ADVERTISEMENT

ഇത്രയും വലിയ മഹാദുരന്തത്തിന്റെ രക്ഷാപ്രവർത്തനം സ്ത്രികൾക്കു സാധിക്കുമോ? എന്ന് കളിയാക്കി ചോദിക്കുന്ന സമൂഹത്തിലേക്കാണ് മേജർ സീത ഷെൽക്കെ എന്ന സൈനിക എൻജിനീയറുടെ വരവ്. പ്രതികൂല കാലാവസ്ഥയിൽ 22 മണിക്കൂർ നേരം കൊണ്ട് സൈന്യം ചൂരൽമലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പണിത പാലം നിർമാണത്തിനു ചുക്കൻ പിടിച്ച സംഘത്തിലെ ഏകവനിതാ എൻജിനീയറാണ് സീത. 600 പേർമാത്രമുള്ള ഗ്രാമത്തിൽ നിന്ന് 2012ലാണ് ഇന്ത്യൻ ആർമിയിലേക്ക് സീത എത്തുന്നത്. 

മേജർ സീത ഷെൽക്കെ ബെയ്‌ലി പാലം നിർമാണത്തിനിടയിൽ (Photo- Special Arrangement)
മേജർ സീത ഷെൽക്കെ ബെയ്‌ലി പാലം നിർമാണത്തിനിടയിൽ (Photo- Special Arrangement)

മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിൽ  ഗാഡില്‍ഗാവ് എന്ന ഗ്രാമത്തിലാണ് സീത ജനിച്ചത്. കര്‍ഷകനും അഭിഭാഷകനുമായിരുന്ന അശോക് ഭിക്കാജി ഷെല്‍ക്കെയുടെ നാലു പെൺമക്കളിൽ രണ്ടാമത്തവൾ. അമ്മ വീട്ടമ്മയാണ്. ഗീതാഞ്ജലിയും അനുരാധയും യോഗിനിയുമാണ് സീതയുടെ സഹോദരിമാര്‍.

army-bailey-bridge-construction4

അഹമ്മദ്നഗറിലെ ലോനിയിലുള്ള പ്രവാര റൂറല്‍ എഞ്ചിനീയറിങ് കോളേജില്‍ നിന്നാണ് സിത മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയത്. അവസാന വര്‍ഷ പരീക്ഷയില്‍ 67 ശതമാനം മാര്‍ക്ക് നേടിയായിരുന്നു സീത ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. സേനയിലെ പരിശീലനത്തിന്റെ ഭാഗമായി ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ (ഒടിഎ) 49 ആഴ്ച നീളുന്ന പരിശീലനത്തിന് ചേർന്ന ശേഷമാണ് സീതയ്ക്ക് സേനയില്‍ ഔദ്യോഗിക സ്ഥാനം ലഭിച്ചത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥയെക്കുറിച്ച് പത്രത്തില്‍ വന്ന ലേഖനം വായിച്ചതാണ് സൈന്യത്തിലേക്കുള്ള പ്രചോദനമെന്ന് സീത തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎസ് നേടാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചിരുന്നില്ല. 

army-bailey-bridge-construction6jpg

ജനിച്ചത് ഒരു ചെറിയ ഗ്രാമത്തിലായിരുന്നുവെങ്കിലും, തന്റെ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കള്‍ സീതയുടെ ഒപ്പം നിന്നു. കൂടാതെ, എസ്എസ്ബിയുടെ  അഭിമുഖത്തില്‍ രണ്ടുതവണ പരാജയപ്പെട്ടുവെങ്കിലും സ്വപ്നത്തിലേക്കുള്ള ശ്രമം തുടര്‍ന്ന സീത മൂന്നാമത്തെ ശ്രമത്തിലാണ് വിജയിച്ചത്. മുന്‍ ലെഫ്റ്റനന്റ് കേണലായ പ്രദീപ് ബ്രഹ്‌മങ്കര്‍, സേനയിലെ ഉദ്യോഗസ്ഥന്‍മാരായ പി.കെ. ബാനര്‍ജി, ഹൃഷികേശ് ആപ്തെ എന്നിവരാണ് സീതയ്ക്ക് ആവശ്യമായ നിർദേശം നൽകിയത്.

indian-army-built-bailey-bridge-in-wayanad

മുണ്ടക്കൈയിലുണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ മുണ്ടക്കൈയും ചൂരൽമലയും വേർപെട്ടു. രക്ഷാപ്രവർത്തകർക്ക് ദുരന്തസ്ഥലങ്ങളിലേക്ക് എത്താൻ കഴിയാതെയായി. ബെയ്‌ലി പാലം വന്നതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പാണ് (എംഇജി) പാലം നിർമിച്ചത്. സൈന്യത്തിന് സാങ്കേതിക സഹായം നൽകുന്ന വിഭാഗമാണിത്. പാലങ്ങൾ നിർമിക്കുക, സൈന്യത്തിന് വഴിയൊരുക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. 

English Summary:

How Major Sita Shelke Became the Leading Female Engineer in the Indian Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com