അക്രമികൾ പാളത്തിലേക്ക് തള്ളിയിട്ടു, തൊട്ടുപിന്നാലെ വന്ന ട്രെയിന് കാല് നഷ്ടമാക്കി: എന്നിട്ടും എവറസ്റ്റ് കീഴടക്കി അരുണിമ
Mail This Article
തീവണ്ടി കയറിയിറങ്ങി രണ്ടുകാലും നഷ്ടപ്പെട്ടപ്പോൾ ജീവിതത്തിൽ നിന്നും ഇനി ഒന്നും നേടാനില്ലെന്നു കരുതി പിൻവാങ്ങിയവളല്ല അരുണിമ സിൻഹ. ജീവിതത്തിലെ വെല്ലുവിളികളെ അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ച് എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയായി മാറിയ വ്യക്തിയാണ് അരുണിമ സിൻഹ.
പാരാ അത്‌ലറ്റ് അരുണിമ സിൻഹയുടെ കഥ മനുഷ്യാത്മാവിന്റെ പ്രതിരോധശേഷിയുടെയും അതിരുകളില്ലാത്ത സാധ്യതകളുടെയും ശക്തമായ തെളിവായി എടുത്തു പറയേണ്ട ഒന്നാണ്. ഒരു ട്രെയിൻ അപകടത്തിൽ കാൽ നഷ്ടപ്പെട്ട് വെറും രണ്ട് വർഷത്തിന് ശേഷം, അവർ എവറസ്റ്റ് കീഴടക്കി. അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള സ്ത്രീയായി. ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ കീഴടക്കി ഇന്ന് ലോകത്തിലെ തന്നെപർവതാരോഹണത്തിലെ അംഗവൈകല്യമുള്ള സ്ത്രീകളിൽ ഏറ്റവും പ്രശസ്തയായ ഒരാളായി മാറിയ വ്യക്തിത്വത്തിന് ഉടമയാണ് അരുണിമ സിൻഹ.
1989 ജൂലൈ 20ന് ലഖ്‌നൗവിൽ ജനിച്ച അരുണിമ ചെറുപ്പം മുതലേ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുവന്ന പെൺകുട്ടിയായിരുന്നു. ഇന്ത്യൻ ആർമി ഓഫിസറായ പിതാവിനെ ചെറുപ്രായത്തിൽ തന്നെ നഷ്ടപ്പെട്ട അവൾക്ക് ആരോഗ്യ വകുപ്പിൽ ഉണ്ടായിരുന്ന അമ്മയാണ് താങ്ങും തണലുമായി കൂടെ നിന്നത്. കായിക ഇനങ്ങളിൽ ഏറെ താത്പര്യമുണ്ടായിരുന്ന അരുണിമ ബാല്യത്തിൽ തന്നെ വോളിബോളിലും മറ്റും ദേശീയതലത്തിൽ മികവു തെളിയിച്ച പ്രതിഭയാണ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) റിക്രൂട്ട്മെന്റിൽ എൻറോൾ ചെയ്ത അരുണിമയുടെ അപകടത്തിനു മുന്‍പുള്ള ജീവിതം കായിക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള സ്വപ്നങ്ങൾ നിറഞ്ഞതായിരുന്നു. എന്നാൽ എല്ലാം തകർത്തെറിഞ്ഞ ട്രെയിൻ അവളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയത് 2011 ഏപ്രിൽ 12 ന്.
ട്രെയിൻ യാത്രയ്ക്കിടയിൽ ഉണ്ടായ മോഷണശ്രമത്തിനിടെ അക്രമികൾ അരുണിമയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു. തൊട്ടപ്പുറത്തെ പാളത്തിലൂടെ ഓടുകയായിരുന്ന ട്രെയിൻ അരുണിമയുടെ കാലുകളിലൂടെ കയറിയിറങ്ങി പാഞ്ഞു പോയി. അപകടത്തെ തുടർന്ന് അരുണിമയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിക്കുകയും, ഒരു കാൽ മുട്ടിനുതാഴെ മുറിച്ചു മാറ്റുകയും ചെയ്തു. തുടർപരിശോധനകൾ നടത്തി അവിടെവച്ച് തന്നെ മുറിച്ചുമാറ്റപ്പെട്ട കാലുകൾക്കു പകരം കൃത്രിമ കാലുകൾ വച്ചുപിടിപ്പിച്ചു.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കേയാണ് എവറസ്റ്റ് കയറാനുള്ള തീരുമാനം അരുണിമ എടുക്കുന്നത്. കാലുകൾ നഷ്ടപ്പെട്ടെന്നു കരുതി തന്റെ സ്വപ്നങ്ങളെ കൈവിടാൻ അരുണിമ തയാറായില്ല. കുന്നോളം സ്വപ്നം കാണണമെന്നാണല്ലോ നമ്മളെ പറഞ്ഞു പഠിപ്പിക്കാറുള്ളത്. അതുകൊണ്ട് കൂടിയാകാം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ആദ്യം കീഴടക്കാം എന്ന് അവർ തീരുമാനിച്ചത്. അങ്ങനെ 2013ൽ എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയായി അവൾ മാറി. എവറസ്റ്റിനേക്കാൾ വലിയ ഉയരത്തിലാണ് അരുണിമയുടെ സ്വപ്നങ്ങൾ എന്ന് അവരുടെ അടുത്ത ഓരോ ചുവടുകളും തെളിയിച്ചു കൊണ്ടേയിരുന്നു. ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, തെക്കേഅമേരിക്ക എന്നിവിടങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ അരുണിമ ഇതിനോടകം തന്നെ കീഴടക്കി കഴിഞ്ഞു.
ഈ വനിതയുടെ നിശ്ചയദാർഢ്യം ഒരു ശക്തിയാണ്. പ്രതികൂല സാഹചര്യങ്ങളെ നേരിടാനും ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിക്കാനുമുള്ള അരുണിമയുടെ കഴിവ് ആർക്കും പ്രചോദനമേകുന്ന ഒന്നാണ്. സ്‌പോർട്‌സ് പ്രേമിയായ അവരുടെ ആദ്യ നാളുകൾ മുതൽ ജീവിതത്തിലെ ദാരുണമായ സംഭവങ്ങളും തുടർന്നുള്ള പർവതാരോഹണ നേട്ടങ്ങളും വരെ, അരുണിമയുടെ യാത്ര ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണ്.