൽഫി എടുത്തും മാത്രം തീരേണ്ട ദിനമല്ല വനിതാ ദിനം. എല്ലാ ദിവസവും ഒരു സ്ത്രീക്കെങ്കിലും ഒരു ചെറിയ പിന്തുണ കൊടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകും’. കോട്ടയം സ്വദേശിയായ ഡോ.എസ് സീതാലക്ഷ്മിയുടെ ഈ വാക്കുകൾ തന്നെയാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ സ്ത്രീകൾക്കും പറയാനുള്ളത്. പലകാലങ്ങളായി പലരും ചോദിച്ച ചോദ്യമാണിത്. വ്യത്യസ്ത മേഖലകളിലുള്ള 32 സ്ത്രീകളും ഒരേ സ്വരത്തിൽ പറയുന്നതും ഇതാണ്. വനിതാദിനത്തിൽ തന്നെ മോശമായ അനുഭവം നേരിട്ട നർത്തകിയായ സ്വർണ ആൽബർട്ടും ഇത് ഉറപ്പിച്ചു പറയുന്നു. മലയാള മനോരമയുടെ കെ–ഫോർ എന്ന പ്രത്യേക പേജ് ഓർമിപ്പിക്കുന്നതും എന്നും വനിതാദിനമാണെന്ന സന്ദേശമാണ്.
‘വനിതാദിനം കഴിഞ്ഞോ?’ എന്ന ആർട്ടിക്കിളിലൂടെ വ്യത്യസ്ത മേഖലകളിൽ കയ്യൊപ്പു ചാർത്തിയ വനിതകളെ വനിതാദിനത്തിന് ശേഷവും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് മലയാള മനോരമ. തൊണ്ണൂറ്റിയെട്ട് വയസ്സുകാരിയായ മറിയാമ്മ മാത്യു മുതൽ 13കാരിയായ റിയ റേച്ചൽ സക്കറിയ വരെയുണ്ട് ഓർത്തിരിക്കേണ്ട സ്ത്രീകളുടെ പട്ടികയിൽ.
‘സാധാരണ ഗതിയിൽ മാർച്ച് 8ന് സ്ത്രീകളെ പറ്റി ഓർത്തു മറക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അതുപോര, വീണ്ടും അവരെ ഓർക്കണം എന്ന ആശയത്തിൽ നിന്നാണ് ഇത്തരത്തിലൊരു വാർത്ത ചെയ്യാമെന്ന് ചിന്തിച്ചത്. ഇന്നലെ നമ്മൾ അവരെ ഓർത്തു, അതിന്നും നാളയുമെല്ലാം തുടരണം. വ്യത്യസ്ത പ്രായത്തിലുള്ള വ്യത്യസ്ത തൊഴിൽ മേഖലയിലുള്ള സ്ത്രീകളെയാണ് തിരഞ്ഞെടുത്തത്’. വ്യത്യസ്തമായ ആശയത്തെ പറ്റി മലയാള മനോരമ സീനിയർ സബ്എഡിറ്റർ അൻസു അന്ന ബേബി പറഞ്ഞു.
‘ഓരോ ആളുകളുടെ അടുത്തും നേരിട്ട് ചെന്നാണ് ചിത്രങ്ങൾ പകർത്തിയത്. അവർ ചെയ്യുന്ന ജോലിക്ക് തടസ്സമുണ്ടാക്കാതെ ചിത്രങ്ങളെടുക്കണമെന്നാണ് ചിന്തിച്ചത്. 3 ദിവസം 4 പേരടങ്ങുന്ന ടീമായി പ്രവർത്തിച്ചാണ് വിവിധ മേഖലകളിലെത്തി ഓരോരുത്തരുടെയും ചിത്രങ്ങൾ പകർത്തിയത്’. ഫൊട്ടോഗ്രാഫർ റിജോ ജോസഫ് പറഞ്ഞു. കുരുവിള, എബി ഇട്ടി കുര്യൻ ട്രയോ മീഡിയ, മേക്കപ്പ് ആർട്ടിസ്റ്റ് സാറാ സെറീന എന്നിവരടങ്ങുന്ന ടീമാണ് ചിത്രങ്ങൾക്ക് പിന്നിൽ.
