ADVERTISEMENT

മനസ്സുനിറയെ വലിയ സ്വപ്നങ്ങളുമായി  കൗമാരത്തിലേയ്ക്ക് കടക്കുമ്പോൾ തന്നെ ജീവിതം തലകീഴായി മറിക്കാവുന്ന ദുരന്തം കൺമുന്നിൽ എത്തുക. വിജയത്തിലേയ്ക്കുള്ള യാത്രയിൽ പലരുടെയും ജീവിതം പതറുന്നതും വഴിതിരിയുന്നതും ഇത്തരം ഘട്ടങ്ങളിലാണ്. കണ്ടതൊക്കെയും സ്വപ്നങ്ങൾ മാത്രമായി അവശേഷിപ്പിച്ച് ആ നിരാശ ജീവിതകാലം മുഴുവൻ പേറി നടക്കുന്ന ആയിരങ്ങളെ നമുക്ക് ചുറ്റും നോക്കിയാൽ കാണാം. എന്നാൽ സ്വന്തം മകളെ അങ്ങനെയൊരു ദുരിതത്തിലേക്കു തള്ളിവിടാൻ തയാറാകാത്ത ഒരമ്മയുടെ തണലിൽ നിന്നും ചിറകു വിരിച്ച് ഐപിഎസ് എന്ന വലിയ നേട്ടത്തിലേക്കുയർന്ന കഥയാണ് ഉത്തർപ്രദേശ് സ്വദേശിനിയായ ഇൽമ അഫ്രോസിന്റേത്.  

ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ കുന്ദ്കാരി എന്ന പ്രദേശത്ത് ഒരു ചെറുകിട കർഷകന്റെ മകളായാണ് ഇൽമ ജനിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്നു. പഠിച്ചു വലിയ ജോലികൾ കരസ്ഥമാക്കുന്നത് ചെറുപ്പത്തിൽ തന്നെ സ്വപ്നം കണ്ടു. പതിനാലാം വയസ്സിലാണ് ഇൽമയുടെ സ്വപ്നങ്ങൾക്ക് മേലെ അച്ഛന്റെ മരണത്തിന്റെ രൂപത്തിൽ വിധി കരിനിഴൽ വീഴ്ത്തിയത്. ക്യാൻസർ ബാധിച്ചായിരുന്നു അച്ഛന്റെ മരണം. അതോടെ ഇൽമയുടെയും 12 വയസ്സുകാരനായ അനുജന്റെയും ഉത്തരവാദിത്വം മുഴുവൻ അമ്മ ഏറ്റെടുത്തു. നാട്ടിൻപുറത്തെ സാധാരണ രീതി അനുസരിച്ച് ഇത്തരമൊരു സാഹചര്യത്തിൽ സാധ്യമാകുന്ന അത്രയും പണം സ്വരുക്കൂട്ടിവച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ മകളെ വിവാഹം ചെയ്തു വിടുക എന്നതാവും ഏതൊരമ്മയുടെയും ഉദ്ദേശം. എന്നാലിവിടെ ജീവിതത്തിലെ പ്രതിസന്ധികളൊന്നും മക്കളുടെ ആഗ്രഹങ്ങൾക്കും വലിയ സ്വപ്നങ്ങൾക്കും തടസ്സമാവരുത് എന്ന് ചിന്തിച്ച് അമ്മ ഒപ്പം നിന്നു.

പഠിക്കാനുള്ള എല്ലാ അവസരങ്ങളും ഇൽമയ്ക്കു മുന്നിൽ അമ്മ തുറന്നുകൊടുത്തു. അതിനൊപ്പം ജീവിത മൂല്യങ്ങളെ മുറുകെ പിടിക്കണമെന്നും സ്വന്തം കഴിവിൽ ആത്മവിശ്വാസം ഉണ്ടാവണമെന്നും മകളെ പറഞ്ഞു പഠിപ്പിക്കാനും അമ്മ മറന്നില്ല. ഡോക്ടറോ എൻജിനീയറോ ആവണമെന്ന ആഗ്രഹവും ഇടയ്ക്കുവച്ച് മനസ്സിൽ കടന്നുകൂടിയെങ്കിലും അന്നന്നത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന വീട്ടിലെ സാഹചര്യമറിഞ്ഞ്  അവ മനസ്സിൽ തന്നെ ഇൽമ ഒതുക്കുകയായിരുന്നു. ഗ്രാമത്തിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തുടർവിദ്യാഭ്യാസത്തിന് ഡൽഹിയാണ് തിരഞ്ഞെടുത്തത്. അങ്ങനെ സെന്റ് സ്റ്റീഫൻസ് കോളേജിലെ ഫിലോസഫി വിദ്യാർഥിനിയായി. കടന്നുവന്ന സാഹചര്യങ്ങളോ ജീവിതത്തിലെ ബുദ്ധിമുട്ടുകളോ ഒന്നും പഠനത്തിൽ അവിടെയും ഇൽമയ്ക്ക് തടസമായില്ല.

