ലക്ഷ്യങ്ങളുണ്ടായിരുന്നില്ല; എന്നിട്ടും ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ മുൻനിരയിൽ: വേറിട്ടവഴികളിൽ നടന്ന പ്രിയങ്ക
Mail This Article
പ്രിയങ്ക ചോപ്രയെപ്പോലെ ബോളിവുഡിലും ഹോളിവുഡിലും ഒരേപോലെ പേരെടുത്ത് കരിയർ അങ്ങേയറ്റം വിജയമാക്കിയ അഭിനേതാക്കൾ ഇല്ല എന്നുതന്നെ പറയാം. ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും പ്രിയങ്ക ചോപ്ര മുൻനിരക്കാരിയാണ്. എന്നാൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം എന്ന നിലയിലേയ്ക്കുള്ള തന്റെ വളർച്ച കൃത്യമായ ലക്ഷ്യബോധത്തോടെ നീങ്ങിയതിന്റെ ഫലമല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോൾ. ശരിയായ പാതയിലേയ്ക്ക് എത്തിക്കാനുള്ള അവസരങ്ങൾ ജീവിതം തനിക്ക് മുന്നിൽ തുറന്നു വയ്ക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു വിജയത്തിലേയ്ക്കുള്ള തന്റെ വഴി തികച്ചും വ്യത്യസ്തമായിരുന്നു എന്ന് പ്രിയങ്ക തുറന്നു പറഞ്ഞത്. ഏതെങ്കിലും ഒരു മേഖലയിൽ എത്തിപ്പെടണമെന്ന ഉറച്ച തീരുമാനം ഒരിക്കലും ഉണ്ടായിരുന്നില്ല. ഓരോ ദിവസവും ആഗ്രഹങ്ങൾ മാറിമറിഞ്ഞു കൊണ്ടേയിരുന്നു. ജീവിതലക്ഷ്യം എന്നൊന്ന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചതേയില്ല. പതിനേഴാം വയസ്സിലാണ് കരിയർ കെട്ടിപ്പടുത്തു തുടങ്ങിയത്. താൻ എന്താണ് ചെയ്യേണ്ടതെന്നും ഏതു മേഖലയിൽ എത്തിപ്പെടണമെന്നും ദൈവം തീരുമാനിച്ച് വഴി മുന്നിൽ കൊണ്ടുവരികയായിരുന്നു എന്നാണ് തുടക്കത്തെക്കുറിച്ച് പ്രിയങ്ക വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങളും വഴിത്തിരിവുകളും എങ്ങനെയൊക്കെയോ ഗുണകരമായും സന്തോഷകരമായും ഭവിക്കുകയായിരുന്നു. ഒരുപക്ഷേ ദൈവികമായ ഒരു ഇടപെടലാവാം ഇക്കാര്യത്തിൽ ഉണ്ടായതെന്നും താരം വിശ്വസിക്കുന്നുണ്ട്. എന്നാൽ ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ എന്നും പ്രിയങ്ക ചോപ്രയ്ക്ക് കഴിഞ്ഞിരുന്നു. മറ്റൊരു ചോദ്യത്തിന് മറുപടിയായി കൂടുതൽ സമയം ഉറങ്ങാൻ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും പ്രിയങ്ക പറയുന്നു. എന്നാൽ തിരക്കുകൾക്കിടയിൽ പലപ്പോഴും ഇതിന് സാധിക്കാറുമില്ല.
തീവ്രമായ ആഗ്രഹങ്ങളാണ് വിജയത്തിലേയ്ക്ക് എത്തിക്കുന്നത് എന്ന സമൂഹത്തിന്റെ പൊതുകാഴ്ചപ്പാട് തിരുത്തിക്കുറിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രിയങ്ക നടത്തിയിരിക്കുന്നത്. വിജയം കൈവരിക്കുന്നതിന് കൃത്യമായ ആസൂത്രണവും കരിയറിനെക്കുറിച്ച് വ്യക്തമായ മാർഗരേഖയും ഉണ്ടാകണമെന്ന വിശ്വാസത്തെ വെല്ലുവിളിക്കുന്ന കാഴ്ചപ്പാടാണിത്. ശരിയായ ദിശാബോധം ഇല്ലാതെയുള്ള ജീവിതം എല്ലാവരെയും വിജയത്തിലേയ്ക്ക് എത്തിക്കുമെന്ന് പറയാനാകില്ല എന്നാണ് ഇതേക്കുറിച്ച് പൊതുവേ ഉയരുന്ന അഭിപ്രായം. ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള ഇത്തരമൊരു സമീപനം പ്രിയങ്കയുടേതുപോലെ എപ്പോഴും ശുഭ പര്യവസായിയാകുമെന്ന് ഉറപ്പിച്ചു പറയാനാകുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
എന്നാൽ ഒരു പരിധിവരെ ഇത്തരം കാഴ്ചപ്പാടുകൾ ചിലർക്കെങ്കിലും ഗുണകരമാകുമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. മുൻകൂട്ടി ഒരു പാത തയാറാക്കി അതിലൂടെ മാത്രം നടന്ന് വിജയത്തിലേക്കെത്തുക എന്നത് മാനസിക സമ്മർദവും പിരിമുറുക്കവും കൂട്ടുന്ന കാര്യമാണ്. ഭാവിയെ നിയന്ത്രിച്ചു നിർത്താൻ മുൻകൂട്ടി നടത്തുന്ന ഇത്തരം ശ്രമങ്ങൾ അമിത പ്രതീക്ഷകൾക്കും വഴി വയ്ക്കും. വ്യക്തിപരവും മാനസികവുമായ വളർച്ചയ്ക്ക് ഈ സാഹചര്യം തടസ്സം നിന്നേക്കാം. മുൻകൂട്ടി പദ്ധതിയില്ലാതെ തേടിയെത്തുന്ന അവസരങ്ങൾ സ്വയം തിരിച്ചറിയുന്നതിനും വ്യക്തിത്വം നവീകരിക്കുന്നതിനും വഴിയൊരുക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.