‘ഇതൊക്കെ ശരിക്കും പറ്റുമോ’? 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചു, അദ്ഭുതകരമായ ഡയറ്റുമായി യുവതി
Mail This Article
പല തരത്തിലുള്ള ഡയറ്റും ഇന്ന് പല ആളുകളും പാലിക്കാറുണ്ട്. എണ്ണമുള്ള ഭക്ഷണം ഒഴിവാക്കിയും അരി ഭക്ഷണം ഒഴിവാക്കിയുമെല്ലാം ഡയറ്റ് ചെയ്യാറുണ്ട്. എന്നാൽ ജ്യൂസ് മാത്രം കുടിച്ച് ജീവിക്കാൻ പറ്റുമോ? അത്തരത്തിലൊരു വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ആനി ഓസ്ബോൺ എന്ന സ്ത്രീയാണ് 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച് ജീവിച്ചത്.
ഈസ്റ്ററിന് മുമ്പുള്ള നോമ്പുകാലത്താണ് യുവതി ജ്യൂസ് മാത്രം കുടിച്ച് ജീവിച്ചത്. നേരത്തേയും ഇതുപോലെ പഴങ്ങൾ മാത്രം കഴിച്ചുള്ള ഡയറ്റ് എടുത്തതിനാൽ ഓറഞ്ച് ജ്യൂസ് കുടിച്ചുള്ള ഡയറ്റ് പ്രശ്നമില്ലായിരുന്നെന്നാണ് യുവതി പറയുന്നത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു വിഡിയോയില്‍ ഡയറ്റിനെ പറ്റിയും അവർ വ്യക്തമാക്കുന്നുണ്ട്. അദ്ഭുതകരമായ അനുഭവം എന്നാണ് യുവതി വിഡിയോയിൽ പറഞ്ഞത്. വിഡിയോയ്ക്ക് താഴെ യുവതിയുടെ ഡയറ്റിനെ അഭിനന്ദിച്ച് നിരവധി പേരെത്തുന്നുണ്ട്. ജ്യൂസ് മാത്രം കുടിച്ച് ഇത്രയും ദിവസം ജീവിക്കാൻ എങ്ങനെ പറ്റുന്നുവെന്നാണ് പലരും ചോദിക്കുന്നത്.
വൈകാരികവും ശാരീരികവും ആത്മീയവുമായ നേട്ടങ്ങൾ ഇതിലൂടെ ലഭിച്ചെന്നും വ്യത്യസ്തങ്ങളായ പഴങ്ങളെ പറ്റി അറിയാൻ ഇത് സഹായിച്ചെന്നും യുവതി പറഞ്ഞു. സർവീസ് കഴിഞ്ഞെത്തിയ കാർ പോലെയെന്നാണ് യുവതി തന്റെ അനുഭവത്തെ വിശേഷിപ്പിച്ചത്.
വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ഓറഞ്ചിലുണ്ടെങ്കിലും ഇത്തരത്തിലുള്ള ഡയറ്റുകൾ അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പഴങ്ങൾ മാത്രമുള്ള ഭക്ഷണത്തിൽ ദീർഘകാല ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ. മിതമായ തോതിൽ പഴങ്ങൾ കഴിക്കുന്നതു മാത്രമാണ് ശരീരത്തിന് ഗുണകരമെന്നാണ് വിലയിരുത്തൽ. അമിതമായാൽ ഇത് ശരീര ഭാരം കൂടാനും പ്രമേഹത്തിനുമെല്ലാം കാരണമാകും.