വീട്ടുകാർ എതിർത്തു; പ്രണയവും ജീവിതവും ജിമ്മിൽ തന്നെ; ഒടുവിൽ ദേശീയ ചാംപ്യനായി റോസ്മി
Mail This Article
വ്യായാമത്തിനു വേണ്ടി മാത്രം ജിമ്മിൽ പോകുന്നവരാണ് ഏറെയും. എന്നാൽ ഫിറ്റ്നസ്, ബോഡി ബിൽഡിങ് ഇവയെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഒരാളാണ് ഫോർട്ട് കൊച്ചി സ്വദേശി റോസ്മി. ഫിറ്റ്നെസ്സിനോടും ബോഡി ബിൽഡിങ്ങിനോടുമുള്ള അഭിനിവേശം റോസ്മിയെ കൊണ്ടുചെന്നെത്തിച്ചത് ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ് പദവിയിലാണ്. ജിമ്മിൽ തന്നെയാണ് റോസ്മിയുടെ പ്രണയവും പൂവിട്ടത്. ഭർത്താവ് ബിബിന്‍ തന്നെയാണ് റോസ്മിയുടെ പരിശീലകൻ. ബോഡിബിൽഡറാകുന്നതിനു മുൻപ് ഒരു കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു റോസ്മി. ബോഡിബിൽഡിങ്ങിനോടും ഫിറ്റ്നസിനോടുമുള്ള അഭിനിവേശം കൂടിയപ്പോൾ ഖത്തറിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. കുടുംബത്തിന്റെ എതിർപ്പും വിമർശനങ്ങളും മറികടന്ന് കഠിന പ്രയത്നത്തിലൂടെയാണ് റോസ്മി ബോഡിബിൽഡിങ്ങിൽ ദേശീയ ചാംപ്യൻഷിപ്പ് സ്വന്തമാക്കിയത്. അതിരാവിലെ തുടങ്ങുന്ന ചിട്ടയായ പരിശീലനത്തെ കുറിച്ചും ‘ജിം ജീവിത’ത്തെ കുറിച്ചും പറയുകയാണ് റോസ്മിയും ബിബിനും
ഖത്തറിൽ നിന്നെത്തി, പിന്നെ ദേശീയ ചാംപ്യൻ
‘‘എന്റെ ഭർത്താവാണ് ഞാൻ ബോഡി ബിൽഡിങ്ങിലേക്കു വരാനുള്ള കാരണം. 2022ലായിരുന്നു ബോഡി ബിൽഡിങ് ചെയ്തു തുടങ്ങിയത്. ആ സമയത്ത് ഞാന്‍ ഖത്തറിലായിരുന്നു. ബിബിൻ വർക്കൗട്ട് ചെയ്യുന്ന വിഡിയോ അയച്ചു തരണമെന്ന് ആവശ്യപ്പെടുകയും അദ്ദേഹം അത് അയച്ചു തരികയും ചെയ്തിരുന്നു. അതനുസരിച്ച് ഞാൻ സ്വയം പരിശീലനം നടത്തി. അപ്പോഴാണ് മസിലുകൾ പോങ്ങി ശരീരത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. കൂടെതാമസിക്കുന്ന കുട്ടിയോട് എന്റെ പിൻഭാഗത്തെ മസിലുകളുടെ ഫോട്ടോ എടുത്തു തരാൻ പറഞ്ഞു. അപ്പോൾ നല്ലമാറ്റം ഉള്ളതായി കണ്ടു. ആ ഫോട്ടോ ബിബിന് അയച്ചു കൊടുത്തു. മസിലുകൾ നന്നായി ഫോം ചെയ്തിട്ടുണ്ടെന്ന് ബിബിൻ പറഞ്ഞു. നീ നാട്ടിൽ വരികയാണെങ്കിൽ നമുക്ക് ബോഡി ബിൽഡിങ് ഇവിടെ പരിശീലിക്കാമെന്നു പറഞ്ഞു. അങ്ങനെ 2023 ജൂലൈയില്‍ ഞാൻ നാട്ടിൽ തിരിച്ചെത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളത്ത് ആദ്യത്തെ മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാന തല മത്സരം നടന്നു. അതിൽ സെക്കന്റ് റണ്ണറപ്പായി. അപ്പോഴാണ് ബൈക്കിൽ നിന്ന് വീണ് തോളെല്ലിനു പരുക്കേറ്റത്. അതുകൊണ്ടുതന്നെ കുറച്ചുകാലം വർക്കൗട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. പരുക്ക് ഭേദമായപ്പോഴാണ് ബോഡിബിൽഡിങ് വനിതാ ദേശീയ ചാംപ്യൻഷിപ്പ് മത്സരം നവംബറിൽ നടക്കുന്നതായി അറിഞ്ഞത്. ബിബിനോട് അതേകുറിച്ച് സംസാരിച്ച് പരിശീലനം തുടങ്ങുകയായിരുന്നു. ബിബിന്‍ തന്നെയാണ് അതിനു വേണ്ടി എന്നെ പരിശീലിപ്പിച്ചത്. അങ്ങനെ ദേശീയതലത്തിലുള്ള മത്സരത്തിനു പോയി. ദേശീയ തലത്തിൽ ഫസ്റ്റ് റണ്ണറപ്പായി.’’