വനിതാ ദിനം ഒരു ഓർമപ്പെടുത്തൽ മാത്രമാണ്. സ്ത്രീയുടെ ശക്‌തിയുടെ, പൊരുതി നേടിയ വിജയങ്ങളുടെ ഓർമപ്പെടുത്തൽ. ബാക്കിയുള്ള ദിവസങ്ങളിൽ മുന്നോട്ടുപോകാൻ ഒരുപക്ഷേ, ഇത് ആർജവം നൽകുന്നുണ്ടാകാം. പക്ഷേ, ഒരു ദിവസം മാത്രമല്ല 365 ദിവസവും ആഘോഷിക്കപ്പെടേണ്ടതാണ് സ്ത്രീത്വവും സ്ത്രീയുടെ നേട്ടങ്ങളും.
വനിതാ ദിനാഘോഷം നല്ലതാണ്. പക്ഷേ, സാധാരണക്കാരായ വീട്ടമ്മമാർക്ക് ഇതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അവർക്ക് ഇങ്ങനെയൊരു ദിവസമുണ്ടെന്നു പോലും അറിയണമെന്നില്ല. ഇവരെക്കൂടി ചേർത്തുനിർത്തിക്കൊണ്ടുള്ള ആഘോഷമാണു വേണ്ടത്.
വനിതാ ദിനത്തിൽതന്നെ മോശമായ അനുഭവം നേരിട്ടേണ്ടി വന്നയാളാണു ഞാൻ. കോട്ടയത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു റസ്റ്ററന്റിൽ കഴിക്കാൻ കയറിയ ഞാൻ സ്ത്രീകൾക്കായുള്ള ശുചിമുറി ഉപയോഗിക്കാനായി പോയി. കുറച്ചുസമയം കാത്തുനിന്നിട്ടു തുറക്കാതായതോടെ വാതിലിൽ മുട്ടി. കേട്ടത് പുരുഷശബ്‌ദം! 10 മിനിറ്റിനുശേഷമാണ് അയാൾ പുറത്തിറങ്ങിയത്. സ്ത്രീകൾക്കായുള്ള ശുചിമുറിയിൽ കയറിയതിന്റെ യാതൊരു ജാള്യതയും അയാൾക്കു തോന്നിയില്ലെന്നു മാത്രമല്ല എന്നെ ദേഷ്യത്തോടെ നോക്കുകയും ചെയ്തു. വനിതാ ദിനത്തിൽ ഇതാണ് അവസ്ഥയെങ്കിൽ ബാക്കിയുള്ള ദിവസങ്ങളിലെ അനുഭവങ്ങൾ പറയേണ്ടതില്ലല്ലോ.
ഫോർവേഡ് മെസേജുകളിലൊക്കെ പുരോഗമനവാദികളാണ് എല്ലാവരും. വനിതാ ദിന മെസേജുകൾ അയയ്ക്കുന്ന പുരുഷന്മാരൊക്കെ അവരുടെ വീട്ടിൽ എന്താണ് ചെയ്യുന്നതെന്ന് ആലോചിച്ചാൽ ചിരി വരും. ഇവരൊക്കെ സ്വന്തം അമ്മയെയും ഭാര്യയെയും പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്‌താൽ തന്നെ സമൂഹത്തിൽ ഒരുപാടു മാറ്റങ്ങളുണ്ടാകും.
ബോഡി ബിൽഡിങ് മേഖലയിൽ കടുത്ത വേർതിരിവാണുള്ളത്. ഫിറ്റ്‌നസ് എന്നാൽ പുരുഷന്മാർക്കു മാത്രം ആവശ്യമുള്ളത് എന്നാണ് പൊതുവേയുള്ള ധാരണ. വനിതാ ദിനത്തിൽ ഇത്തരത്തിലുള്ള വിഷയങ്ങളൊന്നും അഡ്രസ് ചെയ്യപ്പെടുന്നില്ല.
വീട്ടിലെ മുഴുവൻ ജോലികളും ചെയ്‌തിട്ടാണ് ഭൂരിഭാഗം സ്ത്രീകളും ജോലിക്കായി പോകുന്നത്. അവർക്ക് ഒരു ദിവസമല്ല, എല്ലാ ദിവസവും വീട്ടിൽനിന്നും ജോലിസ്ഥലത്തുനിന്നും പിന്തുണ ലഭിക്കേണ്ടത് അത്യാവശ്യമാണ്.
