ADVERTISEMENT

ജന്മനാ അന്ധയായിരുന്നുവെങ്കിലും, മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ പോലും കാണാതെ പോകുന്നത് അവൾക്ക് തിരിച്ചറിയാൻ കഴിയുന്നു. ഇന്ന് നൂറുകണക്കിന് സ്ത്രീകളുടെ ജീവൻ രക്ഷിക്കുന്ന രക്ഷകയുടെ പരിവേഷമാണ് ആയിഷയ്ക്ക്. ബെംഗളൂരു ആർടി നഗറിൽ നിന്നുള്ള 24 കാരിയായ ആയിഷ ബാനു ജന്മനാ അന്ധയാണ്. എന്നാൽ ബെംഗളൂരുവിലെ സൈറ്റ്കെയർ ഹോസ്പിറ്റലിലെ മെഡിക്കൽ ടാക്ടൈൽ എക്സാമിനർ എന്ന പദവി ആയിഷക്ക് ലഭിക്കുന്നത് അകക്കണ്ണിന്റെ കഴിവുകൊണ്ടാണ്

കാഴ്ചയുള്ളവർക്ക് പോലും കണ്ടുപിടിക്കാനാവാത്ത സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ സ്പർശന ശക്തി ഉപയോഗിച്ച് കണ്ടെത്തുന്നത് ഒന്ന് സങ്കൽപിച്ചു നോക്കൂ. ബെംഗളൂരുവിൽ നിന്നുള്ള 24 കാരിയായ ആയിഷ ബാനു എല്ലാ ദിവസവും ചെയ്യുന്നത് അതാണ്. ഡിസ്കവറി ഹാൻഡ്സ് എന്നറിയപ്പെടുന്ന സംഘടനയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷമായി ആയിഷ ഇത് ചെയ്തുവരുന്നു.

സ്ത്രീകൾ കാഴ്ചാവെല്ലുവിളിയുള്ള എക്സാമിനർമാരുടെ പരിശോധനയ്ക്ക് വിധേയരാകാൻ താൽപര്യം കാണിച്ചു തുടങ്ങിയതോടെയാണ് ഈ ഒരു സംരംഭത്തിന് പ്രചാരമേറിയത്. ഡിസ്കവറി ഹാൻഡ്സിന്റെ കീഴിൽ കാഴ്ച വൈകല്യമുള്ള സ്ത്രീകൾ പരിശീലനം നേടുകയും സ്തനാർബുദം പോലെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്താൻ ആശുപത്രികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഇവരുടെ സേവനം ഒരു ഓങ്കോളജിസ്റ്റിന്റെ പരിശോധനയെ അപേക്ഷിച്ച് രോഗികളുടെ സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കുമെന്ന വിശ്വാസം ഈ സംരംഭത്തിന് സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.

ചെറുപ്പത്തിൽ തന്നെ കൺപോളകൾ നീക്കം ചെയ്യേണ്ടി വന്ന ആയിഷ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ബിരുദപഠനം പൂർത്തിയാക്കിയത്. താൻ പരിശോധിച്ച 2,000-ത്തോളം വരുന്ന സ്ത്രീകളിൽ, രണ്ട് പേർക്ക് സ്തനാർബുദം ഉണ്ടായിരുന്നുവെന്നും അതു കണ്ടെത്താനായതിൽ താൻ ഏറെ സന്തോഷവതിയാണെന്നും ആയിഷ പറയുന്നു. ശമ്പളത്തിന്റെ ഒരു ഭാഗം ചാരിറ്റിക്ക് സംഭാവന ചെയ്യുന്ന വ്യക്തി കൂടിയാണ് ആയിഷ. ആയിഷയെപ്പോലെ, കോലാറിലെ നൂറുന്നിസ എന്ന 29 കാരിയും കടുത്തപനി ബാധിച്ച് മൂന്ന് വയസ്സുള്ളപ്പോൾ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടർന്ന് ഡിസ്കവറി ഹാൻഡ്സ് സംഘടന വഴി ജോലി നേടിയവളാണ്.

ആയിഷയും നൂറുന്നീസയും മെഡിക്കൽ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും വിശദമായ മെഡിക്കൽ ചരിത്രങ്ങൾ സൂക്ഷ്മമായി പഠിക്കുകയും ശാരീരിക പരിശോധനകൾ നടത്തുകയും റിപ്പോർട്ടുകൾ ടൈപ്പ് ചെയ്യുകയും ചെയ്യുന്നു. മാനിക്വിനുകൾ ഉപയോഗിച്ചാണ് ഇവർ പരിശീലനം നേടിയത്. കാഴ്ച വൈകല്യമുള്ളവരെ സയൻസ് സ്ട്രീമുകളിലേക്ക് പോലും സ്വീകരിക്കാത്ത ഇന്ത്യയിൽ, ഈ സംരംഭം മെഡിക്കൽ മേഖലയിൽ താൽപര്യമുള്ളവർക്ക് ഒരു ഓപ്ഷനായി ഉയർന്നുവന്നതായി സൈറ്റ്കെയർ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പറയുന്നു. സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുകയാണ് ഡിസ്കവറി ഹാൻഡ്സ് ലക്ഷ്യമിടുന്നത്.

English Summary:

Blind Woman Sees Beyond Sight, Saves Lives Detecting Breast Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com