എട്ടാം വയസ്സിൽ അച്ഛന്റെ മരണം; ആദ്യ സിവിൽ സർവീസ് പരീക്ഷയിൽ പരാജയം: തിരിച്ചടികളിൽ പതറാതെ അപരാജിത
Mail This Article
ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയവരെല്ലാം നടന്നുവന്ന നാൾവഴികൾ പരിശോധിച്ചാൽ കഠിനാധ്വാനത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ചതിന്റെയും സമാനതകളില്ലാത്ത അനുഭവങ്ങൾ കാണാനാവും. സിക്കിമിലെ ആദ്യ വനിത ഐപിഎസ് ഓഫിസർ എന്ന ബഹുമതി സ്വന്തമാക്കിയ അപരാജിത റായിയുടെയും കഥ വ്യത്യസ്തമല്ല. രണ്ടുതവണ സിവിൽ സർവീസ് പരീക്ഷ എഴുതി വിജയിച്ച അപരാജിത ഇന്ന് പൊതുജന സേവന രംഗത്തേയ്ക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് പ്രചോദനമാണ്.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കുന്ന കുടുംബത്തിലാണ് അപരാജിത ജനിച്ചത്. അമ്മ സ്കൂൾ ടീച്ചറും അച്ഛൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറുമായിരുന്നു. എട്ടാം വയസ്സിൽ അപരാജിതയുടെ അച്ഛൻ മരിച്ചു. അത് കഴിഞ്ഞുള്ള കാലയളവിലാണ് സർക്കാർ ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് അപരാജിത തിരിച്ചറിഞ്ഞു തുടങ്ങിയത്. തസ്തിക എത്ര ചെറുതാണെങ്കിലും സർക്കാർ ജോലിയിൽ കയറിയവർ സാധാരണക്കാരായ ജനങ്ങളോട് പല അവസരങ്ങളിലും അവഗണനയോടെ പെരുമാറുന്നുണ്ടെന്ന് മനസ്സിലാക്കാനായി. ഭരണ സംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഈ അവസ്ഥയിൽ മാറ്റം വരുത്തണമെന്ന ചിന്ത അന്നേ അപരാജിതയുടെ മനസ്സിൽ കയറിയതാണ്.
സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ പഠനത്തിൽ എന്നും മികവ് പുലർത്തിയാണ് അപരാജിത മുന്നേറിയത്. ഉയർന്ന മാർക്കിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വെസ്റ്റ് ബംഗാൾ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സ്റ്റഡീസിൽ നിന്നും എൽഎൽബി (ഓണേഴ്സ്)ബിരുദം നേടി. 2009ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും പരാജയമായിരുന്നു ഫലം. എന്നാൽ ലക്ഷ്യത്തിൽ നിന്നും പിന്തിരിയാതെ 2010 ൽ വീണ്ടും പരീക്ഷ എഴുതി. 768-ാം റാങ്കാണ് അന്ന് നേടാനായത്. നിശ്ചയദാർഢ്യത്തോടെ വീണ്ടും പരീക്ഷ എഴുതി മുന്നേറാനായിരുന്നു അപരാജിതയുടെ തീരുമാനം.
അങ്ങനെ 2011 ൽ കൂടുതൽ തയാറെടുപ്പുകളോടെ വീണ്ടും ശ്രമം നടത്തി. ഇത്തവണ 358-ാം റാങ്ക് നേടാനായി. സിവിൽ സർവീസ് പരീക്ഷയിൽ സിക്കിമിൽ നിന്നുള്ള ഒരു വ്യക്തി കരസ്ഥമാക്കുന്ന ഏറ്റവും ഉയർന്ന റാങ്കായിരുന്നു ഇത്. മികച്ച ലേഡി ഔട്ട്ഡോർ പ്രൊബേഷനർക്കുള്ള 1958 ബാച്ച് ഐപിഎസ് ഓഫീസേഴ്സ് ട്രോഫിയടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് ഐപിഎസ് ട്രെയിനിങ് കാലഘട്ടം പൂർത്തിയാക്കിയത്.
സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾ എന്തെങ്കിലും ആവശ്യത്തിന് എത്താൻ മടിക്കുന്ന സാഹചര്യമുണ്ട്. തനിക്ക് മുന്നിൽ എത്തുന്ന ഒരു വ്യക്തിക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുതെന്ന ഉറച്ച നിശ്ചയത്തോടെയാണ് അപരാജിത തൊഴിൽ രംഗത്ത് തുടരുന്നത്. മയക്കുമരുന്ന്-സ്വർണ കള്ളക്കടത്ത് തടയുന്നതടക്കം പല സുപ്രധാന ദൗത്യങ്ങളും വിജയകരമായി പൂർത്തിയാക്കി തൊഴിൽ മേഖലയിൽ ശോഭിക്കാനും അപരാജിതയ്ക്ക് സാധിച്ചിട്ടുണ്ട്.
അച്ഛന്റെ മരണശേഷവും പഠനം തുടരാനും ആഗ്രഹിച്ച മേഖലയിൽ എത്തിച്ചേരാനും പ്രചോദനമായതും പിന്തുണയേകിയതും അമ്മ റോമ റായിയാണ്. ആദ്യവട്ടം സിവിൽ സർവീസ് പരീക്ഷ പാസാകാതെ വന്ന സമയത്ത് നിരാശ തോന്നിയപ്പോഴും റോമയുടെ വാക്കുകളും നൽകിയ ധൈര്യവുമായിരുന്നു മുന്നോട്ടുപോകാനുള്ള ഊർജ്ജം. എത്ര ഉയരങ്ങളിൽ എത്തിയാലും സഹജീവികളോട് കരുണയോടെ പെരുമാറണമെന്നതാണ് അപരാജിതയുടെ നയം. സിവിൽ സർവീസ് എന്ന പേര് അന്വർഥമാക്കിക്കൊണ്ട് തനിക്ക് ചുറ്റുമുള്ളവർക്ക് മാതൃകയായി മാറുകയാണ് അപരാജിത.