മാരത്തൺ നടത്തിയും സെൽഫി എടുത്തും മാത്രം തീരേണ്ട ദിനമല്ല വനിതാ ദിനം. എല്ലാ ദിവസവും ഒരു സ്ത്രീക്കെങ്കിലും ഒരു ചെറിയ പിന്തുണ കൊടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകും.
വനിതാ ദിനം ഉൾപ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കാട്ടിക്കൂട്ടലുകൾ മാത്രമാണ് നടക്കുന്നത്. സ്ത്രീകൾ സാമ്പത്തിക സ്ഥിരതയുള്ളവരാകുന്നതുപോലും പലർക്കും അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി നിൽക്കുന്നവരാണ് സ്ത്രീകൾ. അവർക്കായി ഒരു ദിവസംകൊണ്ട് എന്തു ചെയ്യാനാണ്? ഒരായുസ്സിലേക്കുള്ള മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്.
വനിതാ ദിനം പോലുള്ള ദിവസങ്ങൾ ആഘോഷിക്കാത്ത വ്യക്തിയാണ് ഞാൻ. ഒരു ദിനം ആഘോഷിക്കുന്നതിൽ കൂടുതലായി സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി എന്തു ചെയ്യാൻ കഴിയുമെന്ന് ആരും ആലോചിക്കുന്നില്ല.
സിനിമറ്റോഗ്രഫി പഠിക്കാൻ പോയപ്പോൾ പുരുഷന്മാരുടെ മേഖലയാണ് ഇതെന്ന് പലരും പറഞ്ഞിരുന്നു. എന്ത് സാഹചര്യത്തിലാണെങ്കിലും സ്ത്രീകൾ വേലിക്കെട്ടുകൾ ഭേദിച്ച് പുറത്തുവരണം.
സ്ത്രീകളെ സ്നേഹിക്കാനും ബഹുമാനിക്കാനും അവൾക്ക് അവളുടേതായ ഇടം നൽകാനും അവൾക്ക് സുരക്ഷ ഒരുക്കാനും സമൂഹം എന്നു പ്രാപ്‌തമാകുന്നോ അന്നു മാത്രമേ ഇത്തരം ആഘോഷങ്ങൾക്കു പ്രസക്‌തിയുണ്ടാകൂ.
സ്ഥിരമായി അംഗീകാരവും അനുമോദനവും കിട്ടുന്ന സ്ത്രീകളുണ്ട്. ഇവരെ മാത്രമല്ല, അറിയപ്പെടാത്തവരും വ്യത്യസ്‌തമായ കഴിവുള്ളവരുമായ സ്ത്രീകളുടെ നേട്ടങ്ങളും നമ്മൾ ആഘോഷിക്കണം. അവർക്കും വേദികൾ നൽകണം.
സ്ത്രീകളെ ആദരിക്കുന്നത് ഒരു ഔദാര്യമായി കാണേണ്ടതില്ല. അവരുടെ കഴിവിനും മികവിനും കഠിനാധ്വാനത്തിനും ജെൻഡർ നോക്കാതെ തുല്യ ആദരവും അന്തസ്സും പദവിയും വാക്കിലും പ്രവൃത്തിയിലും കൊടുത്താൽ അതാണു സ്ത്രീകളുടെ ആഘോഷകാലം.
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കൂടുകയാണ്. ലേഡീസ് കംപാർട്‌മെന്റിൽ സ്ത്രീകൾ മാത്രം എന്നതുപോലും നടപ്പാക്കാൻ കഴിയുന്നില്ല. ഇതിനൊക്കെ ഒരു ദിവസത്തെ ആഘോഷം കൊണ്ട് എന്ത് പരിഹാരമാണ് ഉണ്ടാകുന്നത്?
എല്ലാ ദിവസവും വനിതാ ദിനമാകണം. എല്ലാ മേഖലകളിലും സ്ത്രീകൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. തിരിച്ചറിയപ്പെടാതെപോയ ഇത്തരം സ്ത്രീകളെ കണ്ടുപിടിച്ച് അവരെ ആദരിക്കാൻ കഴിയണം
വനിതാ ദിനത്തിൽ ഒരുപാടു കാര്യങ്ങളിൽ ചർച്ച നടക്കാറുണ്ട്. ഇത് എത്രമാത്രം ആളുകളിലേക്ക് എത്തുന്നുണ്ട് എന്നതിൽ സംശയമുണ്ട്. വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഒരു ദിനം– ഇതു മാത്രമാണ് ഇപ്പോൾ വനിതാ ദിനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.