ജിമ്മിൽ പോവുകയോ? വേണ്ടെന്ന് വീട്ടുകാർ
‘‘ചെറുപ്പം മുതലേ ഫിറ്റ്നസിൽ താത്പര്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ തന്നെ വർക്കൗട്ടുകൾ ചെയ്തിരുന്നു. ജിമ്മിൽ പോകാൻ വീട്ടിൽ നിന്ന് അനുവാദം ഉണ്ടായിരുന്നില്ല. ജിമ്മിൽ പോകേണ്ട കാര്യമില്ലെന്നായിരുന്നു വീട്ടുകാരുടെ മനോഭാവം. അവർക്ക് ജിം ട്രെയിനർ ജോലിയൊന്നും സ്വീകാര്യമായിരുന്നില്ല. ഞാൻ ഒരു അക്കൗണ്ടന്റായി വർക്ക് ചെയ്യുകയായിരുന്നു. ജിം പരിശീലകയാകാൻ പഠിക്കാൻ പോകണമെന്നു പറഞ്ഞപ്പോൾ വീട്ടിൽ വലിയ എതിർപ്പായിരുന്നു. എന്റെ ജോലിയെല്ലാം രാജിവച്ച് വാശിപിടിച്ചായിരുന്നു ഞാൻ കോഴ്സ് പഠിക്കാൻ പോയത്. കോഴ്സ് പഠിച്ചതിനു ശേഷം അതിൽ തന്നെ നിൽക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴായിരുന്നു കോവിഡ് വന്നത്. ആ സമയത്ത് മിക്ക ജിമ്മുകളും അടച്ചു. പിന്നെയും കുറേകാലം ജോലിയില്ലാതെ നിൽക്കേണ്ടി വന്നു. അതിനു ശേഷം ജിമ്മുകൾ തുറന്നപ്പോൾ ഞാൻ ഒരു ജിമ്മിൽ പരിശീലകയായി പോകാൻ തുടങ്ങി. പിന്നീട് ഖത്തറിൽ ജോലി കിട്ടി അവിടേക്കു പോയി.’’–റോസ്മി പറഞ്ഞു
ജിമ്മിൽ പൂവിട്ട പ്രണയം
‘‘ജിമ്മില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഞങ്ങളിരുവരുടെയും ലക്ഷ്യവും കാഴ്ചപ്പാടും ഒന്നുതന്നെയായിരുന്നു. ആദ്യം മുതൽ തന്നെ എനിക്ക് റോസ്മിയെ ഇഷ്ടമായിരുന്നു. അവൾ ഖത്തറിൽ പോയതിനു ശേഷം മാത്രമാണ് ഞാൻ ഇക്കാര്യം അറിയിക്കുന്നത്. റോസ്മിക്ക് ജിമ്മിൽ വലിയ താത്പര്യമുണ്ടെന്നു മനസ്സിലായപ്പോൾ അവളോട് കൂടുതൽ ഇഷ്ടം തോന്നി. എപ്പോഴും ശരീരം ഫിറ്റായിരിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. അതിനുള്ള പരിശീലനം നൽകാൻ എനിക്കും ഇഷ്ടമാണ്. തുടർന്ന് അവൾക്കു ബോഡി ബിൽഡിങ് കൂടുതൽ ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. എങ്കിൽ നാട്ടിൽ വരാൻ പറഞ്ഞു. എന്നാൽ വീട്ടിൽ ആർക്കും സമ്മതമായിരുന്നില്ല. പിന്നീട് അവൾ നാട്ടിൽ വരികയും ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇപ്പോൾ എനിക്ക് അവളെയും അവൾക്ക് എന്നെയും പരസ്പരം സഹായിക്കാൻ കഴിയുന്നുണ്ട്. അങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. റോസ്മിയും ഞാനും പുതിയ മത്സരങ്ങളിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ്.’’– ബിബിൻ പറഞ്ഞു.
അതിരാവിലെ തുടങ്ങുന്ന ചിട്ടയായ പരിശീലനം
‘‘രാവിലെ ആറുമുതൽ റോസ്മി ജിമ്മിൽ സജീവമാണ്. വൈകിട്ട് മൂന്നുമണി വരെ ജിമ്മിലായിരിക്കും. തുടർന്ന് വീട്ടിലെത്തി അൽപം വിശ്രമിച്ച ശേഷം ഏഴരയോടെ റോസ്മി വീണ്ടും ജിമ്മിലേക്ക്. ഞങ്ങളിരുവരും വർക്കൗട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ ഭക്ഷണം പാചകം ചെയ്യുന്നതിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കൃത്യമായ ഡയറ്റ് പിന്തുടരണം. അതുകൊണ്ടു തന്നെ ഇരുവർക്കും കഴിക്കാനുള്ള അഞ്ചോ ആറോ തരത്തിലുള്ള ഭക്ഷണം തയാറാക്കി രാത്രി തന്നെ ഫ്രിജിൽ സൂക്ഷിക്കും. രാവിലെ ചൂടാക്കി കഴിക്കും. അങ്ങനെയാണ് ഒരു ദിവസത്തെ ദിനചര്യ.’’– ബിബിൻ വ്യക്തമാക്കുന്നു.