ഈ നിയമന ഉത്തരവ് അൽപം നേരത്തെ ആയിപ്പോയി!: ജോലിയ്ക്ക് അപേക്ഷിച്ച് കാത്തിരുന്നത് 50 വർഷം
Mail This Article
ഒരു ജോലിക്ക് അപേക്ഷിച്ചതിനു ശേഷം അവിടെ നിന്നുള്ള വിളിയ്ക്കായി കാത്തിരിക്കുന്നത്ര ബുദ്ധിമുട്ടുള്ള പണി വേറെയില്ല. കുറച്ചുദിവസം കാത്തിരുന്നു കഴിഞ്ഞാൽ നമ്മൾ പിന്നെ അത് അടുത്ത് വഴി നോക്കും. എന്നാൽ യുകെയിലെ 70 വയസ്സുള്ള ഒരു സ്ത്രീക്ക്, അവരുടെ ജോലി അപേക്ഷയ്ക്കുള്ള മറുപടി എത്തിയത് 50 വർഷത്തിനു ശേഷം. ലിങ്കൺഷെയർ സ്വദേശിനിയായ ടിസി ഹോഡ്‌സണ് ഒരു മോട്ടർ സൈക്കിൾ സ്റ്റണ്ട് റൈഡറാകണമെന്നായിരുന്നു ആഗ്രഹം. 1976 ൽ അവർ അത്തരമൊരു ജോലിക്ക് അപേക്ഷിച്ചുകൊണ്ട് ഒരു കത്ത് എഴുതി. പക്ഷേ, ആ ആഗ്രഹം ഒരു സ്വപ്നമായി അവശേഷിക്കുകയും കമ്പനിയുടെ ഭാഗത്തുനിന്നും മറുപടിയൊന്നും വരികയും ചെയ്തില്ല. ഇനിയാണ് ട്വിസ്റ്റ്. ടിസിയ്ക്ക് ആ കമ്പനി മറുപടി അയച്ചിരുന്നു, 50 വർഷങ്ങൾക്ക് മുൻപു തന്നെ. പക്ഷേ, ആ മറുപടി കത്ത് പോസ്റ്റ് ഓഫിസിലെ ഒരു മേശയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവത്രേ. അത് കണ്ടെത്തിയ പോസ്റ്റ് ഓഫിസ് ജീവനക്കാർ കൃത്യമായി ടിസിയ്ക്ക് കത്ത് എത്തിച്ചു. പക്ഷേ, വർഷങ്ങൾക്കു ശേഷമാണെന്നു മാത്രം.
പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ കത്ത് കണ്ട് ഞെട്ടിയ ഹഡ്‌സൺ, കുറച്ചുവൈകിയാണെങ്കിലും തന്റെ പ്രയത്നത്തിന് ഫലമുണ്ടായല്ലോ എന്ന് ആസ്വദിക്കുകയാണിപ്പോൾ. എന്തുകൊണ്ടാണ് അന്ന് ആ കമ്പനി തന്നോട് പ്രതികരിക്കാതിരുന്നത് എന്നായിരുന്നു ഇത്രയും കാലം താൻ ആലോചിച്ചിരുന്നതെന്നും ഇപ്പോൾ അത് വ്യക്തമായെന്നും ടിസി ഹഡ്സൺ പറഞ്ഞു. മോട്ടർ സൈക്കിൾ സ്റ്റണ്ട് റൈഡറെന്ന ജോലി നഷ്ടമായെങ്കിലും, പാമ്പിനെ കൈകാര്യം ചെയ്യുന്നയാൾ, കുതിര സവാരി, എയറോബാറ്റിക് പൈലറ്റ്, ഫ്ലൈയിങ് ഇൻസ്ട്രക്ടർ എന്നീ നിലകളിൽ ലോകമെമ്പാടും സഞ്ചരിച്ച് ഹോഡ്‌സൺ വേറിട്ടൊരു ജീവിതം തന്നെയാണ് കെട്ടിപ്പടുത്തത്.
ഏകദേശം അരനൂറ്റാണ്ട് മുൻപാണ് ഇത് സംഭവിച്ചതെങ്കിലും, ജോലി അപേക്ഷാ കത്ത് എഴുതിയ ദിവസം തനിക്ക് വ്യക്തമായി ഓർമയുണ്ടെന്ന് ഹോഡ്സൺ പറയുന്നു."ലണ്ടനിലെ എന്റെ ഫ്ലാറ്റിൽ ഇരുന്ന് കത്ത് ടൈപ്പ് ചെയ്യുന്നത് ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. കത്ത് അയച്ചതിന്റെ പിറ്റേന്നു മുതൽ ഞാൻ അതിന്റെ മറുപടി പോസ്റ്റിനായി കാത്തിരുന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല. ഓരോ പ്രാവശ്യവും പോസ്റ്റ് ഓഫിസിൽ ചെന്നന്വേഷിക്കുമ്പോഴും അവർ അവിടെ അതില്ല എന്നു പറയുന്നതുകേട്ട് നിരാശയായി മടങ്ങാറായിരുന്നു പതിവ്. കാരണം ഞാൻ ശരിക്കും ഒരു മോട്ടർ സൈക്കിളിൽ ഒരു സ്റ്റണ്ട് റൈഡറാകാൻ ആഗ്രഹിച്ചു," ടിസി തന്റെ ജോലി അന്വേഷണത്തിന്റെ കഥ വിവരിച്ചു. ഒരു സ്ത്രീ ആയതിനാൽ, അന്നത്തെ കാലത്ത് ഒരു സ്ത്രീ മോട്ടർ സൈക്കിൾ സ്റ്റണ്ട് ചെയ്യാൻ തയ്യാറാകുക എന്നുപറയുന്നത് തന്നെ വളരെ വിരളമായിരുന്നല്ലോ. തന്റെ അപേക്ഷ ഫോം കണ്ട് ഇന്റർവ്യൂവിന് വിളിയ്ക്കുമ്പോൾ സ്ത്രീയാണെന്ന പേരിൽ അത് ലഭിക്കാതെ വരരുതല്ലോ എന്നു കരുതി റിക്രൂട്ട് ചെയ്യുന്നവരെ തന്റെ ലിംഗഭേദം അറിയിക്കാതിരിക്കാൻ താൻ വളരെ ശ്രദ്ധിച്ചിരുന്നുവെന്നും ഹോഡ്‌സൺ പറഞ്ഞു. ഇത്രയും കാലത്തിനുശേഷം അധികൃതർ എങ്ങനെയാണ് തന്നെ കണ്ടെത്തിയതെന്നത് ഇപ്പോഴും അറിയില്ലെന്നും താൻ 50-ഓളം തവണ വീടും നാലോ അഞ്ചോ തവണ രാജ്യങ്ങളും മാറിയ ആളാണെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ അവർ കണ്ടെത്തി എന്നത് അദ്ഭുതമാണെന്നും ടിസി പറയുന്നു.