ഈ മികവിലൂടെ പാരിസ് സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്സിൽ പഠനം നടത്താനുള്ള സ്കോളർഷിപ്പും കരസ്ഥമാക്കാനായി. എന്നാൽ അവിടെ പഠനം നടത്താനുള്ള ഫീസും ചെലവുമാണ് സ്കോളർഷിപ്പിൽ ഉൾപ്പെട്ടിരുന്നത്. പാരിസിലേയ്ക്കുള്ള വിമാനയാത്രയ്ക്ക് പണം നൽകിയത് ഇൽമയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചിരുന്ന നാട്ടിലെ മറ്റൊരു കർഷകനാണ്. വിമാനത്തിൽ ഇരിക്കുമ്പോഴും പൊരിവെയിലിൽ പാടത്ത് പണിയെടുക്കുന്ന അദ്ദേഹത്തിന്റെ മുഖം മാത്രമായിരുന്നു ഇൽമയുടെ മനസ്സിൽ. തനിക്കു വേണ്ടി കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവരെ കുറിച്ചുള്ള കരുതൽ മൂലമാവണം പാരിസിന്റെ പകിട്ടിലൊന്നും ഇൽമ ആകൃഷ്ടയായതേയില്ല. 

പാരിസിലെ പഠനകാലയളവിൽ തന്നെ ഓക്സ്ഫഡിൽ നിന്നും സ്കോളർഷിപ്പ് ലഭിച്ചു. അവിടെനിന്നും ന്യൂയോർക്കിലേക്കു ജോലിക്കായി എത്തി. പഠനവും ജോലിയുമായി വിദേശരാജ്യങ്ങളിൽ ജീവിക്കുന്നതിനിടെ അവധിദിനങ്ങളിൽ വീട്ടിലെത്തുമ്പോഴൊക്കെ തന്റെ നാട്ടുകാരെല്ലാം ഏറെ പ്രതീക്ഷയോടെ തന്നെ നോക്കുന്നത് ഇൽമ കണ്ടിരുന്നു. തന്നിൽ നിന്നും അവർ ഏറെ കാര്യങ്ങൾ പ്രതീക്ഷിക്കുന്നതായി ഇൽമ മനസ്സിലാക്കി. അവർക്കുവേണ്ടി ജീവിക്കണമെന്നുറച്ച് തീരുമാനത്തിൽ തിരികെ ഇന്ത്യയിലേയ്ക്ക് എത്തിയതും അങ്ങനെയാണ്.

സിവിൽ സർവീസിനായുള്ള തയാറെടുപ്പുകളുടെ ദിനങ്ങളായിരുന്നു പിന്നീട്. അങ്ങനെ കഠിനപ്രയത്നത്തിലൂടെ 2017ലെ പരീക്ഷയിൽ 217-ാം റാങ്ക് കരസ്ഥമാക്കി. 26 വയസ്സായിരുന്നു അന്ന് ഇൽമയുടെ പ്രായം. ഐപിഎസ് നേടിയ ശേഷം ഹിമാചല്‍പ്രദേശ് കേഡറിലാണ് ആദ്യം ജോലി ചെയ്യാനവസരം ലഭിച്ചത്. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിനും പിന്നിൽ അമ്മയാണെന്ന് അഭിമാനത്തോടെ പറയുകയാണ് ഈ മകൾ. അമ്മയുടെ കഠിനാധ്വാനവും കരുത്തുമാണ് എന്നും തുണയായത്. വിദ്യാഭ്യാസം ജീവിതം തന്നെ മാറ്റിമറിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് ഗ്രാമവാസികൾ ഇന്ന് ഇൽമയെ കാണുന്നത്. പല പ്രതിസന്ധികളോടും പൊരുതി ജീവിക്കുന്ന സ്വന്തം നാട്ടിലെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഹോപ്പ് എന്ന സംഘടനയും ഇൽമ സ്ഥാപിച്ചിട്ടുണ്ട്.

English Summary:

From Tragedy to Triumph: The Inspiring Journey of IPS Officer Ilma Afroz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com