ചെറുപ്പം നിലനിർത്താൻ ആണോ ആഗ്രഹിക്കുന്നത്? എങ്കിൽ ഈ ഫേസ്മാസ്ക് നിങ്ങൾക്കുള്ളതാണ്
Mail This Article
ചെറുപ്പമായി ഇരിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലെ? എന്നാൽ ഇന്നത്തെ കാലത്ത് ഓരോ വർഷവും കടന്നു പോകുന്നത് അറിയുന്നത് പോലുമില്ല. ഒപ്പം വയസ് കൂടുകയും ചർമത്തിൽ അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കൊളാജന്റെ ഉത്പാദനമാണ് ചർമത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ അകറ്റുന്നത്. ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനാണ് കൊളജൻ. കൊളാജൻ കുറയുമ്പോഴാണ് ചർമത്തിൽ പലപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നത്. പ്രായം 40 അടുക്കുമ്പോഴേക്കും പലപ്പോഴും കൊളാജൻ ഉത്പാദനം കുറഞ്ഞ് വരാറുണ്ട്. കൃത്യമായ ഭക്ഷണക്രമത്തിലൂടെ കൊളാജന്റെ ഉത്പാദനം നമുക്ക് വർധിപ്പിക്കാൻ സാധിക്കും. ചില ഫേസ്മാസ്‌കുകളും അതിന് സഹായിക്കും. അത്തരം ഒരു ഫേസ്മാസ്ക് ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം.
കടലമാവ്
ചർമത്തിലെ അഴുക്കുകൾ കളയാനും നിറം വർധിപ്പിക്കാനുമൊക്കെ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പൊടിക്കൈ ആണ് കടലമാവ്. എല്ലാ വീടുകളിലും ഇത് എളുപ്പത്തിൽ ലഭിക്കുകയും ചെയ്യും. ചർമത്തിലെ കരിവാളിപ്പ് മാറ്റാനും നിറം കൂട്ടാനും, സുഷിരങ്ങൾ വൃത്തിയാക്കാനും അഴുക്കിനെ പുറന്തള്ളാനും ഒക്കെ ഇത് വളരെ നല്ലതാണ്. മുഖക്കുരു ഉള്ളവർക്കും അതുപോലെ ചർമത്തിൽ അമിതമായി എണ്ണമയം ഉള്ളവർക്കും കടലമാവ് മികച്ചതാണ്.
അരിപ്പൊടി
ചർമത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ മികച്ച പരിഹാരമാണ് അരിപ്പൊടി. ചർമത്തിന് നല്ലൊരു സ്ക്രബർ കൂടിയാണ് ഇത്. മാത്രമല്ല ഇത് നിറം വർധിപ്പിക്കുന്നതിനും, ചർമത്തിലെ ചുളിവ് മാറ്റാനും സഹായിക്കുന്നു. മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിനും, കൊളാജന്റെ ഉത്പാദനത്തെ വർധിപ്പിച്ച് തിളക്കം നിലനിർത്താനും അരിപ്പൊടി സഹായിക്കും. ബ്ലാക്ക് ഹെഡ്സും വൈറ്റ്സ് ഹെഡ്സും ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്. നല്ലൊരു ക്ലെൻസർ കൂടിയാണിത്.
നാരങ്ങ നീര്
സിട്രസ് പഴങ്ങൾ പ്രധാനിയായ നാരങ്ങ നിങ്ങളുടെ ചർമത്തിൽ കറുത്തപാടുകൾ നീക്കം ചെയ്യുന്നതിന് പേരുകേട്ടതാണ്. പ്രായാധിക്യം മൂലമുണ്ടാവുന്ന ചർമത്തിലെ ചുളിവുകൾ പരിഹരിക്കാനും കറുത്ത പാടുകളെ സുഖപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും. നിങ്ങൾക്ക് ബ്ലാക്ക്ഹെഡ്ഡുകൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാനായും ഇത് ഉപയോഗിക്കാം.
തയാറാക്കുന്ന വിധം
ഈ പായ്ക്ക് തയ്യാറാക്കാനായി 2 ടേബിൾ സ്പൂൺ നാരങ്ങ നീരിലേക്ക് 1 ടേബിൾ സ്പൂൺ കടലമാവും 1 ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖം വൃത്തിയായി കഴുകിയ ശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലുമിടുക. 15 മുതൽ 20 മിനിറ്റ് വച്ച ശേഷം മുഖം കഴുകി വ്യത്തിയാക്കാവുന്നതാണ്. മികച്ച ഫലത്തിന് ഈ മാസ്ക് ആഴ്ചയിൽ രണ്ട് തവണ വരെ ഉപയോഗിക്കാം.